നഗരസഭകളിലെ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം കോടതി തടഞ്ഞു

Posted on: 06 Jul 2012



കൊച്ചി: നഗരസഭകളില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് യഥാസമയം പെന്‍ഷന്‍ നല്‍കാത്ത നാല് നഗരസഭകളിലെ കൗണ്‍സിലര്‍മാര്‍ ആനുകൂല്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശമ്പളവും പറ്റുന്നത് ഹൈക്കോടതി തടഞ്ഞു. കോടതി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വിരമിച്ച ജീവനക്കാരുടെ പരാതി പരിഹരിക്കാന്‍ നടപടി ഉണ്ടാകാത്തതിനാലാണ് ഇത്. കോട്ടയം, ചങ്ങനാശ്ശേരി, കൊച്ചി, പാലക്കാട് നഗരസഭകളിലെ വിരമിച്ച ചില ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എസ്. സിരിജഗന്റെ ഈ നടപടി. ഹര്‍ജിക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുംവരെ ശമ്പളം പറ്റരുതെന്നാണ് ഉത്തരവ്. ഈ നഗരസഭകളിലെ സെക്രട്ടറിമാരും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയും നഗരകാര്യ ഡയറക്ടറുമാണ് ശമ്പളം തടയപ്പെട്ട ഉദ്യോഗസ്ഥര്‍.

പെന്‍ഷന്‍ ആനുകൂല്യം കിട്ടിയില്ലെന്നായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച ഹര്‍ജിക്കാരുടെ പരാതി. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ശമ്പളം വാങ്ങാനാകില്ലെന്ന് പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ നല്‍കാനുള്ള തുക സര്‍ക്കാരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് ചില നഗരസഭകളുടെ വിശദീകരണം. എന്നാല്‍ തുക നല്‍കിയെന്ന് സര്‍ക്കാര്‍ പറയുന്നു. പെന്‍ഷന്‍ നിഷേധിക്കുന്നതിന് കാരണമായി ഇത്തരം വാദങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി.

പി.കെ.രാജു (ചങ്ങനാശ്ശേരി നഗരസഭ), കെ.സി.മറിയാമ്മ, കെ.എം.ജോര്‍ജ് (കോട്ടയം), പി.പി.ജോഷി (കൊച്ചി), എം.സുബ്ബയ്യന്‍ (പാലക്കാട്) എന്നിവരാണ് പെന്‍ഷന്‍ നിഷേധത്തിന്റെ പേരില്‍ കോടതിയെ സമീപിച്ചിട്ടുള്ളത്. ഹര്‍ജി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/