മുംബൈ ഭീകരാക്രമണം: നിര്‍ദേശങ്ങള്‍ നല്കിയ ലഷ്‌കര്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Posted on: 26 Jun 2012



ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് പാകിസ്താനിലിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കിയ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അന്‍സാരി എന്ന അബു ജിന്‍ഡാല്‍ (30) ആണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളിയാഴ്ച അറസ്റ്റിലായത്. ഇയാളെ 15 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

2008 നവംബറില്‍ മുംബൈ ഭീകരാക്രമണം നടത്തിയ പത്തുപേരെ ഹിന്ദി പരിശീലിപ്പിച്ചത് അന്‍സാരിയാണ്. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ പത്തു ലഷ്‌കര്‍ പ്രവര്‍ത്തകരും അവരെ പാകിസ്താനില്‍ നിന്ന് നിയന്ത്രിച്ചവരും തമ്മിലുള്ള ദുരൂഹസംഭാഷണത്തിലെ ശബ്ദം തിരിച്ചറിയാന്‍ അന്‍സാരിയുടെ അറസ്റ്റ് സഹായിച്ചു. മുംബൈ നരിമാന്‍ ഹൗസില്‍ അക്രമം നടത്തിയ ലഷ്‌കര്‍ പ്രവര്‍ത്തകരോട് ''ഈ അക്രമം ഒരു പരീക്ഷണം മാത്രമാണ്, ശരിക്കുള്ളത് വരാനിരിക്കുന്നതേയുള്ളൂ'' എന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ നിര്‍ദേശിച്ചത് അന്‍സാരിയാണ്.

അന്‍സാരിയുടെ ശബ്ദം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഗള്‍ഫില്‍ ഇയാളുടെ ചലനങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയായിരുന്നു. 'പ്രശാസന്‍' (സര്‍ക്കാര്‍) പോലുള്ള ശുദ്ധമായ ഹിന്ദി പദങ്ങളാണ് സംഭാഷണത്തില്‍ അന്‍സാരി ഉപയോഗിച്ചത്. പാക് ബന്ധം മറച്ചുവെക്കണമെന്ന് മുംബൈ ഭീകരപ്രവര്‍ത്തനം നടത്തിയവരോട് അന്‍സാരി നിര്‍ദേശിച്ചിരുന്നു. ഹൈദരാബാദിലെ ടോളിചൗക്കില്‍ നിന്നുള്ള ഡക്കാന്‍ മുജാഹിദീനുകളാണെന്ന് പുറത്തുപറഞ്ഞാല്‍ മതിയെന്നായിരുന്നു അന്‍സാരിയുടെ നിര്‍ദേശം.




ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചതിനും ഭീകരപ്രവര്‍ത്തനം നടത്തിയതിനും അന്‍സാരിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസുമുണ്ട്. ഇന്ത്യന്‍ മുജാഹിദീനുമായും ബന്ധമുള്ള ലഷ്‌കര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നാണ് സൂചന. സയ്യിദ് സബിയുദ്ദീന്‍, അബു ഹംസ, റിയാസത് അലി എന്നീ പേരുകളിലും അറിയപ്പെടുന്ന അന്‍സാരിയെ കഴിഞ്ഞ മൂന്നുവര്‍ഷമായി സുരക്ഷാ ഏജന്‍സികള്‍ തിരയുകയായിരുന്നു. മുംബൈയില്‍ ഭീകരാക്രമണം നടത്തേണ്ട സ്ഥലങ്ങള്‍ തിരഞ്ഞെടുത്തതും അന്‍സാരിയാണത്രെ.

ഭീകരാക്രമണത്തിനെത്തുടര്‍ന്ന് പിടിയിലായ ഏക ഭീകരവാദി അജ്മല്‍ കസബിന്റെ മൊഴിയിലും അന്‍സാരിയുടെ കാര്യം പറയുന്നുണ്ട്. പ്രത്യേക കോടതിയില്‍ കസബ് നല്‍കിയ മൊഴിയിലാണ് അന്‍സാരിയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഹിന്ദി സംസാരിക്കേണ്ടതെന്ന് അബു ജിന്‍ഡാല്‍ എന്നൊരാള്‍ പഠിപ്പിച്ചിരുന്നതായി കസബിന്റെ മൊഴിയുണ്ട്.

മഹാരാഷ്ട്രയിലെ ബീഡിലുള്ള ഇന്ത്യന്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിച്ച അന്‍സാരിയെക്കുറിച്ച് 2005 മുതല്‍ വിവരമുണ്ടായിരുന്നില്ല. നിരോധിത സംഘടനയായ സിമിയില്‍ നിന്ന് 2002-ലെ ഗുജറാത്ത് കലാപത്തിനു ശേഷമാണ് അന്‍സാരി ലഷ്‌കറിലെത്തുന്നത്.

കറാച്ചിയിലും പാക് അധീന കശ്മീരിലും അന്‍സാരി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നതായി വിവിധ കേസുകളില്‍ അറസ്റ്റിലായ തീവ്രവാദികളെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.

അതേസമയം, അബു ജിന്‍ഡാലിന്റെ അറസ്റ്റ് ആഭ്യന്തരമന്ത്രി പി. ചിദംബരം തിങ്കളാഴ്ച സ്ഥിരീകരിച്ചു. ജിന്‍ഡാലിനെ റിമാന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

അബു ജിന്‍ഡാലിനെ അറസ്റ്റ് ചെയ്തതിന് ഡല്‍ഹി പോലീസിനെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ അഭിനന്ദിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/