മലബാറിന്റെ വികസനം: മാറേണ്ടത് രാഷ്ട്രീയാന്തരീക്ഷം

Posted on: 03 Jul 2012


ഡോ. ജോസ് സെബാസ്റ്റ്യന്‍വികസനവും രാഷ്ട്രീയവും: പ്രാദേശികാസമത്വം കൂടുന്നു 2


ഒന്നാലോചിച്ചാല്‍ കേരളത്തിന്റെ മറ്റുജില്ലകളില്‍നിന്ന് മലബാറിലെ ജില്ലകള്‍ക്ക് വികസനകാര്യത്തില്‍ പ്രത്യേകിച്ച് പരാധീനതകള്‍ ഒന്നുമില്ല. ഭൂപ്രകൃതിയുടെയോ മണ്ണിന്റെ ഫലഭൂയിഷ്ഠതയുടെയോ കാര്യത്തില്‍ കേരളത്തിന്റെ ഏതുപ്രദേശവും പോലെയാണിവയും. മലബാര്‍കലാപത്തില്‍ തകര്‍ന്നുതരിപ്പണമായ ഏറനാട്താലൂക്കും വള്ളുവനാട് താലൂക്കിന്റെ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന മലപ്പുറത്തിന്റെയും ആദിവാസിജില്ലയായ വയനാടിന്റെയും സാഹചര്യം കുറേ വ്യത്യസ്തമാണെന്ന് സമ്മതിക്കാം. മറ്റ് മലബാര്‍ജില്ലകള്‍ എന്തുകൊണ്ടും തിരു-കൊച്ചി ജില്ലകളോട് കിടപിടിക്കാന്‍ കെല്പുള്ളവയാണ്.

സംരംഭകത്വത്തിനുള്ള അന്തരീക്ഷം താരതമ്യേന മെച്ചമായിരുന്നപ്പോള്‍ ഈ രംഗത്ത് പല മുന്നേറ്റങ്ങളും നടന്ന മേഖലയാണിത്. കേരളത്തിലെ ബേക്കറി വ്യവസായത്തിന്റെ ഈറ്റില്ലമാണ് തലശ്ശേരി. സര്‍ക്കസ് ഒരു സംരംഭമായി വളര്‍ന്നതും തലശ്ശേരിയില്‍തന്നെയാണ്. കൈത്തറിയില്‍ എക്കാലവും കണ്ണൂരിന് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. ആറോണ്‍ മില്ലും വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സും അടക്കം എണ്ണംപറഞ്ഞ കുറേ വ്യവസായങ്ങള്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. ബാസല്‍ മിഷന്‍ ഓടുവ്യവസായവും നെയ്ത്ത്‌വ്യവസായവും ആരംഭിച്ചത് കോഴിക്കോട്ടായിരുന്നു. ഒരുകാലത്ത് തടിവ്യവസായത്തില്‍ ലോകത്തിലെത്തന്നെ ഒരു സ്ഥാനം കോഴിക്കോടിനുണ്ടായിരുന്നു. പാലക്കാടും കാസര്‍കോടും യഥാക്രമം കോയമ്പത്തൂരുമായും മംഗലാപുരവുമായുമുള്ള സാമീപ്യംമൂലം വ്യവസായവത്കരണത്തിന് ഏറേ അനുയോജ്യമായ ജില്ലകളായിരുന്നു.

ഈ ആദ്യകാല മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനോ അനുകൂലഘടകങ്ങള്‍ പ്രയോജനപ്പെടുത്താനോ മലബാറിന് കഴിഞ്ഞില്ല. ഇതിന്റെ ഫലമായി ഏത് വികസന സൂചികയെടുത്താലും മലബാര്‍ജില്ലകള്‍ തിരു-കൊച്ചി ജില്ലകളുടെ പിന്നിലാണെന്ന് വന്നു. വികസനവുമായി ബന്ധപ്പെട്ട അഞ്ച് സൂചികകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ജില്ലകള്‍ തമ്മിലുള്ള താരതമ്യമാണ് പട്ടികയില്‍ കൊടുത്തിട്ടുള്ളത്.


ജില്ലാടിസ്ഥാനത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണ് എന്നതും ഈ സൂചികകള്‍ തിരഞ്ഞെടുത്തതിനുള്ള ഒരു കാരണമാണ്. ഇതില്‍ ആദ്യത്തേതായ പ്രതിശീര്‍ഷ ആഭ്യന്തരവരുമാനത്തില്‍ പുറംവരുമാനം ഭാഗികമായേ പ്രതിഫലിക്കൂ.

വാഹനങ്ങളുടെ എണ്ണം ഇതുമാത്രമല്ല, ജില്ലയിലെ പൊതുവേയുള്ള ജീവിതനിലവാരത്തിന്റെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയുംകൂടി സൂചകമാണ്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍നിന്നുള്ള പ്രതിശീര്‍ഷ ഉത്പാദനവും പ്രതിശീര്‍ഷ ബാങ്ക്‌വായ്പയും സംരംഭകത്വത്തിനുള്ള അന്തരീക്ഷത്തിന്റെ സൂചകങ്ങളാണ്. സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിങ് സീറ്റുകള്‍ വിദ്യാഭ്യാസമേഖലയില്‍ മുതല്‍മുടക്കാനുള്ള പ്രാദേശിക സംരംഭകരുടെ കഴിവിന്റെയും സന്നദ്ധതയുടെയും സൂചകമാണ്. പരോക്ഷമായി ഇത് സ്വാശ്രയമേഖലയിലെ ഫീസ് താങ്ങാനുള്ള മാതാപിതാക്കളുടെസാമ്പത്തികശേഷിയുടെകൂടി സൂചകമാണ്.

പട്ടികയില്‍നിന്ന് വ്യക്തമാവുന്നതുപോലെ മിക്ക സൂചികകളിലും ആദ്യത്തെ എട്ട് റാങ്കുകള്‍ തിരു-കൊച്ചി മേഖലയിലെ ജില്ലകള്‍ക്കാണ്. നേരേമറിച്ച് ഒമ്പതുമുതല്‍ 14 വരെയുള്ള റാങ്കുകള്‍ ഏറെക്കുറേ മലബാര്‍ ജില്ലകള്‍ക്ക് സംവരണം ചെയ്തതുപോലുണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ മലപ്പുറത്തെയും വയനാടിനെയും അപവാദങ്ങളായി എടുക്കാം.

മലപ്പുറംജില്ല യഥാര്‍ഥത്തില്‍ ഗള്‍ഫ് കുടിയേറ്റംകൊണ്ടും മുസ്‌ലിം ജനസാമാന്യത്തിന്റെ സംരംഭകത്വംകൊണ്ടും മറ്റേതൊരു മലബാര്‍ ജില്ലയേക്കാളും മുന്നോട്ടുപോയിട്ടുണ്ട്. റാങ്കുകളില്‍ ഇത് പ്രതിഫലിക്കാത്തതിനുകാരണം ഉയര്‍ന്ന ജനസംഖ്യയാണ്. കേരളത്തിലെ ഒരു ജില്ലയിലെ ശരാശരി ജനസംഖ്യ 23.84 ലക്ഷമാണെങ്കില്‍ മലപ്പുറം ജില്ലയിലേത് 41.11 ലക്ഷമാണെന്നോര്‍ക്കണം. മലബാര്‍ജില്ലകളുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം ഏതെങ്കിലും സര്‍ക്കാറിന്റെ അവഗണനയാണെന്ന് ദോഷൈകദൃക്കുകള്‍പോലും ആരോപിക്കുകയില്ല. സര്‍ക്കാറിന്റെ ഏതെങ്കിലുംതരത്തിലുള്ള പ്രത്യേക പ്രോത്സാഹനമല്ല തിരു-കൊച്ചി മേഖലയുടെ ഇന്നത്തെ ഉണര്‍വിന് കാരണം. അപ്പോള്‍ മലബാര്‍ജില്ലകളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള പരിഹാരമെന്താണ്? ഉത്തരം സംരംഭകത്വത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതുമാത്രമാണ്. പോലീസിന്റെയും കോടതികളുടെയും ആജ്ഞാശക്തി പുനഃസ്ഥാപിച്ച് നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് ഇവിടെ സര്‍ക്കാറിന്റെ പ്രാഥമികമായ കടമ.

സ്വയംതൊഴിലുകാരിലും ചെറുകിട, ഇടത്തരം സംരംഭകരിലും ആത്മവിശ്വാസം ജനിപ്പിക്കാന്‍ ഇതില്‍പ്പരം പറ്റിയ മാര്‍ഗമില്ല. പാര്‍ട്ടിഗ്രാമങ്ങള്‍പോലുള്ള പ്രാകൃതസമ്പ്രദായങ്ങള്‍ നിസ്സഹായതയില്‍നിന്ന് ഉടലെടുക്കുന്നതാണ്.

സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനുള്ള അവസരമുണ്ട് എന്നുവന്നാല്‍ ഇവ നല്കുന്ന വ്യാജമായ സുരക്ഷിതത്വബോധം വലിച്ചെറിയാന്‍ ജനങ്ങള്‍ തയ്യാറാകും. ഇത് മലബാറിലെ സാമ്പത്തിക-രാഷ്ട്രീയാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന്റെ മൂന്ന് മേഖലകളുടെയും സമതുലിതമായ വികസനം ഐക്യകേരളപ്രസ്ഥാനത്തിന്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഇനിയും സഫലമായിട്ടില്ല. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കേണ്ടത് കേരളത്തിന്റെ മൊത്തം വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, അതിന്റെ പ്രത്യേകസ്വഭാവം പരിഗണിക്കുമ്പോള്‍ അത് ഒരു മണല്‍ക്കാടുപോലെ മറ്റുപ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെയാണ്. സംസ്ഥാനത്തിന്റെ ഭാവിവികസനത്തെ സംബന്ധിച്ചിടത്തോളം ഇതായിരിക്കും ഏറേ അപകടകരമായ ഭീഷണി.

(അവസാനിച്ചു)

(ലേഖകന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷനിലെ ഫാക്കല്‍റ്റിയംഗമാണ്. അഭിപ്രായങ്ങള്‍ വ്യക്തിപരം)
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/