ഒളിസങ്കേതം മാറിമാറി കുഞ്ഞനന്തന്‍; പിന്നാലെ പോലീസും
Posted on: 15 Jun 2012
വി.യു.മാത്യുക്കുട്ടി
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനായി പോലീസ് വ്യാഴാഴ്ച പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പരിശോധന നടത്തി. എന്നാല്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞനന്തന്‍ സി.പി.എം. മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇവിടെനിന്ന് പുതിയ ഒളിസങ്കേതത്തിലേക്ക് മാറിയതായും വ്യക്തമായി. ഓരോ ഒളിയിടവും കണ്ടെത്തി പോലീസ് എത്തുമ്പോഴേക്ക് കുഞ്ഞനന്തന്‍ താവളം മാറ്റുകയാണ്.
സി.പി.എം. നിയന്ത്രണത്തിലുള്ളതാണ് പയ്യന്നൂര്‍ സഹകരണ ആസ്പത്രി. മഫ്തിയിലെത്തിയ പ്രത്യേക സേനാംഗങ്ങളും പയ്യന്നൂര്‍, പെരിങ്ങോം പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രാവിലെ പതിനൊന്നിന് തുടങ്ങിയ പരിശോധന ഒരു മണിക്കൂറിലേറെ നീണ്ടു. ആസ്പത്രി വാര്‍ഡുകള്‍, മുറികള്‍, തീവ്ര പരിചരണ വിഭാഗം എന്നിവിടങ്ങളില്‍ പോലീസ് കയറി പരിശോധിച്ചു. പയ്യന്നൂര്‍ സി.ഐ. പി.കെ.ധനഞ്ജയ ബാബു, പെരിങ്ങോം എസ്.ഐ. എം.ഇ.രാജഗോപാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവരമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകരും നാട്ടുകാരും ആസ്പത്രിക്കുമുന്നില്‍ തടിച്ചുകൂടി. ഇതിനിടെ പോലീസ് ആസ്പത്രിജീവനക്കാരില് ചിലരുടെ ഫോട്ടോയെടുത്തത് ചെറിയ ഒച്ചപ്പാടിനിടയാക്കി.
പയ്യന്നൂരില്‍ പോലീസിന്റെ നീക്കം ചോര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണസംഘത്തിന്റെ പിടിയിലാകേണ്ടിയിരുന്ന കുഞ്ഞനന്തന്‍ ദിവസങ്ങള്‍ക്കുമുമ്പ് രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ കോറോം സെന്‍ട്രല്‍, കൊഴുമ്മല്‍, ചീറ്റ, മാലാപ്പ് ഭാഗങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.നിഷാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തു. പോലീസില്‍നിന്ന് വിവരം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണവും നടക്കുന്നുണ്ട്.
മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍ കുഞ്ഞനന്തന്‍ തങ്ങിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയെങ്കിലും ഇദ്ദേഹം അവിടെനിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം, വിളയാങ്കോട് മേഖലയില്‍ കുഞ്ഞനന്തന്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.
ഇതിനിടെ കുഞ്ഞനന്തന്‍ കീഴടങ്ങാനുള്ള സന്നദ്ധത അന്വേഷണസംഘത്തെ അറിയിച്ചതായി വിവരമുണ്ട്. എന്നാല്‍, അന്വേഷണസംഘം അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജൂണ്‍ 16-നാണ് പരിഗണിക്കുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റ അറിവോടെയാണ് കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചിട്ടുള്ളതെന്ന നിഗമനത്തിലാണ് പോലീസ്. കൊലയാളിസംഘത്തിലെ കൊടി സുനിയുള്‍പ്പെടെയുള്ളവര്‍ക്ക് പേരാവൂര്‍, മുഴക്കുന്ന് പ്രദേശത്തെ സി.പി.എം. പ്രാദേശിക നേതൃത്വമാണ് ഒളിസങ്കേതമൊരുക്കിയത്.