ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ടിന് വി.എസ്സിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി

Posted on: 06 Jul 2012



ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അവകാശമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന അപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ വി.എസ്. നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. നാലാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാറിന് ജസ്റ്റിസ് ജി.എസ്. സിങ്‌വി, എസ്.ജെ. മുഖോപാധ്യായ എന്നിവരടങ്ങുന്ന ബെഞ്ച് നോട്ടീസയച്ചു.

പല വിഷയങ്ങളും പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന വി.എസ്. അച്യുതാനന്ദനെപ്പോലുള്ള വ്യക്തിക്ക് പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് ജസ്റ്റിസ് ജി.എസ്. സിങ്‌വി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ വി.എസ്സിന് അത് കീഴ്‌ക്കോടതിയില്‍ നിന്ന് ലഭിക്കുമെന്ന് സംസ്ഥാനസര്‍ക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം.ആര്‍. രമേശ്ബാബു കോടതിയെ അറിയിച്ചു.

കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസ്. അച്യുതാനന്ദന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് അഭിപ്രായപ്പെട്ട കോടതി, ഇക്കാര്യത്തില്‍ നിര്‍ദേശമൊന്നും നല്‍കുന്നില്ലെന്ന് വ്യക്തമാക്കി.

ശരിയായ രീതിയിലല്ല ഹൈക്കോടതി തീരുമാനമെടുത്തതെന്ന് വി.എസ്. അച്യുതാനന്ദനുവേണ്ടി ഹാജരായ അഡ്വ. ശേഖര്‍ നഫ്‌ഡെ ചൂണ്ടിക്കാട്ടി. കേസില്‍ സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന് സംശയമുണ്ട്. അന്വേഷണറിപ്പോര്‍ട്ട് നല്‍കാത്തത് ഇതിനാലാണെന്ന് സംശയിക്കുന്നു-അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം തേടിയാണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം കേസില്‍ മേല്‍നോട്ടം വഹിക്കാമെന്ന് ഹൈക്കോടതി ഉറപ്പുനല്‍കുകയായിരുന്നു. മേല്‍നോട്ടനടപടികളെ സഹായിക്കുന്നതിനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്ന് അഡ്വ. ആര്‍. സതീഷ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ വി.എസ്. വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാമെന്ന് വി.എസ്. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെ വിധിയും ഹര്‍ജിയില്‍ ഉദ്ധരിച്ചിട്ടുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/