ടി.പി. വധവുമായി ബന്ധപ്പെടുത്തി കോട്ടമുറിക്കലിനെ വേട്ടയാടാന്‍ നീക്കമെന്ന് ആക്ഷേപം

Posted on: 02 Jul 2012



മൂവാറ്റുപുഴ: പാര്‍ട്ടിയില്‍ നിന്ന്പുറത്തായിട്ടും ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ ഗോപി കോട്ടമുറിക്കലിനേയും കുടുംബത്തേയും വേട്ടയാടാന്‍ സിപിഎമ്മിലെ ഒരുവിഭാഗം കരു നീക്കുന്നതായി ആരോപണം. ചന്ദ്രശേഖരന്‍ വധം അന്വേഷിക്കുന്ന പോലീസ്‌സംഘത്തിലെ അംഗങ്ങള്‍ എന്ന പേരില്‍ രണ്ട് പേര്‍ ഗോവയിലുള്ള സഹോദരി വിമലയുടെ വീട്ടിലെത്തിയിരുന്നു.

ഇവര്‍ പോലീസുദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും കാണിക്കാന്‍ തയ്യാറാകാത്തതും ഗോവ പോലീസിന് ഇതുസംബന്ധിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതുമാണ് സംശയങ്ങള്‍ ബലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് നാട്ടിലെത്തിയ വിമല ചൊവ്വാഴ്ച മടങ്ങും.

സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ ഗോപി കോട്ടമുറിക്കല്‍ നടത്തിയ പരാമര്‍ശങ്ങളും വെളിപ്പെടുത്തലുകളുമാണ് പുതിയ കരുനീക്കങ്ങള്‍ക്ക് പിന്നിലെന്നും കോട്ടമുറിക്കലുമായി ബന്ധപ്പെട്ടവര്‍ വിശ്വസിക്കുന്നു. വരുംനാളുകളില്‍ കൂടുതല്‍ അപകടകരമായ വെളിപ്പെടുത്തലുകള്‍ വന്നേക്കാമെന്ന ആശങ്കയാണ് കോട്ടമുറിക്കലിനെതിരെ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്നും സംശയിക്കുന്നു.

എതിര്‍ചേരിയിലുള്ളവര്‍ 'വ്യാജപോലീസി'നെ അയച്ചതാണെന്നും വാര്‍ത്ത സൃഷ്ടിച്ച് അപമാനിക്കലായിരുന്നു ലക്ഷ്യമെന്നും ആരോപണമുണ്ട്. പരിശോധനയ്‌ക്കെത്തിയവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്നതും 'ഗോപി കോട്ടമുറിക്കലിന്റെ സഹോദരിയല്ലേ' എന്നു ചോദിച്ചുകൊണ്ട് വിവരങ്ങള്‍ ആരാഞ്ഞു തുടങ്ങിയതുമാണ് സംശയങ്ങളെ ബലവത്താക്കുന്നത്.

ഇതിനിടെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സി.പി.എം. നേതാക്കളുടെ പുറത്തുള്ള ബന്ധുക്കളെക്കുറിച്ച് പോലീസ് വിവരം ശേഖരിക്കുന്നുണ്ടെന്നും ഇത് മറയാക്കി കോട്ടമുറിക്കലിനെതിരെ കരുനീക്കങ്ങള്‍ നടത്തുകയാണെന്നും ആരോപണമുണ്ട്. ഇതിനിടെ, ടി.പി. ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ജില്ലയിലെ ഒരു വി.എസ്. പക്ഷ നേതാവ് തടസ്സം നിന്നു എന്ന് കോട്ടമുറിക്കല്‍ ആരോപിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/