സുധാകരനെതിരായ വെളിപ്പെടുത്തലില്‍ കേസെടുക്കണം - പിണറായി

Posted on: 06 Jul 2012



കൊട്ടാരക്കര: സുധാകരനെതിരായ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും രക്തത്തില്‍ ധിക്കാരം കലര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം. കൊട്ടാരക്കര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തങ്ങള്‍ കുഞ്ഞ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ജയരാജനെ വെടിവച്ച ആളുകള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്. അപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍ തുടരന്വേഷണം നടത്തേണ്ടതാണ്. അതിനുവേണ്ടത് നിഷ്പക്ഷരായ പോലീസ് ഉദ്യോഗസ്ഥരായിരിക്കണം. ഇരട്ടക്കൊലപാതക കേസില്‍ പ്രധാനപ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ അന്വേഷണസംഘത്തിന്റെ തലപ്പത്ത് വരുമ്പോള്‍ അത് സ്വീകാര്യമാകില്ല.

ടി.പി.ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ കുടുക്കാമെന്ന അതിമോഹത്തിലാണ് യു.ഡി.എഫ്. നീങ്ങുന്നത്. അതിനുവേണ്ടി രക്തത്തില്‍ ധിക്കാരം കലര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏല്പിച്ചു. അദ്ദേഹം അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മുതലെടുക്കുകയാണ്. ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും എന്തുമാകാം എന്ന ഭാവം കൈവന്നിരിക്കുന്നു. സി.പി.എമ്മിനെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തിരുവഞ്ചൂര്‍ പോലീസിനെ അധഃപതിപ്പിച്ചിരിക്കുകയാണ് - പിണറായി പറഞ്ഞു.

സി.പി.എം കൊട്ടാരക്കര ലോക്കല്‍ സെക്രട്ടറി പി.ശിവരാമന്‍ അധ്യക്ഷനായി. അഡ്വ. പി.അയിഷാപോറ്റി എം.എല്‍.എ., ആര്‍.സഹദേവന്‍, വരദരാജന്‍, ബി.രാഘവന്‍, അഡ്വ. വി.രവീന്ദ്രന്‍ നായര്‍, ഏരിയാ സെക്രട്ടറി എസ്.ആര്‍.രമേശ്, പി.എ.എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/