ലോക്കല്‍ പോലീസ്, ക്രൈംബ്രാഞ്ച്; ഒടുവില്‍ സി.ബി.ഐ.

Posted on: 23 Jun 2012



തലശ്ശേരി: എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ പിലാക്കൂല്‍ ഒളിയിലക്കണ്ടി വീട്ടില്‍ മുഹമ്മദ് ഫസല്‍ (53) കൊല്ലപ്പെട്ട കേസ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് സി.ബി.ഐ.യിലെത്തിയത്. സുപ്രീം കോടതിവരെയുള്ള നിയമ നടപടികള്‍ക്ക് ശേഷമാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്.

2006 ഒക്‌ടോബര്‍ 22ന് പുലര്‍ച്ചെ 3.30നാണ് ഫസല്‍ കൊല്ലപ്പെട്ടത്. സംഭവസമയം തലശ്ശേരി സി.ഐ.യായിരുന്ന പി.സുകുമാരന്‍ ഒരു ദിവസം കേസന്വേഷിച്ചു. രണ്ടാമത്തെ ദിവസം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.രാധാകൃഷ്ണന്‍ അന്വേഷണച്ചുമതലയേറ്റെടുത്തു.

സംഭവത്തിനു പിന്നില്‍ സി.പി.എമ്മിന് പങ്കുള്ളതായി പ്രാഥമികന്വേഷണത്തില്‍ കണ്ടെത്തി. കൊടി സുനിയെ കസ്റ്റഡിയിലെടുത്തു. കാരായി ചന്ദ്രശേഖരനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, കസ്റ്റഡിയിലെടുത്ത കൊടി സുനിയെ വിട്ടയക്കണമെന്ന് സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടു. രണ്ടാഴ്ച ലോക്കല്‍ പോലീസിലെ പ്രത്യേക സംഘം അന്വേഷിച്ച കേസ് തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.

കേസിലെ മറ്റ് ഭാഗങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നുവെന്നായിരുന്നു അന്നത്തെ ഔദ്യോഗിക വിശദീകരണം. ഇതിനുശേഷം ഫസലിന്റെ ഭാര്യ മറിയു കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതുവരെ കേസന്വേഷിച്ച എസ്.പി.മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തില്‍നിന്ന് അതോടെ അന്വേഷണം മാറ്റി. അപ്പോഴേക്കും ക്രൈംബ്രാഞ്ച് അന്വേഷം മൂന്ന് മാസം പിന്നിട്ടിരുന്നു.

എസ്.പി.രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘം അന്വേഷണം ഏറ്റെടുത്തു. പുതിയ സംഘം മൂന്ന് മാസംകൂടി അന്വേഷിച്ചിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് മറിയു വീണ്ടും ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. മറിയു ആദ്യം ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ റിട്ട് ഹര്‍ജി തള്ളിയ കോടതി അന്വേഷണം നേരായവഴിക്കല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മറിയു നല്‍കിയ റിട്ട് ഹര്‍ജി വിചാരണക്ക് വരുന്നതിന്റെ തലേദിവസം മൂന്ന് സി.പി.എം. പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വയലളം നെടിയകുറ്റിയില്‍ വീട്ടില്‍ കൊയേരി ബിജു, പാച്ചൂട്ടി ബിജു എന്ന ബിജേഷ്, വയലളം പപ്പന്റെ പീടിക മൊട്ടേമ്മല്‍ വീട്ടില്‍ എം.കെ.ജിതേഷ് എന്ന ജിത്തു, നിടുമ്പ്രം ഇല്ലത്ത് പീടിക മീത്തലെ ചാലില്‍ വീട്ടില്‍ കൊടി സുനി എന്ന സുനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയ വിവരം അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതികളെ പിടികൂടിയതിനെത്തുടര്‍ന്ന് കോടിയേരിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനമുള്‍പ്പെടെ നടത്തി.

അന്നത്തെ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ സി.പി.എം.പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ജന്മനാട്ടില്‍ നടന്ന പ്രതിഷേധം സി.പി.എം. നേതൃത്വമിടപെട്ട് ഒതുക്കി.

ഇതിനുശേഷം മറിയു വീണ്ടും സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് ഡയറി പരിശോധിച്ച കോടതി പോലീസിനെതിരെ രൂക്ഷവിമര്‍ശം നടത്തി.

സംസ്ഥാന സര്‍ക്കാറിനേയും പോലീസിനെയും വിമര്‍ശിച്ച സിംഗിള്‍ ബെഞ്ച് കേസ് 2008 ഫിബ്രവരി 14ന് സി.ബി.ഐക്ക് കൈമാറി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കേസ് സി.ബി.ഐ.ക്കു കൈമാറിയത് 2008 സപ്തംബര്‍ നാലിന് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഇതോടെ, സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സി.ബി.ഐ, അന്വേഷണത്തെ ഭയക്കുന്നതെന്തിന് എന്ന പരാമര്‍ശത്തോടെ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി.

കേസ് സി.ബി.ഐ.ക്ക് കൈമാറിയെങ്കിലും ഫയല്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടു. ഫയല്‍ നല്‍കാതെ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് മറിയു വീണ്ടും ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതിനുശേഷമാണ് ഫയല്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

നാലുവര്‍ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ സി.ബി.ഐ. കുറ്റപത്രം നല്‍കി. അതിലാണ് കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിസ്ഥാനത്ത് എത്തിയത്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/