വ്യാജ സി.ഡി റെയ്ഡ്: എസ്.പി മീണയെ മാറ്റി
Posted on: 06 Jul 2012
തിരുവനന്തപുരം: വ്യാജ സി.ഡികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ആന്റി പൈറസി സെല്‍ എസ്.പി. രാജ്പാല്‍ മീണയെ മാറ്റി.
എട്ടുമാസങ്ങള്‍ക്ക് മുമ്പ് രൂപവത്കരിച്ച ആന്റി പൈറസി സെല്ലിന്റെ ചുമതല ആറുമാസം മുമ്പാണ് മീണ ഏറ്റെടുത്തത്. പൂജപ്പുരയിലെ വിജിലന്‍സ് സെല്ലിലേക്കാണ് മീണയെ മാറ്റിയത്.
ആറുമാസത്തിനിടെ രണ്ടുലക്ഷത്തോളം സി.ഡികളാണ് രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജ സി.ഡി. റെയ്ഡ് ശക്തമായതോടെ ശരാശരി നിലവാരമുള്ള സിനിമകള്‍പോലും തിയേറ്ററുകളില്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചു. തിയേറ്റര്‍ വഴി സിനിമകള്‍ റെക്കോര്‍ഡ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത് തടഞ്ഞായിരുന്നു മീണയുടെ സംഘം വ്യാജ സി.ഡി. നിര്‍മ്മാണത്തിന് തടയിട്ടത്. 'സ്വപ്നസഞ്ചാരി' എന്ന സിനിമ ബാംഗ്ലൂരില്‍വെച്ച് വ്യാജമായി നിര്‍മിച്ച കേസില്‍ 13 പേരെ പിടികൂടി. ഈ കേസിലെ പ്രധാനിയായ വര്‍ക്കല സ്വദേശി പ്രേംകുമാര്‍ ഇപ്പോള്‍ ലണ്ടനില്‍ ഒളിവിലാണ്.
ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയില്‍ വ്യാജ സി.ഡി വിതരണം ചെയ്യുന്ന ജെ.കെ. എന്ന ചെന്നൈ സ്വദേശിയെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വ്യാജ സി.ഡികളും അശ്ലീല സി.ഡികളും വില്പന നടത്തുന്നത് ബീമാപള്ളി കേന്ദ്രീകരിച്ചാണ്. ജെ.കെ. ആണ് ഇവിടേക്ക് സി.ഡി. എത്തിക്കുന്നത്. ബീമാപള്ളിയില്‍ നിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടുപോയ 3000 സി.ഡികള്‍ കഴിഞ്ഞദിവസം ആന്റി പൈറസി സെല്‍ പിടികൂടിയിരുന്നു.
ബീമാപള്ളി സ്വദേശി ബാദുഷ എന്ന ആള്‍ക്ക് കൊണ്ടുവന്ന ഒന്നര ലക്ഷത്തോളം സി.ഡികള്‍ പൈറസി സെല്‍ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച് കഴക്കൂട്ടം, വഞ്ചിയൂര്‍, മ്യൂസിയം പോലീസ് സ്റ്റേഷനുകളില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ബാദുഷയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. നിരന്തരമായി ഇത്തരം കേസില്‍പ്പെടുന്ന ഇയാളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന സത്യവാങ്മൂലം നല്‍കാനിരിക്കവേയാണ് പൈറസി സെല്‍ തലവനെ മാറ്റിയത്. വ്യാജ സി.ഡി. വില്പന നടത്തുന്ന ബീമാപള്ളിയിലെ എട്ടുപേരെ ഗുണ്ടാപട്ടികയില്‍പ്പെടുത്താനുള്ള റിപ്പോര്‍ട്ട് ആന്റി പൈറസി സെല്‍ തയ്യാറാക്കിവരികയാണ്.
തൃശ്ശൂരില്‍ പോലീസുകാരന്റെ മകന്‍ മലയാള സിനിമ അപ്‌ലോഡ് ചെയ്യുന്നതിനിടെ പിടികൂടിയതിന്റെ സാങ്കേതികവിദ്യ അറിയാന്‍ അന്യസംസ്ഥാനങ്ങളിലെ പോലീസ് ആന്റി പൈറസി സെല്ലുമായി ബന്ധപ്പെട്ടിരുന്നു. ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദധാരിയായ മീണയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിലാണ് അപ്‌ലോഡുകള്‍ പിടികൂടാന്‍ കഴിഞ്ഞത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam