തമിഴ്‌നാട്ടില്‍ ഉല്‌പാദനം കുറഞ്ഞു; അരിവില കുതിച്ചുയരുന്നു

Posted on: 02 Jul 2012


ടി.ജി. ബേബിക്കുട്ടി



തിരുവനന്തപുരം: അരിവില പിടിച്ചുനിര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിപണിയില്‍ അരിവില കുതിച്ചുയരുന്നു. വിവിധ ബ്രാന്‍ഡുകളിലുള്ള വെള്ള അരിയ്ക്ക് പത്തു ദിവസത്തിനിടെ പല സ്ഥലങ്ങളിലും കിലോയ്ക്ക് അഞ്ചു മുതല്‍ പത്തു രൂപ വരെ കൂടിയിട്ടുണ്ട്. അതേസമയം ആന്ധ്ര അരിയുടെ വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള അരിവരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്.

വൈദ്യുതി ക്ഷാമം മൂലം ഉല്പാദനം കുറഞ്ഞതാണ് തമിഴ്‌നാട് വിപണിയെ ബാധിച്ചത്. മൊത്തവില്പനക്കാര്‍ അരിവില ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. മഴ കുറഞ്ഞതും തമിഴ്‌നാട്ടിലെ നെല്ലുല്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഓണം വിപണി ലക്ഷ്യംവെച്ച് ഇടനിലക്കാര്‍ വന്‍തോതില്‍ അരി വാങ്ങി പൂഴ്ത്തിവയ്ക്കുന്നതായും ആക്ഷേപമുണ്ട്. മഴകുറഞ്ഞതും തമിഴ്‌നാട്ടിലെ വൈദ്യുതി ക്ഷാമവും ഓണം വിപണിയില്‍ അരി, പച്ചക്കറി വിലയില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്നാണ് ആശങ്ക.

തമിഴ്‌നാട്ടില്‍ നിന്നുള്ള 74 കിലോ വരുന്ന ഒരുചാക്ക് അരിയ്ക്ക് നേരത്തെ 1650 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 2050 ആയാണ് ഉയര്‍ന്നിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് നെല്ല് കിട്ടാതായതോടെ സംസ്ഥാനത്തെ ചില മില്ലുകാരും ചില ബ്രാന്‍ഡുകളുടെ വില ഉയര്‍ത്തിയിട്ടുണ്ട്. ചില ബ്രാന്‍ഡ് റോസ് അരിയ്ക്ക് ചാക്കിന് 300 രൂപയുടെ വരെ വര്‍ധനവുണ്ടായി. 280 രൂപയ്ക്ക് വിറ്റിരുന്ന പത്തു കിലോയുടെ പായ്ക്കറ്റിന് ഇപ്പോള്‍ പലയിടത്തും 340 രൂപ വരെ ഉയര്‍ന്നു.

പത്തു ദിവസമായി തമിഴ്‌നാട് അരിക്ക് ദിവസവും വില ഉയരുന്ന സാഹചര്യമാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തക്കച്ചവടക്കാര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അരി കിലോയ്ക്ക് രണ്ടു രുപമുതല്‍ നാലു രൂപവരെ ഉയര്‍ത്തിയിട്ടുമുണ്ട്. തമിഴ്‌നാട്, ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ അരി കയറ്റുമതി ചെയ്യുന്നതും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ട്. ഗള്‍ഫ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇവിടെനിന്നുള്ള അരിയ്ക്ക് ഡിമാന്‍ഡ് ഏറെയാണ്. കഴിഞ്ഞവര്‍ഷം ബസുമതി ഉള്‍പ്പെടെയുള്ള 70 ലക്ഷം മെട്രിക് ടണ്‍ അരി രാജ്യത്തുനിന്ന് കയറ്റി അയച്ചിരുന്നു.

കുട്ടനാട്ടില്‍ നിന്നും മറ്റും നെല്ല് സംഭരിച്ച് കുത്തരിയാക്കി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതിയും വേണ്ടത്ര ഫലപ്രദമാകുന്നില്ല. തിരഞ്ഞെടുത്ത ജില്ലകളില്‍ മാത്രമേ ഇങ്ങനെ കുത്തരി നല്‍കാനാവുന്നുള്ളൂ. റേഷന്‍കടകളില്‍ എത്തുന്ന അരിക്ക് കുട്ടനാടന്‍ അരിയുടെ നിലവാരം മിക്കപ്പോഴും ഉണ്ടാകാറില്ല. തമിഴ്‌നാട്ടില്‍ നിന്നും മറ്റും ശേഖരിക്കുന്ന വിലകുറഞ്ഞ അരിയാണ് കുത്തരിയായി കടകളില്‍ എത്തുന്നതെന്നാണ് ആക്ഷേപം.

അരിവില ഉയര്‍ന്നതിനെത്തുടര്‍ന്ന് റേഷന്‍ കടകള്‍വഴിയും മറ്റും സര്‍ക്കാര്‍ അരിവിതരണം ആരംഭിച്ചിട്ടും പൊതുവിപണിയില്‍ വില പിടിച്ചുനിര്‍ത്താനാകുന്നില്ല. റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്താന്‍ എല്ലാ മാസവും 15-ാം തീയതി വരെ കാത്തിരിക്കേണ്ടിവരുന്നതായി റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഇതുകാരണം മിക്കവരും പൊതുവിപണിയെ ആശ്രയിക്കേണ്ടി വരുന്നത് വിപണിയില്‍ അരിയുടെ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളില്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്ത വിധം അരി സ്റ്റോക്കുണ്ട്. പലയിടത്തും സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനാല്‍ അരി നശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/