സി.പി.എം. മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ വി.എസ്സിന് രൂക്ഷവിമര്‍ശം

Posted on: 02 Jul 2012



കോഴിക്കോട്: സി.പി.എമ്മിന്റെ മേഖലാതല റിപ്പോര്‍ട്ടിങ്ങില്‍ കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന് രൂക്ഷവിമര്‍ശം. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായും പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതരത്തിലുമാണ് വി.എസ്. പെരുമാറുന്നതെന്ന് പാര്‍ട്ടി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസാരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തിലാണ് വി.എസ്. ഇടപെടുന്നത്. ലാവലിന്‍, ലോട്ടറി കേസുമായി ബന്ധപ്പെട്ടും ഇതേ സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൊറിയന്‍ കമ്പനിയുമായി ചേര്‍ന്ന് 233 കോടി രൂപയുടെ പദ്ധതി വൈദ്യുതി വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ പരാതി ലഭിച്ചിട്ടുണ്ട് എന്നു പറഞ്ഞ് വി.എസ്. അത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു.

പാര്‍ട്ടി ഇക്കാര്യം പരിശോധിച്ച് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വൈദ്യുതിമന്ത്രി കുറിപ്പ് നല്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പദ്ധതി നടപ്പാക്കാമെന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രി നിര്‍ദേശം നല്കിയതോടെ പദ്ധതി തന്നെ ഇല്ലാതാവുന്ന അവസ്ഥയുണ്ടായി.

ലാവലിന്‍ കേസ് പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തതിനുശേഷവും വി.എസ്. മന്ത്രിസഭയില്‍ എതിരഭിപ്രായം പറഞ്ഞു. മൂന്നാര്‍ ദൗത്യസംഘത്തില്‍ സുരേഷിനെയും രാജു നാരായണ സ്വാമിയെയും ഉള്‍പ്പെടുത്തരുതെന്നുള്ള പാര്‍ട്ടി നിര്‍ദേശവും വി.എസ്. ലംഘിച്ചതായി ദക്ഷിണാമൂര്‍ത്തി പറഞ്ഞു.

പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷമുള്ള ജില്ലയിലെ ആദ്യത്തെ മേഖലാ റിപ്പോര്‍ട്ടുകളാണ് ഞായറാഴ്ച വൈകിട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നത്. നോര്‍ത്ത്, സൗത്ത്, കക്കോടി, ഫറോക്ക് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതലുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സമിതിയംഗം എ. പ്രദീപ്കുമാര്‍ എം.എല്‍.എ., ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന്‍, എം. ഭാസ്‌കരന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/