കാരായിമാരെ കാണാന്‍ ജയരാജന്മാര്‍ ജയിലിലെത്തി

Posted on: 01 Jul 2012



കൊച്ചി: 'അനാരോഗ്യ'മുണ്ടെങ്കിലും ജയിലില്‍ കഴിയുന്ന കാരായിമാരെ കാണാന്‍ സി.പി.എം. നേതാവ് പി. ജയരാജന്‍ ശനിയാഴ്ച എം. വി. ജയരാജനോടൊപ്പം എത്തി. ഫസല്‍ വധക്കേസിലെ പ്രതിയായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്നത്. ജയിലില്‍ എത്തിയ ഇരുവരും പ്രതികളെ കാണാന്‍ അപേക്ഷാഫോറം പൂരിപ്പിച്ചു നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അകത്ത് പ്രവേശിപ്പിച്ചതെന്ന് ജയില്‍ സൂപ്രണ്ട് സുനില്‍കുമാര്‍ അറിയിച്ചു.

കാരായിമാരെ പാര്‍പ്പിച്ചിട്ടുള്ള പ്രത്യേക സെല്ലില്‍ ഇരുവരും നേരിട്ടെത്തി 20 മിനിറ്റോളം ചെലവഴിച്ചു. തിരിച്ച് കണ്ണൂര്‍ക്ക് മടങ്ങുമ്പോള്‍ പി. ജയരാജന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഒരു സ്വകാര്യ ആസ്​പത്രിയില്‍ ഡോക്ടറെ കണ്ടതിനുശേഷമാണ് യാത്ര തുടര്‍ന്നത്. ഷുക്കൂര്‍ വധക്കേസില്‍ ഹാജരാകാന്‍ പി. ജയരാജന് കണ്ണൂര്‍ പോലീസ് നോട്ടീസ് നല്‍കിയതാണ്. എന്നാല്‍ ശാരീരിക സുഖമില്ലാത്തതിനാല്‍ അദ്ദേഹം സമയം ചോദിച്ചിരിക്കുകയാണ്. അതിനു ശേഷം ജയരാജന്‍ പത്രസമ്മേളനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കണ്ണൂരില്‍ നിന്ന് യാത്ര ചെയ്ത് കൊച്ചിയില്‍ എത്തിയ ജയരാജന്റെ നടപടി ഗൗരവത്തോടെ വീക്ഷിക്കുമെന്ന് കണ്ണൂര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 5ന് ജയരാജന്‍ ഹാജരായില്ലെങ്കില്‍ കോടതിയെ കണ്ണൂര്‍ പോലീസ് അറിയിക്കും. കാരായിമാരെ സി.ബി.ഐ. കസ്റ്റഡിയില്‍ സി. ജെ. എം. കോടതി വിട്ടിരുന്നുവെങ്കിലും ഹൈക്കോടതി അത് തടഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതികളെ ശനിയാഴ്ച ജില്ലാ ജയിലില്‍ എത്തിച്ചത്. നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കാരായിമാര്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.



Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/