എന്‍. ശ്രീജിത്ത്

മുംബൈ: ബോളിവുഡിന്റെ താരനടനും ഗുസ്തിവീരനും രാജ്യസഭാംഗവുമായിരുന്ന ധാരാസിങ് (83) മുംബൈയിലെ ജുഹുവിലെ വസതിയില്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 7.30 ന് ആയിരുന്നു അന്ത്യം. കഴിഞ്ഞ ശനിയാഴ്ച കോകിലാബെന്‍ അംബാനി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ബുധനാഴ്ച രാത്രിയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. മകന്‍ വിധു ധാരാസിങ്ങാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിലയില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഹൃദ്രോഗത്തെ തുടര്‍ന്ന് അന്ധേരി കോകിലാബെന്‍ ആസ്പത്രിയില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തം കട്ടപിടിച്ചത് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ധാരാസിങ്ങിന്റെ ഭാര്യയ്ക്ക് ആസ്പത്രിയില്‍ കഴിയാനാവുമായിരുന്നില്ല. ഇതും അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിന് കാരണമായി. വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടര്‍ന്ന അദ്ദേഹത്തെ ഈ സംവിധാനങ്ങള്‍ക്കൊപ്പമാണ് വീട്ടിലേക്ക് മാറ്റിയത്. ഒരു ഡോക്ടറും നഴ്‌സും അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് ഡയാലിസിസിനും വിധേയനാക്കിയിരുന്നു.
1928 നവംബര്‍ 19-ന് അമൃത്‌സറിലെ ധര്‍മൂചക് ഗ്രാമത്തിലെ ജാഠ് സിഖ് കുടുംബത്തില്‍ പിറന്ന ധാരാസിങ്ങിന് ചെറുപ്പത്തില്‍ത്തന്നെ പ്രണയം ഗുസ്തിയോടായിരുന്നു. ഇന്ത്യന്‍ രീതിയിലുള്ള ഗുസ്തി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ധാരാസിങ് പിന്നീട് സിനിമയിലും രാഷ്ട്രീയത്തിലും തന്‍േറതായ സ്ഥാനമുറപ്പിച്ചു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ പര്യടനം നടത്തി നിരവധി കൊമ്പന്മാരെ ഗുസ്തിയില്‍ തറപറ്റിച്ചു. ഓറിയന്റല്‍ ചാമ്പ്യന്‍ കിംങ്‌കോങ്, കനേഡിയന്‍ താരം ജോര്‍ജ് ഗോര്‍ഡിയങ്കോ, ന്യൂസിലന്‍ഡ് താരം ജോണ്‍ ഡിസില്‍വ തുടങ്ങി സിങ്ങിന്റെ മെയ്ക്കരുത്തില്‍ അടിതെറ്റിയവര്‍ നിരവധിയായിരുന്നു. 1968-ല്‍ പോളണ്ടുകാരനായ ജോര്‍ജ് സിബിസ്‌ക്കോയെ തോല്പിച്ച് ഗുസ്തിയില്‍ ലോകചാമ്പ്യന്‍ പട്ടവും നേടി.
ഗുസ്തി മത്സരങ്ങളില്‍ തുടരെത്തുടരെ വിജയിച്ചതോടെ ധാരാസിങ്ങിനെത്തേടി പ്രശസ്തിയെത്തി. തന്റെ എല്ലാ എതിരാളികളെയും അവരവരുടെ നാടുകളില്‍പ്പോയി തോല്പിച്ച ഏക ഗുസ്തിക്കാരന്‍ ധാരാസിങ്ങാണ്. 1983-ല്‍ ഈ ലോകപ്രതിഭ ഗുസ്തിയുടെ ലോകത്തുനിന്ന് തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ പടികളിറങ്ങി. അപ്പോഴേക്കും 500-ലേറെ പ്രൊഫഷണല്‍ ഗുസ്തി റിങ്ങുകളില്‍ അദ്ദേഹം വിജയക്കൊടി പാറിച്ചിരുന്നു. ധാരാസിങ്ങിന്റെ പ്രകടനം നേരില്‍ കാണാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ നിരവധിയാണ്. ജവാഹര്‍ലാല്‍ നെഹ്രു, ചരണ്‍ സിങ്, മൊറാര്‍ജിദേശായ്, ചന്ദ്രശേഖര്‍, രാജീവ് ഗാന്ധി എന്നിവരെല്ലാം ധാരയുടെ പ്രകടനം കണ്ട് അഭിനന്ദങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ നടത്തിയ വിരമിക്കല്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടകന്‍ രാജീവ് ഗാന്ധിയായിരുന്നു. മുന്‍ രാഷ്ട്രപതി ഗ്യാനി സെയില്‍സിങ്ങില്‍നിന്നുമാണ് അദ്ദേഹം ട്രോഫി ഏറ്റു വാങ്ങിയത്. 2003-മുതല്‍ 2009-വരെ രാജ്യസഭാംഗമായിരുന്നു.
ഫേലി ജലക് (1956), കിങ് കോങ് (1962), രുസ്തം ഇ-ബാഗ്ദാദ് (1963), ഫൗലാദ് (1963), വീര്‍ ഭീംസെന്‍ (1964), സാംസണ്‍ (1964), ഹെര്‍ക്കുലീസ് ( 1964), ധാരാസിങ്-അയേണ്‍മാന്‍ (1964), ബാദ്ഷാ (1964), ബോക്‌സര്‍ (1965), തൂഫാന്‍ (1969), അപ്നാ ഖൂന്‍ അപ്നാ ദുഷ്മന്‍ (1969), മേരാ നാം ജോക്കര്‍ (1970), രാമു ഉസ്താദ് (1971), ലല്‍കാര്‍ (1972), മേരാ ദേശ് മേരാ ധരം (1973), ഹം സബ് ചോര്‍ ഹെ (1973), ചംബല്‍ കീ റാണി (1979), ഖേല്‍ മുഖാദര്‍ കാ (1981), രുസ്തം (1982), കൃഷ്ണ-കൃഷ്ണ (1986) തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ധാരാസിങ് അഭിനയിച്ചു. 'മുത്താരംകുന്ന് പി.ഒ.' എന്ന മലയാള സിനിമയിലൂടെ അദ്ദേഹം മലയാള ആരാധകരുടെയും ഹൃദയം കൈയടക്കിയിരുന്നു. ധാരാസിങ്ങിനെ ഏറ്റവും പ്രശസ്തനാക്കിയത് രാമാനന്ദ് സാഗറിന്റെ പ്രശസ്ത ടി.വി. സീരിയലായ 'രാമായണി' ലെ ഹനുമാന്‍ വേഷമാണ്.
1978-ല്‍ മൊഹാലിയില്‍ പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ച ധാരാ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. 1962ല്‍ അഭിനയ രംഗത്തേക്ക് കടന്നുവന്ന സിങ് നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. അവസാനം അഭിനയിച്ചത് 'ജബ് വി മെറ്റ്' എന്ന ഹിന്ദി ചിത്രത്തിലാണ്. വിലെപാര്‍ലെ ശ്മശാനത്തിലാണ് അന്ത്യകര്‍മങ്ങള്‍ നടന്നത്.
മൂന്ന് പുത്രന്മാരും മൂന്ന് പുത്രിമാരും ഉണ്ട്.