ലൈബ്രറികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ശമ്പളപരിഷ്‌കരണ ആനുകൂല്യം കിട്ടിയില്ല

Posted on: 02 Jul 2012



കോഴിക്കോട്: കേരളാലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ വിവിധ തസ്തികകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് ശമ്പളപരിഷ്‌കരണആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നുപരാതി. 2009 ജനവരിയില്‍ നിലവില്‍വന്ന ശമ്പള പരിഷ്‌കരണത്തിന്റെ ആനുകൂല്യമാണ് നിഷേധിക്കപ്പെടുന്നത്. മറ്റു ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുന്നതുപോലെ ആനുകൂല്യങ്ങള്‍ ലൈബ്രറികൗണ്‍സില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കാലാകാലങ്ങളില്‍ കിട്ടാറുണ്ട്.

എന്നാല്‍ കഴിഞ്ഞ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ സാങ്കേതിക തടസ്സങ്ങളുടെപേരില്‍ നിഷേധിക്കുകയാണ്.
ഉത്തരവിറങ്ങി മുന്നുവര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ കിട്ടാത്തതിനു പിന്നില്‍ ലൈബ്രറികൗണ്‍സിലിന്റെ നിഷേധാത്മക നടപടികളാണെന്ന് പെന്‍ഷന്‍കാര്‍ പറയുന്നു. മലബാര്‍ ജില്ലകളില്‍ നേരത്തേ നിലവിലുണ്ടായിരുന്ന ലോക്കല്‍ ലൈബ്രറി അതോറിറ്റിക്കു കീഴിലായിരുന്നു ഈ ജീവനക്കാര്‍. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യകാലത്ത് എല്‍.എല്‍.എ. നിലവിലുണ്ടായിരുന്നത്.

പിന്നീട് മലപ്പുറത്തും വയനാട്ടിലും ഇതു നിലവില്‍ വന്നു.സംസ്ഥാന ലെബ്രറി കൗണ്‍സില്‍ നിലവില്‍ വന്നതോടെ 1986-ല്‍ എല്‍.എല്‍.എ.കള്‍ അതിന്റെ ഭാഗമായി. ജീവനക്കാരും ലൈബ്രറികളുടെ ആസ്തികളുമെല്ലാം കൗണ്‍സിലിന്റെ ഭാഗമായിത്തീര്‍ന്നു. അന്ന് ലോക്കല്‍ ലൈബ്രറി അതോറിറ്റികളുടെ കീഴിലുള്ള ജീവനക്കാരാണ് വിരമിച്ചശേഷവും ആനുകൂല്യങ്ങള്‍ കിട്ടാത്തവരില്‍ ഭൂരിഭാഗവും.

എഴുപതു വയസ്സ് പിന്നിട്ടവരാണ് പെന്‍ഷന്‍കാരില്‍ ഭൂരിഭാഗവും. മറ്റ്‌വകുപ്പുകളിലെ സമാനതസ്തികകളിലേതിനേക്കാള്‍ കുറഞ്ഞ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളുമാണ് ഇവര്‍ക്ക് കിട്ടുന്നത്. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തുച്ഛമായ പെന്‍ഷന്‍കൊണ്ട് ജീവിക്കാനാവാത്ത സാഹചര്യത്തിലാണ് മിക്കപെന്‍ഷന്‍കാരും.

ഈ സമയത്താണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുന്നത്. ഇതിനെതിരെ പലതലങ്ങളില്‍ പരാതി നല്‍കിയിട്ടും അനുകൂലമായ നടപടിയുമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കുവാനും മറ്റ് സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുമുള്ള ഒരുക്കത്തിലാണ് ലോക്കല്‍ലൈബ്രറി അതോറിറ്റീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/