ഹയര്‍ സെക്കന്‍ഡറി- സെക്കന്‍ഡറി പുനഃസംഘടനാ നീക്കങ്ങള്‍ സജീവം

Posted on: 02 Jul 2012


പി.അഭിലാഷ്‌



കൊല്ലം:സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി മേഖലകള്‍ പുനഃസംഘടിപ്പിക്കാന്‍ പൊതു വിദ്യാഭ്യാസവകുപ്പ് നീക്കം തുടങ്ങി. ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളും വി.എച്ച്.എസ്.സി.യും ഒരുമിപ്പിച്ച് സെക്കന്‍ഡറി പഠനമേഖലയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി തയ്യാറാക്കിയ പദ്ധതിക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപ്പാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൂടാതെ വി.എച്ച്.എസ്.ഇ.ഇല്ലാതാകുന്നതിന് പകരമായി സ്ഥാപിക്കുന്ന സ്‌കില്‍ ട്രെയിനിങ് സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി മള്‍ട്ടി നാഷണല്‍ കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടിട്ടുള്ളതായും അറിയുന്നു.

ഇതുസംബന്ധിച്ച അറിയിപ്പുകള്‍ വിശ്വസ്തര്‍ കൈവശം നേരിട്ടാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. പദ്ധതി നടപ്പിലാക്കിയാലുള്ള ഗുണങ്ങളും ദോഷങ്ങളുമാണ് റിപ്പോര്‍ട്ടായി വാങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറില്‍നിന്നാണ് റിപ്പോര്‍ട്ട് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് റിപ്പോര്‍ട്ട് നല്‍കാനായി ജോയിന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. ഡയറക്ടറെ അറിയിക്കാതെയാണ് ജോയിന്റ് ഡയറക്ടറെ ഇതിനായി ചുമതലപ്പെടുത്തിയത്. എന്നാല്‍ പദ്ധതി നടപ്പാക്കിയാല്‍ ഗുണങ്ങളെക്കാള്‍ അധികം ദോഷങ്ങളായിരിക്കുമെന്ന് അക്കമിട്ട് നിരത്തിയിരിക്കുന്ന റിപ്പോര്‍ട്ടാണ് ജോയിന്റ് ഡയറക്ടര്‍ നല്‍കിയത്.

പുനഃസംഘടനാ പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്: എട്ടുമുതല്‍ 10 വരെ ക്ലാസുകള്‍ അടങ്ങിയ സെക്കന്‍ഡറി, 11, 12 ക്ലാസുകള്‍ അടങ്ങിയ ഹയര്‍ സെക്കന്‍ഡറി എന്നിവ ഒരുമിപ്പിച്ച് സെക്കന്‍ഡറി മേഖലയാക്കും. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ (എച്ച്.എസ്.എസ്.ടി.) പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് എന്ന് അറിയപ്പെടും. ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളില്‍ ഇവര്‍ പഠിപ്പിക്കണം. സ്‌കൂള്‍സമയം രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെ ആയിരിക്കും. അധ്യാപകരുടെ പ്രവൃത്തിസമയം രാവിലെ 8.15 മുതല്‍ വൈകിട്ട് 4.15 വരെയും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും പീര്യേഡുകള്‍. ദിവസവും ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ ലൈബ്രറി പ്രവര്‍ത്തനമോ പ്രാക്ടിക്കലോ ആയിരിക്കും.

നിലവില്‍ 16 മണിക്കൂറാണ് ആഴ്ചയില്‍ ഒരു അധ്യാപകന്‍ പഠിപ്പിക്കുന്നത്. പുതിയ ഘടനപ്രകാരം ഇംഗ്ലീഷ് അധ്യാപകന്‍ 20 മണിക്കൂറും മറ്റ് വിഷയങ്ങളിലെ അധ്യാപകര്‍ 25 മണിക്കൂറും ക്ലാസ്സെടുക്കേണ്ടിവരും. ഭാഷാവിഷയമായി മലയാളം, ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം ഇവയില്‍ ഏതെങ്കിലും ഒരെണ്ണംമാത്രം പഠിച്ചാല്‍ മതിയാകും. എല്ലാ പഞ്ചായത്തിലും ഒരു സെക്കന്‍ഡറി സ്‌കൂള്‍ ഉണ്ടായിരിക്കും. 600 വിദ്യാര്‍ഥികളും 16 ക്ലാസ്മുറികളും സെക്കന്‍ഡറി സ്‌കൂളില്‍ ഉണ്ടായിരിക്കണം. തൊഴില്‍പരിശീലനത്തിനായി സ്‌കില്‍ ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കും. റീട്ടെയില്‍ മാര്‍ക്കറ്റിങ്, കണ്‍സ്ട്രക്ഷന്‍, ടൂറിസവും ആരോഗ്യവും തുടങ്ങി വിവിധ മേഖലകളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പരിശീലനം നല്‍കും. ഒമ്പത്, പത്ത് ക്ലാസുകളില്‍ കുറഞ്ഞത് മൂന്ന് ഡിവിഷനുകളെങ്കിലും ഉണ്ടായിരിക്കണം. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 35 ആയിരിക്കും. 11, 12 ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 40 ആയിരിക്കും. നിലവില്‍ 42 ഓളം സബ്ജക്ട് കോമ്പിനേഷനുകളുള്ളത് 11 ആയി കുറയും. നിലവില്‍ എസ്.എസ്.എല്‍.സി.ക്ക് പത്തും ഹയര്‍ സെക്കന്‍ഡറിക്ക് അഞ്ചും വിഷയങ്ങളാണുള്ളത്. പുനഃസംഘടനപ്രകാരം പഠിക്കാനുള്ള വിഷയങ്ങളുടെ എണ്ണം എട്ടാണ്.

ദേശീയ വിദ്യാഭ്യാസനയപ്രകാരം 8+2+2 എന്നതാണ് രാജ്യത്തെമ്പാടും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന. ഇതിന് വിരുദ്ധമായി 7+5 എന്ന പുതിയ ഘടനയാണ് സംസ്ഥാനത്ത് സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി ഘടനാപരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നീക്കം ദേശീയ വിദ്യാഭ്യാസനയത്തിനും രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാനും എതിരാണെന്നും നിലവിലുള്ള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നതാണെന്നും ആരോപണമുയരുന്നു. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമാണ്. മറ്റ് സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍പോലും ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടുന്നു. നിര്‍ദ്ദിഷ്ട പുനഃസംഘടനപ്രകാരം ഹയര്‍ സെക്കന്‍ഡറിയും വി.എച്ച്.എസ്.സി.യും ഇല്ലാതാകുന്നതോടെ അവശേഷിക്കുന്ന ഗുണനിലവാരംകൂടി നഷ്ടപ്പെടാന്‍ ഇടയാകുമെന്ന് ആരോപണമുയരുന്നു. വി.എച്ച്.എസ്.ഇ.ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനോ ഹയര്‍ സെക്കന്‍ഡറിയും സെക്കന്‍ഡറിയും ഒന്നിപ്പിക്കാനോ നീക്കങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഉദ്യോഗസ്ഥതലത്തില്‍ പുനഃസംഘടനാപദ്ധതി തയ്യാറാക്കലും റിപ്പോര്‍ട്ട് വാങ്ങലും നടന്നിരിക്കുന്നത്.


ഘടനാപരിഷ്‌കരണം: ഗുണത്തെക്കാളേറെ ദോഷങ്ങള്‍


കൊല്ലം:സെക്കന്‍ഡറി വിദ്യാഭ്യാസ ഘടനാപരിഷ്‌കരണം സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ കത്തിന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ നല്‍കിയ മറുപടി റിപ്പോര്‍ട്ടില്‍ പദ്ധതി നടപ്പാക്കുന്നത് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഉണ്ടാക്കുകയെന്ന് മുന്നറിയിപ്പ്. വലിയ ചര്‍ച്ചകളും ആഴത്തിലുള്ള പഠനവും വേണ്ടുന്ന വിഷയമാണ് ഘടനാമാറ്റം. ഏറെ വിവാദങ്ങളും സംസ്ഥാനത്തെ വിദ്യാഭ്യാസ ചട്ടക്കൂടില്‍ വലിയ മാറ്റങ്ങളും വരുത്താന്‍ സാധ്യതയുള്ള പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസവിദഗ്ദ്ധരും അധ്യാപകസംഘടനാ പ്രതിനിധികളും അടങ്ങിയ സമ്പൂര്‍ണസമിതി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദ്ദേശത്തോടെയും ഹയര്‍ സെക്കന്‍ഡറിയിലെ കരിക്കുലവുമായും പുനഃസംഘടനയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എസ്. സി.ഇ.ആര്‍.ടി.ആണെന്നുള്ള പരിഭവത്തോടെയുമാണ് ഘടനാമാറ്റം സംബന്ധിച്ച ഗുണദോഷ റിപ്പോര്‍ട്ട് ജോയിന്റ് ഡയറക്ടര്‍ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്.


പദ്ധതി നടപ്പാക്കിയാല്‍ 9, 10 ക്ലാസുകളിലുണ്ടാകുന്ന ഗുണങ്ങള്‍


* അധ്യാപകരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുകയും ഇത് സര്‍ക്കാരിന്റെ സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യും.

* പുതുതായി ഒരു ഭാഷകൂടി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും.

* അവതരണകലകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നതിലൂടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിക്കും.

* 12വിഷയങ്ങള്‍ ഒമ്പതായി ചുരുങ്ങുന്നതിലൂടെ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയും.


9, 10 ക്ലാസുകളിലുണ്ടാകാനിടയുള്ള ദോഷങ്ങള്‍



* പ്രവൃത്തിദിനങ്ങളുടെ എണ്ണം ആറായി ഉയര്‍ത്തുന്നത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാരമാകും.

* ഹിസ്റ്ററിയും ജ്യോഗ്രഫിയും സോഷ്യല്‍ എന്നും ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും സയന്‍സ് എന്നുമുള്ള ഒറ്റ തലക്കെട്ടുകളിലാക്കുന്നത് പഠനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും.

* പുതിയ ഭാഷാവിഷയങ്ങള്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയത് അധികബാധ്യതയാകും.

* ആഴ്ചയില്‍ 16 മണിക്കൂറായിരുന്ന അധ്യാപകരുടെ ജോലിഭാരം 20 മുതല്‍ 25 മണിക്കൂറുകളായി മാറും.


11, 12 ക്ലാസുകളിലുണ്ടാകുന്ന ഗുണങ്ങള്‍


* 45 സബ്ജക്ട് കോമ്പിനേഷനുകള്‍ ഉണ്ടായിരുന്നത് അഞ്ചായി കുറയും.

* വലിയ വിഭാഗം അധ്യാപകര്‍ ഒഴിവാക്കപ്പെടുന്നത് സര്‍ക്കാരിന് സാമ്പത്തികലാഭം നല്‍കും.

* പ്രിന്‍സിപ്പലിനെ ക്ലാസെടുക്കുന്നതില്‍നിന്ന് ഒഴിവാക്കുന്നത് സ്‌കൂള്‍ഭരണം കാര്യക്ഷമമാക്കാന്‍ സഹായിക്കും.

* സ്‌കൂളില്‍ ക്ലര്‍ക്കിനെ നിയമിക്കണമെന്നുള്ള ശുപാര്‍ശ പ്രിന്‍സിപ്പലിന്റെ ജോലിഭാരം കുറയ്ക്കും.



11, 12 ക്ലാസുകളില്‍ ഉണ്ടാകാനിടയുള്ള ദോഷങ്ങള്‍


* ആറ് പേപ്പറുകള്‍ എട്ടായി ഉയര്‍ത്തുന്നത് വിദ്യാര്‍ഥികളുടെ പഠനഭാരം കൂട്ടുന്നതും ദേശീയവിദ്യാഭ്യാസ നയത്തിന് എതിരുമാണ്.

* മലയാളം പോലെയുള്ള ഭാഷാ വിഷയങ്ങള്‍ക്ക് പ്രാധാന്യമില്ലാതാകുന്നത് സംസ്ഥാനത്തെ സാമൂഹിക-സാംസ്‌കാരികമേഖലയെ ബാധിക്കും.

* സോഫ്റ്റ് കോര്‍ സബ്ജക്ടുകളില്‍ ഉപരിപഠനം നടത്തുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ഇല്ലാതാക്കുന്നു.

* പ്രധാനമായി 18 വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നിടത്ത് 11 വിഷയങ്ങള്‍മാത്രമാണ് പുതിയ ഘടനയില്‍ ഉള്‍പ്പെടുന്നത്.

* 24 ചെറിയ വിഷയങ്ങളുടെ പഠനത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത് ആ വിഷയങ്ങളിലെ അധ്യാപകരുടെ തൊഴില്‍നഷ്ടത്തിന്കാരണമാകും.

* തിയറി ക്ലാസുകളെക്കാള്‍ കൂടുതല്‍ സമയം പ്രാക്ടിക്കലിന് അനുവദിച്ചിരിക്കുന്നത് സ്വാഭാവികനീതിക്ക് വിരുദ്ധമാണ്.

* 42 വിഷയങ്ങള്‍ 11 ആയി കുറച്ചതിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തുന്നു.

* ലാബ് അസിസ്റ്റന്റ് തസ്തിക പ്യൂണ്‍ കം ലാബ് അസിസ്റ്റന്റ് എന്നാക്കി മാറ്റുന്നതിലൂടെ സ്‌കൂള്‍ ലാബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

ഇതിലും ഉപരിയായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്നതായിരിക്കും പുനഃസംഘടനയെന്നും ഇത് ബാധിക്കുന്ന മേഖലകളിലുള്ളവര്‍ക്ക് മതിയായ സമയം നല്‍കി പഠന റിപ്പോര്‍ട്ടുകള്‍ വാങ്ങിയശേഷമായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന നിര്‍ദ്ദേശത്തോടെയുമാണ് ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/