സുധാകരനെതിരായ വെളിപ്പെടുത്തല്‍: പുനരന്വേഷണം വേണമെന്ന് അക്രമത്തിനിരയായവര്‍

Posted on: 03 Jul 2012



കണ്ണൂര്‍: കെ.സുധാകരനെതിരെ പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പഴയ കേസുകള്‍ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് അക്രമത്തിനിരയായവര്‍ രംഗത്ത്. കേസുകളില്‍ തുടരന്വേഷണമോ പുനരന്വേഷണമോ നടത്തണമെന്നാവശ്യപ്പട്ട് ഇവര്‍ സി.ഐ.ക്ക് പരാതി നല്‍കി.

സേവറി ഹോട്ടലിലെ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച കെ.നാണുവിന്റെ ഭാര്യ എ.എം. ഭാര്‍ഗവി, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സില്‍ക്കയറി അക്രമികള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച വി.പ്രശാന്ത്, അന്തരിച്ച മുന്‍ എം.എല്‍.എ. ടി.കെ.ബാലന്റെ വീടാക്രമിച്ചപ്പോള്‍ കണ്ണു നഷ്ടപ്പെട്ട മകന്‍ ഹിതേഷിനു വേണ്ടി സഹോദരന്‍ ടി.കെ.അരുണ്‍, ചൊവ്വ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ ജോലി ചെയ്യവെ അക്രമികള്‍ വെട്ടിപരിക്കേല്‍പ്പിച്ച സി.വിനോദ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, 1992-93 വര്‍ഷങ്ങളിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്നത്തെ ഡി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുക്കണം. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഈ അക്രമങ്ങളില്‍ പങ്കാളിയായ പ്രശാന്ത് ബാബുവിനെയും ചോദ്യംചെയ്യണം - ഇവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

1992 ജൂണില്‍ സേവറി ഹോട്ടലിലെ ബോംബ് സ്‌ഫോടനം കെ.സുധാകരന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നാണു പ്രശാന്ത് ബാബു പറഞ്ഞത്. എന്നാല്‍, സുധാകരന്‍ പോലീസിനെ സ്വാധീനിച്ച് ഗൂഢാലോചനയെക്കുറിച്ചന്വേഷിക്കാതെ, യഥാര്‍ഥ പ്രതികളല്ലാത്തവരെ പ്രതികളാക്കി. അന്വേഷണത്തിലെ പാകപ്പിഴ കൊണ്ട് കോടതി പ്രതികളെ വിട്ടു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം -മരിച്ച നാണുവിന്റെ ഭാര്യ ഭാര്‍ഗവി പരാതിയില്‍ ആവശ്യപ്പെട്ടു.

മാവിലായിയില്‍ വിജയന്‍ ആക്രമിക്കപ്പെട്ടതിനു പ്രതികാരമായാണ് 1992ല്‍ കോ-ഓപ്പറേറ്റീവ് പ്രസ് ആക്രമിച്ചത്. ബോംബേറിനു ശേഷം പ്രശാന്തിനെ വെട്ടി പരിക്കേല്‍പ്പിച്ചുവെന്നും വാടകപ്രതി പിന്‍മാറിയതിനാല്‍ തന്നോടു പ്രതിയാകാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു വെന്നുമാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കണം -വി.പ്രശാന്ത് ആവശ്യപ്പെട്ടു.

സുധാകരന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ എത്തിക്കാനും തുടരന്വേഷണം ആവശ്യപ്പെട്ടാണ് കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ അക്രമത്തിനിരയായ സി.വിനോദ് പരാതി നല്‍കിയത്.

1993ല്‍ ടി.കെ.ബാലന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ മകന്‍ ഹിതേഷിന്റെ ഒരു കണ്ണു നഷ്ടമായിരുന്നു. ഈ കാലഘട്ടത്തിലെ ആക്രമണങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സുധാകരന്‍ നടത്തിയതാണെന്ന് പ്രശാന്ത് ബാബു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹിതേഷിന്റെ സഹോദരന്‍ ടി.കെ. അരുണ്‍ പരാതി നല്‍കിയത്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/