മലബാര്‍ സിമന്റ്‌സ്: ഉദ്യോഗസ്ഥരെ ഒഴിവാക്കിയത് ഇടപാടുകളില്‍ നേരിട്ട് പങ്കില്ലാത്തതിനാലെന്ന് സര്‍ക്കാര്‍

Posted on: 06 Jul 2012



കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ നേരിട്ട് പങ്കില്ലെന്ന് കണ്ടതിനാലാണ് മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ വിജിലന്‍സ് അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സര്‍ക്കാരിന് വേണ്ടി വിജിലന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ. മധു ഹൈക്കോടതിയെ അറിയിച്ചു. അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കെ.ഐ. അബ്ദുള്‍ റഷീദ് മുഖേന നല്‍കിയ ഈ സത്യവാങ്മൂലം ഹൈക്കോടതി പിന്നീട് പരിഗണിക്കും. മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനെതിരെ ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടെക്ഷന്‍കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജോണ്‍ മത്തായിക്ക് പുറമേ, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ പി.കൃഷ്ണകുമാര്‍, ഫൈനാന്‍സ് അഡീഷണല്‍ ഡയറക്ടര്‍ പത്മനാഭന്‍ നായര്‍ എന്നിവരെയാണ് അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. മലബാര്‍ സിമന്റ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളുമായിരുന്നു ഇവര്‍ മൂന്നുപേരും.

അഴിമതി ആരോപിക്കപ്പെടുന്ന ഇടപാടുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും വിജിലന്‍സിനും ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. എക്‌സ് ഒഫീഷ്യോ ചെയര്‍മാനും അംഗങ്ങളായിരുന്നതിനാല്‍ വിവാദ കരാറുകളില്‍ നേരിട്ട് പങ്കില്ലെന്ന വിശദീകരണം വിലയിരുത്തിയാണ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഉല്‍പന്നത്തിന്റെ ഗുണനിലവാര പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള തീരുമാനങ്ങള്‍, റവന്യൂ ഘടകങ്ങള്‍ മാത്രം വിലയിരുത്തി അംഗീകരിക്കുക മാത്രമാണ് ഡയറക്ടര്‍ ബോര്‍ഡ് ചെയ്തിരുന്നത്. ഇത്തരത്തില്‍ വസ്തുതകള്‍ വിലയിരുത്തി യുക്തമെങ്കില്‍ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

മലബാര്‍ സിമന്റ്‌സിന് വേണ്ടി തമിഴ്‌നാട്ടില്‍ നിന്ന് ഫ്‌ളൈ ആഷ്, ചുണ്ണാമ്പുകല്ല് തുടങ്ങിയവ വാങ്ങി ഇവിടെ എത്തിച്ചതിലെ ക്രമക്കേട് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/