മമതയെ അനുനയിപ്പിക്കാന്‍ കപില്‍ സിബല്‍ കൊല്‍ക്കത്തയില്‍

Posted on: 06 Jul 2012



കൊല്‍ക്കത്ത: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ.യുമായി ഇടഞ്ഞുനില്‍ക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി കപില്‍സിബല്‍ ശ്രമം തുടങ്ങി.

കൊല്‍ക്കത്തയിലെ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെത്തിയ സിബല്‍ മമതയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ യു.പി.എ. സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ യു.പി.എ. ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്ന് വ്യക്തമായിട്ടില്ല.

അരമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ സിബല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറി. ''അവരുമായി സംസാരിക്കുന്നത് എപ്പോഴും എനിക്ക് സന്തോഷമുള്ള കാര്യമാണ്. ഇത്തവണയും അങ്ങനെ ത്തന്നെ''- അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദും കഴിഞ്ഞദിവസം പ്രണബിനെ പിന്തുണയ്ക്കണമെന്ന് മമതയോട് അഭ്യര്‍ഥിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് മൂന്നുദിവസംമുമ്പ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുമെന്നാണ് മമത നേരത്തേ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂലായ് 19 ന് കൊല്‍ക്കത്തയില്‍ ഉണ്ടാവണമെന്ന് അവര്‍ പാര്‍ട്ടി എം.പി.മാരോടും എം.എല്‍.എ.മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/