
കോട്ടയം: കെ.സുധാകരനെതിരായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഘാംഗങ്ങളെ തിങ്കളാഴ്ച ഡി.ജി.പി. പ്രഖ്യാപിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് കെ.സുധാകരനും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പുറത്തുവരാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ കരുതുന്നു.
സര്‍ക്കാരിന്റെ നിഷ്പക്ഷതയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. പോലീസിന്റെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടാന്‍ പാടില്ല. കെ.സുധാകരനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത്ബാബുവിന് സംരക്ഷണം കൊടുക്കണമെന്ന പിണറായി വിജയന്റെ ആവശ്യം പരിഗണിച്ച് ഞായറാഴ്ച രാവിലെതന്നെ അതിനായി ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, പോലീസ് സംരക്ഷണം നിരസിക്കുന്നതായാണ് പ്രശാന്ത് ബാബു പറഞ്ഞിരിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് അറിയില്ല.
സുധാകരന്‍ വിഷയത്തില്‍ അന്വേഷണം ഏകപക്ഷീയമാകില്ല. പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം സുധാകരന്റെ ആരോപണങ്ങളും അന്വേഷിക്കേണ്ടിവരും. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ചോദ്യംചെയ്യലിന് ഹാജരാകാതെ നടത്തുന്ന ഒളിച്ചുകളി ജനങ്ങള്‍ കാണുന്നുണ്ട്. അവര്‍ വിധിയെഴുതട്ടെ. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം പൂര്‍ത്തിയായി വരുന്നതായി ആഭ്യന്തരമന്ത്രി സൂചിപ്പിച്ചു.