പോലീസ് സംരക്ഷണം പ്രശാന്ത്ബാബു നിരസിച്ചു

Posted on: 02 Jul 2012



കണ്ണൂര്‍: ഇ.പി.ജയരാജന്‍ വധശ്രമമുള്‍പ്പെടെ കണ്ണൂരില്‍ നടന്ന പല അക്രമങ്ങള്‍ക്കുപിന്നിലും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ഗൂഢാലോചനയുണ്ടെന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സുധാകരന്റെ മുന്‍ ഡ്രൈവറും കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന പ്രശാന്ത്ബാബുവിന് പോലീസ്‌സംരക്ഷണം നല്‍കാന്‍ തീരുമാനം. അതേസമയം, തനിക്ക് പോലീസ് സംരക്ഷണം വേണ്ടെന്ന് പ്രശാന്ത് അറിയിച്ചു. ഇക്കാര്യം തിങ്കളാഴ്ച രേഖാമൂലം കണ്ണൂര്‍ എസ്.പി.യെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശമുണ്ടെന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി.ഓഫീസില്‍ നിന്ന് ഞായറാഴ്ച വിളിച്ചറിയിച്ചപ്പോഴാണ് സംരക്ഷണം ആവശ്യമില്ലെന്ന് പ്രശാന്ത് പറഞ്ഞത്. ഇ.പി.ജയരാജന്‍ വധശ്രമക്കേസിന് പുറമെ ഒരാള്‍ മരിക്കാനിടയായ കണ്ണൂര്‍ സേവറി ഹോട്ടലിന് നേരെയുള്ള ബോംബേറ്, നാല്‍പ്പാടി വാസു വധം തുടങ്ങിയ സംഭവങ്ങളില്‍ കെ.സുധാകരന് നേരിട്ട് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പ്രശാന്ത്ബാബു ശനിയാഴ്ച ചാനലുകളിലൂടെ വെളിപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുധാകരന്റെ ഡ്രൈവറായിരുന്ന പ്രശാന്ത് പിന്നീട് സുധാകരനുമായി തെറ്റിപ്പിരിഞ്ഞു. പ്രശാന്ത്ബാബുവിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്തിനെ സി.പി.എമ്മുകാര്‍ അപായപ്പെടുത്തി കുറ്റം തന്റെ തലയിലിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. അതേസമയം, പ്രശാന്തിന് സംരക്ഷണം നല്‍കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/