ചന്ദ്രശേഖരന്‍ വധത്തിലും കാരായി രാജനെ ചോദ്യം ചെയ്യും

Posted on: 23 Jun 2012



കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയിലും പങ്കാളിയായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും.

കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ പ്രൊഡഷക്ഷന്‍ വാറന്റ് നല്‍കി കസ്റ്റഡിയില്‍ വാങ്ങാനാവില്ല. അതുകൊണ്ട് ജയിലില്‍ പോയി മൊഴി എടുക്കാനാണ് സാധ്യതയെന്നറിയുന്നു. ചോദ്യംചെയ്യല്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ല.

കേസില്‍ നേരത്തേ പിടിയിലായ കൊടിസുനിയാണ് കാരായി രാജനെതിരെ മൊഴി നല്‍കിയത്. ചന്ദ്രശേഖരനെ കൊല്ലാന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനൊപ്പം തലശ്ശേരിയില്‍ വെച്ച് കാരായി രാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് കൊടി സുനി പറഞ്ഞത്. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് കൊടിസുനി ദൗത്യമേറ്റെടുത്തതും. ചന്ദ്രശേഖരനെ കൊല്ലാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നതിനെക്കുറിച്ചും രാജന്‍ പലതവണ അന്വേഷിച്ചിരുന്നു.

കൃത്യം നടക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റ സിജിത്തിനെ കൂത്തുപറമ്പ് സഹകരണ ആസ്​പത്രിയിലെത്തിച്ചത് രാജനാണ്. തലശ്ശേരി സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിനു സമീപത്ത് നിന്നാണ് ഇയാളുടെ കാറില്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോയത്. ഇത്തരമൊരു സംഭവത്തിനിടെ പരിക്കേറ്റതാണെന്ന് പുറത്തറിയാതിരിക്കാന്‍ ഒന്നും സംസാരിക്കരുതെന്ന് സിജിത്തിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അതിനാല്‍ ഗൂഢാലോചനയ്ക്ക് പുറമേ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കാരായി രാജനെതിരെ ചുമത്തും. ടി.കെ. രജീഷ് പങ്കാളിയായ കണ്ണൂരിലെ മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നിലും രാജനാണെന്ന് രജീഷും മൊഴി നല്‍കിയിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അറിയാവുന്നയാളാണ് കാരായി രാജന്‍. അതിനാല്‍ പി.കെ. കുഞ്ഞനന്തനെ പിടികൂടാന്‍ വൈകിയാലും കാരായി രാജനില്‍ നിന്ന് ഗൂഢാലോചനയുടെ ഉന്നത തലത്തിലുള്ള ഇടപെടലുകളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. ഫസല്‍ വധക്കേസില്‍ രാജന്‍ കീഴടങ്ങിയത് പോലീസിന് കൂടുതല്‍ സൗകര്യമായി.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/