തീരദേശത്തെ പാര്‍പ്പിട-കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Posted on: 02 Jul 2012



ലത്തീന്‍ അതിരൂപത പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു


തിരുവനന്തപുരം: പ്രാര്‍ഥനയുടെ വിശുദ്ധി നിറച്ച് ആയിരക്കണക്കിന് വിശ്വാസികള്‍ നിരന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്ലാറ്റിനം ജൂബിലിയാഘോഷത്തിന് സമാപനം. അതിരൂപതയുടെ എഴുപത്തിയഞ്ചുകൊല്ലത്തെ പ്രവര്‍ത്തനവും പാരമ്പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു പ്രദക്ഷിണത്തിലെ ജനപങ്കാളിത്തം. ശംഖുംമുഖത്ത് പണിതീര്‍ത്ത ജോണ്‍പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള കപ്പേളയുടെ ആശീര്‍വാദ കര്‍മത്തോടെയായിരുന്നു ആഘോഷസമാപനത്തിന് തുടക്കം.

ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റിന്‍സ് ഗ്രൗണ്ടില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തീരപ്രദേശത്തുള്ളവര്‍ അനുഭവിക്കുന്ന തീക്ഷ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു പ്രശ്‌നങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നത്. വീടുകള്‍ ഇല്ലാത്തതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം. ഇവ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയോടെയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രവര്‍ത്തിച്ചിട്ടുള്ളത്. വിദ്യാഭ്യാസ, സാമൂഹിക, ആരോഗ്യ രംഗങ്ങളില്‍ സ്തുത്യര്‍ഹ സേവനമാണ് നടത്തിയിട്ടുള്ളത്. ബഹിരാകാശ ശാസ്ത്രരംഗത്ത് അനുദിനം കുതിക്കുന്ന ഐ.എസ്.ആര്‍.ഒയ്ക്ക് ഭൂമി ലഭ്യമാക്കിയത് ഈ അതിരൂപതയാണ്. പിന്നാക്കവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതില്‍ ശ്രദ്ധചെലുത്തിയ അതിരൂപതയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്രം സമഗ്രപരിപാടി ആവിഷ്‌ക്കരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരുകള്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനത്തിനും രൂപം നല്‍കിക്കൊണ്ടാണ് ലത്തീന്‍ അതിരൂപത പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് ആര്‍ച്ച് ബിഷപ് എം. സൂസപാക്യം പറഞ്ഞു. ഇതിനായി സഭയിലെ വിവിധ കൂട്ടായ്മകളെ ഏകോപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സുവിശേഷവത്കരണം എല്ലാ തലങ്ങളിലുമെത്തേണ്ടതുണ്ടെന്ന് അധ്യക്ഷപ്രസംഗം നടത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, ഡോ. ശശിതരൂര്‍ എം.പി. മേയര്‍ കെ. ചന്ദ്രിക, മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വരാപ്പുഴ മെത്രാപ്പോലീത്ത ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ജൂബിലി ആഘോഷം സമാപിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/