മുടക്കോഴി മലയില്‍ കൊടി സുനിയും സംഘവും കഴിഞ്ഞത് 30 ദിവസം

Posted on: 16 Jun 2012




ഇരിട്ടി: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ സി.പി.എം. പാര്‍ട്ടിഗ്രാമമായ മുടക്കോഴിയിലെ കൊടുംവനത്തിലുള്ള ഒളിത്താവളത്തില്‍ കഴിഞ്ഞത് 30 ദിവസം

കൊലപാതകത്തിന് ശേഷം മാലൂര്‍ പഞ്ചായത്തിലെ കുണ്ടേരിപ്പൊയിലില്‍ ഒളിവില്‍ പാര്‍ത്ത സംഘം അവിടെ സുരക്ഷിതമല്ലെന്ന് കണ്ട് മെയ് 15നാണ് മുടക്കോഴി മലയിലെ സങ്കേതത്തിലെത്തിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഒളിത്താവളം ഒരുക്കിയത്. പ്രതികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ചുമതല മുടക്കോഴിയിലെ നാല് ബ്രാഞ്ച് കമ്മിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്തര്‍ക്കായിരുന്നു. നാലു കമ്മിറ്റികളിലെയും ചിലര്‍ക്ക് മാത്രമേ ഒളിത്താവളത്തെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ.

നേരത്തെയും മുടക്കോഴിയില്‍ പ്രതികള്‍ക്ക് പാര്‍ട്ടി ഒളിത്താവളം ഒരുക്കിക്കൊടുത്തിട്ടുണ്ട്. അന്നൊന്നും വിവരങ്ങള്‍ ചോര്‍ന്നിരുന്നില്ല. അതിനാലാണ് ഇതൊരു സുരക്ഷിത കേന്ദ്രമായി കരുതിപ്പോന്നത്. വിളക്കോട്ടെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കൊന്ന കേസിലെ പ്രതികളും ഇവിടെ ഒളിവില്‍ പാര്‍ത്തിരുന്നു. പ്രാദേശികമായി ഉണ്ടാകുന്ന അക്രമ-സ്‌ഫോടനക്കേസ്സുകളിലെ പ്രതികളും ഇവിടെ ഒളിക്കാറുണ്ട്.

പോലീസുമായി പാര്‍ട്ടിനേതൃത്വം ധാരണയില്‍ എത്തിയശേഷം പ്രതികളെ ഹാജരാക്കുകയായിരുന്നു പതിവ്.

കൊടി സുനിയും സംഘവും ഒളിത്താവളത്തില്‍ ഉച്ചക്ക് ചോറുണ്ടാക്കുമായിരുന്നു. കറിയും രാവിലെയും രാത്രിയുമുള്ള ഭക്ഷണവും പുറത്തുനിന്ന് വിശ്വസ്തസംഘം എത്തിച്ചുകൊടുക്കും. കാട്ടിലെ മരംവെട്ടു തൊഴിലാളികള്‍ക്കുള്ള ഭക്ഷണം എന്ന മട്ടിലാണ് വിശ്വസ്ത സംഘം ഇത് എത്തിച്ചിരുന്നത്.

പാര്‍ട്ടിഗ്രാമത്തിലെ ചിലര്‍ തന്നെയാണ് ഒളിത്താവളം പോലീസിന് ഒറ്റിക്കൊടുത്തതെന്ന് പാര്‍ട്ടിനേതൃത്വം സംശയിക്കുന്നുണ്ട്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/