ഒളിമ്പിക്‌സിന് ഇന്ത്യയ്ക്ക് ജംബോസംഘം

Posted on: 06 Jul 2012


പി.ടി. ബേബി



ലണ്ടനിലേക്ക് പോകുന്നത് ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘം. 53 ഇനങ്ങളിലായി 80 കായികതാരങ്ങളാണ് മുപ്പതാമത് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. അത്‌ലറ്റിക്‌സില്‍ യോഗ്യത നേടാനുള്ള അവസാനദിവസം ഞായറാഴ്ചയാണ്. ഇനിയും കൂടുതല്‍ താരങ്ങള്‍ യോഗ്യത നേടാനുള്ള സാധ്യത വിദൂരവും.

കഴിഞ്ഞ ബെയ്ജിങ് ഒളിമ്പിക്‌സിന് 56 ഇന്ത്യന്‍ അത്‌ലറ്റുകളാണ് യോഗ്യത നേടിയിരുന്നത്. ചരിത്രത്തിലാദ്യമായി ഹോക്കി ടീം യോഗ്യത നേടാതെ പോയതാണ് ബെയ്ജിങ്ങിലേക്കുള്ള എണ്ണം കുറഞ്ഞുപോയത്. എന്നാല്‍പ്പോലും ഇത്തവണ കൂടുതല്‍ അത്‌ലറ്റുകള്‍ ടിക്കറ്റ് ഉറപ്പാക്കി.

2008-ല്‍ 31 പുരുഷ അത്‌ലറ്റുകളും 25 വനിതാ അതല്റ്റുകളാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. ഇത്തവണ പുരുഷന്മാരുടെ എണ്ണം വളരെ കൂടിയപ്പോള്‍ (57) വനിതകളുടെ എണ്ണം കുറഞ്ഞു (23). എങ്കിലും ഇതാദ്യമായി ഒരു ഇന്ത്യന്‍ വനിത, ബോക്‌സിങ്ങില്‍ മത്സരിക്കുന്നു എന്ന വിശേഷമുണ്ട്. ഒളിമ്പിക്‌സിലെ എക്കാലത്തെയും മികച്ച നേട്ടമാണ് ബെയ്ജിങ്ങില്‍ ഇന്ത്യ സ്വന്തമാക്കിയത് - ഒരു സ്വര്‍ണവും രണ്ട് വെങ്കലവും. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം ഒരു ഇന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത സ്വര്‍ണമായിരുന്നു. ബെയ്ജിങ്ങിനെ മറികടക്കുന്ന നേട്ടങ്ങള്‍ ലണ്ടനില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു.

ഷൂട്ടിങ്, ബോക്‌സിങ്, ഗുസ്തി, ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ ഇനങ്ങളിലാണ് ഇന്ത്യ ലണ്ടനില്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നത്. ഷൂട്ടിങ്ങില്‍ മെഡലില്ലാതെ ഇന്ത്യ ലണ്ടനില്‍ നിന്ന് മടങ്ങാനിടയില്ല. മെഡല്‍ ലക്ഷ്യമിടുന്ന 11 ഷൂട്ടര്‍മാരില്‍ ബിന്ദ്രയും ഗഗന്‍ നരംഗും ഉള്‍പ്പെടുന്നു. അതത് ദിവസത്തെ ഫോമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുക. എന്തായാലും ലോകനിലവാരത്തിലുള്ള ഒരുപിടി ഷൂട്ടര്‍മാര്‍ നമുക്കുണ്ട്.

വിജേന്ദര്‍ സിങ്ങും മേരി കോമും ഉള്‍പ്പെട്ട ബോക്‌സര്‍മാരും മെഡല്‍പ്പട്ടികയിലെത്താന്‍ കഴിവുള്ളവരാണ്. ബെയ്ജിങ്ങില്‍ വിജേന്ദര്‍ നേടിയ വെങ്കലം ഇന്ത്യന്‍ കായികരംഗത്തെയാകെ മാറ്റിമറിച്ചു. രാജ്യം കണ്ട മികച്ച പോരാളികളിലൊരാളായ വിജേന്ദറിന് ചരിത്രം ആവര്‍ത്തിക്കാവുന്നതേയുള്ളൂ. വനിതകളില്‍ മേരി കോം അത്ഭുതങ്ങള്‍ കാട്ടിയേക്കും. അമ്പെയ്ത്തില്‍ അര ഡസന്‍ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തുണ്ട്. ഇതില്‍ വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന ദീപിക കുമാരിയിലാണ് പ്രതീക്ഷകളേറെ. ടെന്നീസില്‍ ലിയാന്‍ഡര്‍ പേസ്, മഹേഷ്ഭൂപതി, രോഹന്‍ ബൊപ്പണ്ണ, സാനിയ മിര്‍സ തുടങ്ങിയവരും ബാഡ്മിന്റണില്‍ സൈന നെവാളും മെഡലില്ലാതെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഗതകാല പ്രതാപത്തിലേക്ക് ഹോക്കിയെ തിരിച്ചു കൊണ്ടുവരിക എന്ന ചരിത്രദൗത്യമാണ് ഭരത് ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീമിനുള്ളത്. എട്ട് ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യ ബെയ്ജിങ്ങിലേക്ക് യോഗ്യത പോലും നേടാനാവാതെ പോയത് ഹൃദയഭേദകമായിരുന്നു. ഇത്തവണ ജര്‍മനി, ഹോളണ്ട്, കൊറിയ, ന്യൂസീലന്‍ഡ്, ബെല്‍ജിയം എന്നിവരുള്‍പ്പെട്ട കഠിന ഗ്രൂപ്പിലാണ് ഇന്ത്യ. ഇവിടെ നിന്ന് കരകയറി സെമിയിലെത്തുക ഭഗീരഥപ്രയത്‌നം തന്നെയാവും.

അത്‌ലറ്റിക്‌സില്‍ ഒരു മെഡല്‍ - ആ അത്ഭുതം ലണ്ടനില്‍ സംഭവിക്കുമോ? സാധ്യതയില്ലാതില്ല. ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ, സീമ ആന്റില്‍, കൃഷ്ണ പൂനിയ എന്നിവര്‍ ലോക നിലവാരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. ഹൈജമ്പില്‍ സഹന കുമാരിയും ട്രിപ്പിള്‍ ജമ്പില്‍ മയൂഖ ജോണിയും ചെറിയ പ്രതീക്ഷകള്‍ നല്‍കുന്നു.

നീന്തല്‍താരങ്ങളുടെ കാര്യത്തിലാണ് സംശയങ്ങള്‍ നിലനില്‍ക്കുന്നത്. വീര്‍ധവാല്‍ ഖാഡെ, സന്ദീപ് സെജ്വാള്‍, ആരോണ്‍ ഡിസൂസ, സൗരഭ് സാംഗ്വേക്കര്‍ എന്നിവര്‍ ബി സ്റ്റാന്‍ഡേര്‍ഡോടെ യോഗ്യത നേടിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര സ്വിമ്മിങ് ഫെഡറേഷനായ ഫിന പുറത്തുവിട്ട ആദ്യലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. യോഗ്യത നേടിയവരില്‍ ഒരാള്‍ക്കുമാത്രം ലണ്ടനില്‍ പോകാന്‍ അവസരം ലഭിച്ചാലായി എന്ന നിലയിലാണ് കാര്യങ്ങള്‍. അടുത്ത തിങ്കളാഴ്ചയേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/