ഫസല്‍ വധം: കാരായിമാരെ സിബിഐ കൂടുതല്‍ തെളിവിനായി ചോദ്യം ചെയ്യണം: കോടതി

Posted on: 29 Jun 2012



കൊച്ചി: ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കസ്റ്റഡിയില്‍ വച്ച് സിബിഐ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി ഉത്തരവായി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ നല്‍കിയ അപേക്ഷ അനുവദിച്ചുകൊണ്ടാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് പി. ശശിധരന്റെ ഉത്തരവ്. കുറ്റകൃത്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും കിട്ടാനുണ്ടെന്നുള്ള സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ പ്രതികള്‍ ഇപ്പോള്‍ ജില്ലാ ജയിലിലാണ്. പ്രതികളെ വെള്ളിയാഴ്ച രാവിലെ 11ന് കോടതിയില്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കണം. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ തങ്ങളെ ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നത് നിയമവിരുദ്ധമായതാണെന്നുള്ള പ്രതികളുടെ വാദം കോടതി തള്ളി. സിപിഎം പ്രവര്‍ത്തകനായ ഫസല്‍ എന്‍ഡിഎഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് സിപിഎം കാര്‍ക്ക് രാഷ്ട്രീയ വൈരാഗ്യം ഉണ്ടായത്.

കൊലയ്ക്കുള്ള ഗൂഢാലോചന നടത്തിയത് കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്ന് കുറ്റപത്രത്തില്‍ സിബിഐ ആരോപിച്ചു. കൊല നടത്താന്‍ ഒന്നാം പ്രതി കൊടി സുനിയാണ് മറ്റ് പ്രതികളെ നിയോഗിച്ചത്. കണ്ണൂര്‍ ജില്ലയിലെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കാരായിമാരാണെന്നും അവര്‍ അറിയാതെ ഒരൊറ്റ രാഷ്ട്രീയ കൊലപാതകവും നടക്കില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കാരായിമാരെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുന്നത് വിലപ്പെട്ട വിവരങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് സിബിഐ കരുതുന്നു. നിരവധി സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പിന്തിരിപ്പിച്ചതായും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേക്കുറിച്ചും കൂടുതല്‍ അന്വേഷണം നടക്കണം. കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തിയ നാലാം പ്രതിയായ അരുണ്‍ ദാസിനെ തിരിച്ചറിഞ്ഞ യുവതിയുടെ മൊഴിമാറ്റാനും പ്രതികള്‍ ശ്രമിച്ചിരുന്നു.

പ്രതികളെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്ന തലശ്ശേരിയില്‍ പ്രതികളെ കൊച്ചിയില്‍ നിന്ന് കൊണ്ടുപോയി സിബിഐ തെളിവെടുക്കും. 2006ലാണ് ഫസല്‍ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളില്‍ പ്രതികള്‍ എത്തിയാണ് കൊല നടത്തിയത്. ഒരു ബൈക്ക് കൂടി കണ്ടെടുക്കാനുണ്ടെന്ന് കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്. എട്ട് പ്രതികള്‍ക്കാണ് കുറ്റപത്രം നല്‍കിയത്. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/