അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു- കെ. സുധാകരന്‍
Posted on: 02 Jul 2012
തൃശ്ശൂര്‍: തന്നെക്കുറിച്ച് പ്രശാന്ത് ബാബു നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ. സുധാകരന്‍ എം.പി. ഒരാളെയും കൊല്ലാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയ പാരമ്പര്യം തനിക്കില്ലെന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരമായിട്ടാണ് അന്വേഷണത്തെ കാണുന്നതെന്നും തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തോട് ആത്മാര്‍ഥമായി സഹകരിക്കും. സി.പി.എം നേതാക്കളെപ്പോലെ പനി, മുട്ടുവേദന, വയറുവേദന എന്നൊക്കെ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ഒഴിഞ്ഞുമാറില്ല. ഉദ്യോഗസ്ഥര്‍ എന്ന്, എവിടെ ആവശ്യപ്പെട്ടാലും അവിടെയെത്തി തെളിവു നല്‍കും. അന്വേഷണത്തിനെതിരെ കോടതിയില്‍ പോകില്ല. നിയമാനുസൃതമായി നീങ്ങും.
ഈ അന്വേഷണം കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവായിരിക്കും. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരായ പോരാട്ടത്തിനുള്ള അവസരമായി ഇതിനെ ഉപയോഗിക്കും. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ സി.പി.എം. നടത്തുന്ന ഗൂഢശ്രമത്തിന്റെ അവസാനത്തെ അടവാണ് പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഒരിക്കലെങ്കിലും ജനങ്ങള്‍ക്ക് സത്യം മനസ്സിലാകണം- കെ. സുധാകരന്‍ പറഞ്ഞു.
എം.എം. മണിയുടെയും പ്രശാന്ത് ബാബുവിന്റെയും വെളിപ്പെടുത്തലുകള്‍ തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ടെന്ന് നേരത്തെ ഗുരുവായൂരില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ സുധാകരന്‍ പറഞ്ഞു. ടി.പി. വധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മറികടക്കാനാണ് ഓഫീസില്‍ ചായ കൊണ്ടുവന്നിരുന്ന പ്രശാന്ത് ബാബുവിനെ കൂട്ടുപിടിച്ച് സി.പി.എം. തനിക്കെതിരെ പകപോക്കുന്നത്. ആരോപണങ്ങള്‍ സി.ബി.ഐ. അടക്കം ഏത് ഏജന്‍സി അന്വേഷിക്കുന്നതിലും വിരോധമില്ല.
അതേസമയം വെളിപ്പെടുത്തലുകളിലൂടെയും ആരോപണങ്ങളിലൂടെയും തന്നെ, വിവാദപുരുഷനാക്കി മാറ്റുന്നതില്‍ സി.പി.എം. കണ്ണൂര്‍ ലോബിക്കും കോണ്‍ഗ്രസ്സിലെ ചിലര്‍ക്കും പങ്കുണ്ടെന്ന് കെ. സുധാകരന്‍ ഒല്ലൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എമ്മിനെ ചെറുക്കാന്‍ അല്പം കയ്യൂക്കും ചങ്കൂറ്റവും കാട്ടിയിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സിനുവേണ്ടി മാത്രമാണ്. അതിന്റെ പേരില്‍ എതിരാളികള്‍ ചാര്‍ത്തിയ ക്രിമിനല്‍ പട്ടം സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും കെ. സുധാകരന്‍ പറഞ്ഞു.