ബാലുവധക്കേസ്; ശിക്ഷിക്കപ്പെട്ടവരെ ജയിലില്‍ ചോദ്യം ചെയ്യും
Posted on: 02 Jul 2012
തൊടുപുഴ: ഐ.എന്‍.ടി.യു.സി. നേതാവും വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്നു ബാലു കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എട്ടുപേരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കികൊണ്ടുള്ള കോടതി വിധി കേസില്‍ പുതിയ വഴിത്തിരിവാകും. ബാലുവധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവാദം നല്‍കിയത്.
ബാലുവധക്കേസില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നവര്‍ മാത്രമല്ല പ്രതികളെന്നും ബാലുവിനെ കൊല്ലാന്‍ ഉണ്ടായിരുന്നവരില്‍ ചിലര്‍ പ്രതികളായിട്ടില്ല എന്നും സാക്ഷികളില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് മുന്‍പരിചയമുള്ള രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു എന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്നവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും ബാലുവിനെ കൊല്ലാന്‍ ആരാണ് പദ്ധതി തയ്യാറാക്കിയതെന്ന വിവരം ലഭിക്കുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
2004 ഒക്‌ടോബര്‍ 20ന് വൈകീട്ട് 7നാണ് പീരുമേട് പട്ടുമലചൂളബരട്ടില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ബാലുവിനെ ഒരുസംഘം ആളുകള്‍ വെട്ടികൊല്ലുന്നത്. ഒന്‍പതു പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു.
ബാക്കിയുള്ള പ്രതികളായ ഡി.വൈ.എഫ്.ഐ. നേതാവ് പീരുമേട് മേലഴുതതെക്കേതില്‍ സാബു(39), വണ്ടിപ്പെരിയാര്‍ വടക്കേതില്‍ പിലാ വീട്ടില്‍ വിനോദ്(37), പീരുമേട് മേലഴുത കുറ്റിക്കാട്ടില്‍ അജിത്(36), മഞ്ഞുമല കോനക്കല്‍ മോഹനന്‍ (47), അജയഘോഷ് (38), തെപ്പടളം വാഴപ്പറമ്പില്‍ ബെന്നി(40), കുമളി പറത്തുമുറി തുണ്ടിയില്‍ രാജപ്പന്‍(46), വണ്ടിപ്പെരിയാര്‍ ആര്‍.ബി.ടി. എസ്‌റ്റേറ്റ് 35-ാം ലൈനില്‍ ബിജു(35) എന്നിവരെ ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്.
ബാലുവിന്റെ കൊലപാതകം പുനരന്വേഷിക്കുന്ന സംഘത്തിലെ അംഗം കോട്ടയം നര്‍ക്കോട്ടിക്ക്‌സെല്‍ ഡിവൈ.എസ്. പി.എം.ജെ.മാത്യു എറണാകുളം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എ.ജോസഫ് മഞ്ഞപാളന്‍വഴി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചത്.
ബാലുവധക്കേസ് ആദ്യം വിചാരണ നടന്ന തൊടുപുഴ കോടതിയില്‍ സാക്ഷികളെല്ലാം കൂറുമാറിയ സാഹചര്യത്തില്‍ ബാലുവിന്റെ അമ്മ മുനിയമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ തുടര്‍വാദം നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണസംഘം എറണാകുളം കോടതിയില്‍ ഹര്‍ജി നല്‍കിയത്.