കാരായി രാജന്‍ നേതൃത്വത്തിന് പ്രിയങ്കരന്‍
Posted on: 23 Jun 2012
കണ്ണൂര്‍:യുവജനനേതാവായി സി.പി.എമ്മിന്റെ മുഖ്യധാരയിലേക്കു കടന്നുവന്ന കാരായി രാജന്‍ എന്നും നേതൃത്വത്തിനു പ്രിയങ്കരനായിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതും അതിന്റെ ഭാഗം തന്നെ.
പത്തു വര്‍ഷത്തോളം സി.പി.എമ്മിന്റെ തലശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന രാജന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ഫസല്‍ വധക്കേസില്‍ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും പേരുകള്‍ സി.ബി.ഐ. പുറത്തുവിടുന്ന കാലത്തു തന്നെയായിരുന്നു ഇത്. കേസന്വേഷണം നടക്കുമ്പോള്‍ ഏരിയാ സെകട്ടറിസ്ഥാനത്തു തുടരുന്നതിലെ അസൗകര്യം കണക്കിലെടുത്തായിരുന്നു ഈ മാറ്റം.
ജില്ലാ സമ്മേളനത്തിനു ശേഷമായിരുന്നു സ്ഥാനക്കയറ്റം. എന്നാല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ പല മുതിര്‍ന്ന സഖാക്കളെയും മറികടന്നായിരുന്നു ഈ പ്രമോഷന്‍ എന്നത് പാര്‍ട്ടിക്കകത്ത് ചെറിയ മുറുമുറുപ്പുകള്‍ക്കും ഇടനല്‍കി. വി.ജി.പത്മനാഭന്‍, ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, എന്‍.ചന്ദ്രന്‍, പി.പി.ദാമോദരന്‍ തുടങ്ങിയവര്‍ രാജനെക്കാള്‍ വളരെ മുമ്പുതന്നെ ജില്ലാ കമ്മിറ്റിയിലെത്തിയവരാണ്. അത്തരക്കാരെ മറികടന്നാണ് രാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംകണ്ടത്. പാര്‍ട്ടിയിലെ ഔദ്യോഗികനേതൃത്വത്തിന്റെ പ്രത്യേക താത്പര്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇത്.
കാരായി രാജനെ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന ഘട്ടമെത്തിയതോടെ സി.ബി.ഐ.യുടെ കൊച്ചിയിലെ ആസ്ഥാനത്തേക്കുവരെ മാര്‍ച്ച് നടത്താന്‍ പാര്‍ട്ടി രംഗത്തിറങ്ങി. എന്തുവില കൊടുത്തും രാജനെ സംരക്ഷിക്കാനായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. അതിനാലാണ് തലശ്ശേരിയില്‍ ക്യാമ്പ് ചെയ്ത സി.ബി.ഐ. സംഘത്തെപ്പോലും വെട്ടിച്ച് രാജനെയും ചന്ദ്രശേഖരനെയും പാര്‍ട്ടി തന്നെ സംരക്ഷിച്ചുനിര്‍ത്തിയത്. ഒടുവില്‍ അറസ്റ്റ് വാറന്റ് വന്നതോടെയാണ് ഇരുവരും കോടതിയില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സ്വന്തം തട്ടകത്തിലെ ഏറ്റവും വിശ്വസ്തരില്‍ പ്രമുഖനായിരുന്നു രാജന്‍. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി കാത്തിരുന്ന നേതൃത്വത്തിന് ജാമ്യം നിഷേധിച്ച നടപടി തിരിച്ചടിയായി. സുപ്രീം കോടതിയെ സമീപിക്കാനും ഒരുഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം ആലോചിച്ചിരുന്നു.