പോലീസുകാരനെ കുത്തിക്കൊന്ന കേസ്: ആട് ആന്റണി കേരളം വിട്ടതായി സൂചന

Posted on: 02 Jul 2012



അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

കൊല്ലം: പോലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആന്റണി സംസ്ഥാനം വിട്ടതായി സൂചന. ഇതേത്തുടര്‍ന്ന് അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പുറമെ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും പോലീസിന് അന്റണിയുടെ വിവിധ രൂപത്തിലുള്ള ഫോട്ടോകളും ലുക്ക്ഔട്ട് നോട്ടീസുകളും കൈമാറിയിട്ടുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ വ്യാപകമാക്കിയതിനു പുറമെ ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലേക്കും അന്വേഷണസംഘങ്ങള്‍ പോയിട്ടുണ്ട്. ദക്ഷിണമേഖല ഐ.ജി. ഷേക്ക് ദര്‍ബേഷ് സാഹിബ്, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളയാണ് കേരളത്തിനു പുറത്ത് അന്വേഷണം നടത്തുന്നത്.

ആട് ആന്റണിയുടെ തമിഴ്‌നാട് ബന്ധങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ തിരുട്ടുഗ്രാമം ഉള്‍പ്പെടെ വിവിധയിടങ്ങളിലുള്ള ഇയാളുടെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേരളത്തില്‍ ജയിലിലായിരുന്നപ്പോള്‍ ആന്റണി ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങളെയും പഴയ മോഷണക്കേസുകളിലെ ഇയാളുടെ കൂട്ടുപ്രതികളെയും നിരീക്ഷിച്ചുവരികയാണ്.

പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി ഓമ്‌നിവാന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട വര്‍ക്കലയ്ക്കടുത്തെ പുല്ലാനിമൂട്ടിലും പരിസരങ്ങളിലും ആട് ആന്റണിയുടെ ചില ബന്ധുക്കള്‍ താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്തു. അതിനിടെ, പോലീസുകാരന്‍ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പുല്ലാനിമുട്ടിനുസമീപത്തുള്ള ഒരു കുളത്തില്‍ കുളിച്ചശേഷം അജ്ഞാതനായ ഒരാള്‍ കയറിവരുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.

ഇവര്‍ നല്‍കിയ സൂചനകളില്‍നിന്ന് ആട് ആന്റണിയുമായി ഇയാള്‍ക്ക് രൂപസാദൃശ്യമുള്ളതായി പോലീസ് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ വര്‍ക്കലയില്‍നിന്ന് ട്രെയിന്‍മാര്‍ഗം ഇയാള്‍ രക്ഷപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ആട് ആന്റണിയെക്കുറിച്ച് എന്തെങ്കിലും സൂചനയോ വിവരമോ ലഭിക്കുന്നവര്‍ അന്വേഷണസംഘത്തെ അറിയിക്കണമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ചാത്തന്നൂര്‍ എ.സി.പി.യെ 9497990022 എന്ന നമ്പരിലോ പരവൂര്‍ സി.ഐ.യെ 9497987032 എന്ന നമ്പരിലോ വിവരങ്ങള്‍ അറിയിക്കാം. cpklmcity@keralapolice. gov. in എന്ന ഈ മെയിലിലും വിവരങ്ങള്‍ കൈമാറാം. ആട് ആന്റണിയെക്കുറിച്ച് നിര്‍ണായകമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് ഡി.ജി.പി. പാരിതോഷികം നല്‍കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/