സ്വര്‍ണം പുതിയ റെക്കോഡില്‍

Posted on: 15 Jun 2012



കൊച്ചി: സ്വര്‍ണ വില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 10 രൂപ വര്‍ധനയോടെ 2775 രൂപയും പവന് 80 രൂപയുടെ വര്‍ധനയോടെ 22,200 രൂപയുമാണ് ഇന്നത്തെ വില. ചരിത്രത്തില്‍ സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 22,120 രൂപയാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്.

ജൂണ്‍ രണ്ടിന് 22,000 രൂപയും ഭേദിച്ച് മുന്നേറിയ സ്വര്‍ണം പിന്നീടുള്ള ദിവസങ്ങളില്‍ അതേ നിരക്കില്‍ തുടര്‍ന്ന ശേഷം താഴേക്കിറങ്ങിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിച്ചു. ബുധനാഴ്ച പവന്‍ വില 40 രൂപയുടെ വര്‍ധനയോടെ റെക്കോഡ് നിരക്കില്‍ തിരിച്ചെത്തിയിരുന്നു. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 4.99 ഡോളര്‍ വര്‍ധനയോടെ 1623.09 ഡോളര്‍ നിരക്കിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത സംബന്ധിച്ച ആശങ്കകളാണ് സ്വര്‍ണവില കുത്തനെ ഉയര്‍ത്തുന്നത്.

വിവിധ നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആവശ്യം ഉയരുമ്പോഴാണ് വില കുത്തനെ ഉയരുന്നത്. ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം തുടരുന്ന കാലത്തോളം സ്വര്‍ണ വില കയറ്റിറക്കങ്ങളിലൂടെ നീങ്ങുമെങ്കിലും ഉയരത്തില്‍ തന്നെ തുടരുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/