ഉണ്ണിത്താന്‍ വധശ്രമക്കേസ്: അന്വേഷണം തുടരുന്നുവെന്ന് സി.ബി.ഐ.

Posted on: 11 Jul 2012



കൊല്ലം: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടോ എന്നത് സി.ബി.ഐ.വിശദമായി അന്വേഷിച്ചുവരികയാണെന്ന് സി.ബി.ഐ. ജോ. ഡയറക്ടര്‍. പി.ടി.തോമസ് എം.പി.യെയാണ് കത്തുമുഖേന ഇക്കാര്യം ചെന്നൈയിലെ സി.ബി.ഐ.ജോ. ഡയറക്ടര്‍ അറിയിച്ചത്.

ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ സി.ബി.ഐ.സംഘം ശ്രമിക്കുന്നുവെന്ന സംശയം ഉന്നയിച്ച് പി.ടി.തോമസ് എം.പി.നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് കൊടുത്തിരുന്നു. സി.ബി.ഐ.ഡയറക്ടര്‍ക്കു വേണ്ടിയാണ് താന്‍ ഇക്കാര്യം അറിയിക്കുന്നതെന്ന് ജോ. ഡയറക്ടര്‍ കത്തില്‍ എടുത്തുപറയുന്നുണ്ട്.

''ഉണ്ണിത്താന്‍ വധശ്രമക്കേസ് സംസ്ഥാന ക്രൈംബ്രാംഞ്ച് അന്വേഷിച്ചപ്പോള്‍ ഡി.ഐ.ജി. എസ്. ശ്രീജിത്തിനായിരുന്നു മേല്‍നോട്ടച്ചുമതല. എസ്.പി. സാം ക്രിസ്റ്റി ഡാനിയേല്‍ അന്വേഷണ ഉദ്യോഗസ്ഥനും. ഉണ്ണിത്താന്റെ മൊഴിയെടുത്തത് സാം ക്രിസ്റ്റിയാണ്. സാം ക്രിസ്റ്റിയെ സി.ബി.ഐ.സംഘം തങ്ങളുടെ അന്വേഷണത്തിനിടെ ചോദ്യംചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ ഡിവൈ.എസ്.പി. എന്‍.എ.റഷീദിനെ സി.ബി.ഐ.ഏപ്രില്‍ 16ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്നതിനെപ്പറ്റി വളരെ വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്''- കത്തില്‍ പറയുന്നു. ജൂണ്‍ 26 നാണ് കത്ത് ചെന്നൈയില്‍നിന്ന് അയച്ചിരിക്കുന്നത്. ജൂലായ് അഞ്ചിന് ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ. എറണാകുളം സി.ജെ.എം.കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്വേഷണം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കത്തില്‍നിന്ന് വ്യക്തമാകുന്നത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/