
വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചതിന് സി.പി.എം സംസ്ഥാനസമിതി അംഗവും, എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ കെ.കെ.രാഗേഷിനെതിരെ കേസെടുത്തു.
ഐ.പി.സി 212-ാം വകുപ്പുപ്രകാരം കുറ്റവാളികളെ ഒളിപ്പിച്ചതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പാണിത്. സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റിയംഗമായ കുഞ്ഞനന്തനെ ഒളിപ്പിച്ചതിന് പ്രത്യേകാന്വേഷണസംഘം നേരത്തേ അറസ്റ്റുചെയ്ത എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സരിന്‍ ശശിയുടെ മൊഴിയെത്തുടര്‍ന്നാണ് കേസ്. രാഗേഷിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ കുഞ്ഞനന്തനെ ഒളിപ്പിക്കാന്‍ സഹായിച്ചതെന്നതായിരുന്നു സരിനിന്റെ മൊഴി. ഇതുപ്രകാരം ഒരാഴ്ചമുമ്പ് അന്വേഷണസംഘംമുമ്പാകെ ഹാജരാകാന്‍ രാഗേഷിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കാലിന്റെ മുട്ടുവേദനകാരണം 20 ദിവസത്തേക്ക് എത്താന്‍ കഴിയില്ലെന്ന് രാഗേഷ് മറുപടി നല്‍കി. ഒരാഴ്ച കാത്തുനിന്നശേഷമാണ് പോലീസ് കേസെടുത്തത്. ഇതോടെ രാഗേഷും ഈ കേസില്‍ അറസ്റ്റിലാകുമെന്നുറപ്പായി.
ഇതിനിടെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് മൂന്നുപേര്‍കൂടി അറസ്റ്റിലായി. പാനൂര്‍ സ്വദേശികളായ കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറി പൊന്നത്ത് കുമാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ പൊന്നത്ത് രാജന്‍, ചെറുപറമ്പില്‍ കളത്തില്‍ യൂസഫ് എന്നിവരാണ് പിടിയിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ജനാര്‍ദനന്‍, സന്തോഷ് എന്നിവരെ പോലീസ് വിട്ടയച്ചു.
ടി.പി വധക്കേസില്‍ സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാകമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. ഈ കേസില്‍ അശോകന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. തുടര്‍ന്നാണ് വീണ്ടും റിമാന്‍ഡ് നീട്ടിയത്.
സിംകാര്‍ഡ് സംഘടിപ്പിച്ചുനല്‍കിയതിനും വ്യാജ രേഖ ചമച്ചതിനും റിമാന്‍ഡില്‍ കഴിയുന്ന ജാബിര്‍, അഫ്‌സല്‍ എന്നിവരുടെ റിമാന്‍ഡ് കാലാവധിയും 19 വരെ നീട്ടി. കസ്റ്റഡികാലാവധി തീര്‍ന്ന സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.