
മോസ്‌കോ: തുര്‍ക്കിയുടെ സേനാ വിമാനത്തിനു നേരെ സിറിയ വീണ്ടും വെടിവെപ്പ് നടത്തി. വെള്ളിയാഴ്ച സിറിയ വെടിവെച്ചു വീഴ്ത്തിയ എഫ്-4 ഫാന്റം യുദ്ധ വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തിയ മറ്റൊരു വിമാനത്തിനു നേരെയായിരുന്നു പുതിയ ആക്രമണം. ഇതോടെ സിറിയയെ ശത്രുവായി കണക്കാക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി റിസെപ് തയ്യിപ് എര്‍ദോഗന്‍ മുന്നറിയിപ്പ് നല്കി.
സിറിയ വെടിവെച്ചെങ്കിലും വിമാനത്തിന് അപകടമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വെള്ളിയാഴ്ച വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരെ ഇതുവരെ കണ്ടെത്താനായില്ല. അതിനിടെ വെടിവെച്ചിട്ട തുര്‍ക്കി വ്യോമസേനാ വിമാനം അതിര്‍ത്തി ലംഘിച്ചതായി സിറിയ ആവര്‍ത്തിച്ചു. തുര്‍ക്കിയെ പിന്തുണയ്ക്കുകയും സിറിയയെ അപലപിക്കുകയും ചെയ്ത നാറ്റോ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബ്രസ്സല്‍സില്‍ യോഗം ചേരും.
മുന്നറിയിപ്പ് അവഗണിച്ച് സിറിയ വീണ്ടും ആക്രമണം നടത്തിയത് തുര്‍ക്കിയെ തിരിച്ചടിക്കാന്‍ പ്രേരിപ്പിക്കുമോ എന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. അതിര്‍ത്തിയില്‍ സിറിയന്‍ സൈന്യമെത്തിയാല്‍ അത് സുരക്ഷാഭീഷണിയായി കണ്ട് സൈനികമായി നേരിടുമെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്. ആകസ്മികമായ അതിര്‍ത്തിലംഘനം ആക്രമണത്തിനുള്ള കാരണമല്ല. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ തുര്‍ക്കിയുടെ റഡാര്‍ സംവിധാനം പരിശോധിക്കാന്‍ നിയോഗിച്ച പരിശീലനവിമാനമാണ് സിറിയ വെടിവെച്ചിട്ടത്. - എര്‍ദോഗന്‍ വ്യക്തമാക്കി.
സിറിയന്‍ നടപടി സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ നാറ്റോ തുര്‍ക്കിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിറിയ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്തതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് നാറ്റോ സെക്രട്ടറിജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റസ്മുസെന്‍ പറഞ്ഞു.