
ഖാര്‍ക്കീവ്(യുക്രൈന്‍): യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരമാണ് ബുധനാഴ്ച ഖാര്‍ക്കീവില്‍ മെറ്റാലിസ്റ്റ് സ്റ്റേഡിയത്തില്‍ നടന്നത്. പന്ത് കൂടുതല്‍നേരം കൈവശംവെച്ചതും കൂടുതല്‍ മുന്നേറ്റം നടത്തിയതും ഹോളണ്ട്. കൃത്യതയോടെ സംഘടിത ആക്രമണം നടത്തിയതാവട്ടെ ജര്‍മനിയും. ഇരുടീമും തമ്മിലുള്ള വ്യത്യാസം അവസരം മുതലെടുക്കുന്നതിലായിരുന്നു.
കിട്ടിയ അവസരങ്ങള്‍ വലയിലെത്തിക്കുന്നതില്‍ കൂടുതല്‍ മിടുക്കുകാട്ടിയ ജര്‍മനി യൂറോക്കപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഹോളണ്ടിനെ ഒന്നിനെതിര രണ്ടുഗോളിന് തകര്‍ത്തു. താരങ്ങളല്ല മറിച്ച് ടീംഗെയിമാണ് മത്സരം ജയിപ്പിക്കുകയെന്ന പാഠമാണ് ഈ കളി ഹോളണ്ടിനെ ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
മരണഗ്രൂപ്പായ ബിയിലെ രണ്ടാംറൗണ്ട് മത്സരങ്ങള്‍ യഥാര്‍ഥത്തില്‍ മരണപ്പോരാട്ടം തന്നെയായിരുന്നു. ആദ്യമത്സരം തോറ്റ ഹോളണ്ടിനും പോര്‍ച്ചുഗലിനും ജീവന്‍ നീട്ടിയെടുക്കുന്നതിന് വിജയം അനിവാര്യമായതിനാല്‍ മത്സരങ്ങള്‍ക്ക് കടുപ്പമേറി.
കിട്ടിയ അവസരങ്ങള്‍ മുതലെടുത്ത് ജയിച്ചുകയറിയതോടെ ജര്‍മനിയുടെ ക്വാര്‍ട്ടര്‍സാധ്യതകള്‍ വര്‍ധിച്ചു. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക് ക്വാര്‍ട്ടര്‍ കളിക്കാം. തോറ്റാല്‍ പോര്‍ച്ചുഗല്‍-ഹോളണ്ട് മത്സര ഫലത്തെ ആശ്രയിക്കണം. പോര്‍ച്ചുഗല്‍ ജയിച്ചാല്‍പിന്നെ ഗോള്‍ ശരാശരിയാകും ജര്‍മനിയുടെ ഭാവി തീരുമാനിക്കുക. മികച്ച ഗോള്‍നില ജര്‍മനിക്ക് തുണയാകും.
രണ്ടുകളിയും തോറ്റ ഹോളണ്ടിന്റെ ക്വാര്‍ട്ടര്‍സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. അവസാനമത്സരത്തില്‍ പോര്‍ച്ചുഗലിനെ കീഴടക്കുകയും ഡെന്‍മാര്‍ക്ക് ജര്‍മനിയോട് തോല്‍ക്കുകയുംചെയ്താല്‍ മാത്രമേ ഡച്ചുകാര്‍ക്ക് സാധ്യത തുറക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ ജര്‍മനി ആറുപോയന്റോടെ ഗ്രൂപ്പ് ജേതാക്കളാവും. ഗ്രൂപ്പിലെ മറ്റ് ടീമുകളായ പോര്‍ച്ചുഗലിനും ഹോളണ്ടിനും ഡെന്മാര്‍ക്കിനും മൂന്ന് പോയന്റാവുകയും ചെയ്യും. ഗ്രൂപ്പില്‍നിന്ന് ക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക ഗോള്‍ശരാശരിയായിരിക്കും.
ഡെന്‍മാര്‍ക്കിനെ കീഴടക്കിയതോടെ മൂന്നുപോയന്റായ പോര്‍ച്ചുഗലിന് അവസാനമത്സരത്തില്‍ ഹോളണ്ടിനെ കീഴടക്കിയാല്‍ സാധ്യതയുണ്ട്.
എന്നാല്‍, ഡെന്‍മാര്‍ക്ക് ജര്‍മനിയെ കീഴടക്കിയാല്‍ ഹോളണ്ട് ഒഴികെയുള്ള മൂന്ന് ടീമുകള്‍ക്കും ആറ് പോയന്റാകും. ഗോള്‍ ശരാശരി അപ്പോഴും നിര്‍ണായകമാകും. ഡെന്‍മാര്‍ക്കിന് ക്വാര്‍ട്ടര്‍സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.
ജര്‍മനിക്കെതിരെ ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങിയ ഹോളണ്ടിന് ഷൂട്ടിങ്ങിലെ കൃത്യതയില്ലായ്മയാണ് വിനയായത്. ആദ്യ 20 മിനിറ്റ് ഏറെക്കുറെ ഹോളണ്ടിന്റെ വരുതിയിലായിരുന്നു. നിരവധി അവസരങ്ങളും അവര്‍ക്ക് കിട്ടി. പക്ഷേ അവയൊന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ്‌സ്‌കോറര്‍ റോബിന്‍ വാന്‍പേഴ്‌സിയും ജര്‍മന്‍ ബുണ്ടസ് ലീഗിലെ ഗോളടിവീരന്‍ ക്ലാസ് യാന്‍ ഹണ്ട്‌ലാറും കളിച്ചിട്ടും ജര്‍മനിയുടെ രണ്ട് ഗോളുകള്‍ക്കെതിരെ ഒരുഗോള്‍മാത്രം തിരിച്ചടിക്കാനാണ് ഓറഞ്ചുപടയ്ക്ക് കഴിഞ്ഞത്. മരിയോ ഗോമസിന്റെ ഇരട്ട ഗോളില്‍ മുന്നില്‍ക്കടന്ന ജര്‍മനിക്കെതിരെ വാന്‍ പേഴ്‌സിയാണ് ഹോളണ്ടിന്റെ ആശ്വാസഗോള്‍ നേടിയത്.
പന്ത് നിയന്ത്രണത്തില്‍വെച്ച് കളിക്കാനാണ് ഹോളണ്ട് തയ്യാറായത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറെപോലെ ഒരു മീഡ്ഫീല്‍ഡ് ജനറലും മരിയോ ഗോമസ് എന്ന ഷാര്‍പ്പ് ഫിനിഷറും അവര്‍ക്കില്ലാതെ പോയി. ഗോമസ് നേടിയ രണ്ടുഗോളിന്റെയും ശില്‍പ്പി ഷ്വെയ്ന്‍സ്റ്റീഗറായിരുന്നു. ഗോള്‍മുഖത്ത് പന്ത് ലഭിച്ചാല്‍ എങ്ങനെ ഗോളാക്കാമെന്നത് ഗോമസ് ഡച്ചുകളിക്കാരെ പഠിപ്പിക്കുകയും ചെയ്തു. തലകൊണ്ട് ഗോളടിക്കുന്നതില്‍ വിദഗ്ധനായ ഗോമസ് കാലുകൊണ്ടും അനായാസം ഗോളടിക്കാനാവുമെന്ന് തെളിയിച്ചു. ഇക്കുറി രണ്ടുഗോളും ഗോമസിന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു.
മറുവശത്ത് ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന്റെ തുടര്‍ച്ചപോലെയായിരുന്നു വാന്‍പേഴ്‌സിയുടെ കളി. തുടക്കംമുതല്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ വന്‍മാര്‍ജിനില്‍തന്നെ ഹോളണ്ടിന് ജര്‍മനിയെ തോല്‍പ്പിക്കാമായിരുന്നു. വിങ്ങര്‍മാരായ ആര്യന്‍ റോബനും ഇബ്രാഹിം അഫല്ലെയും മങ്ങിയതും ടീമിന് തിരിച്ചടിയായി. ഹണ്ട്‌ലാറെയും പ്ലേമക്കര്‍ വാന്‍ഡര്‍ വാര്‍ട്ടിനേയും പകരക്കാരാക്കിയതും വിപരീതഫലമാണ് ഉണ്ടാക്കിയത്.
മരിയോ ഗോമസിന്റെയും ഷ്വെയ്ന്‍സ്റ്റീഗറുടെയും പ്രകടനത്തെ പരിശീലകന്‍ ജാക്വിം ലോ പ്രശംസിച്ചു. ഓരോമത്സരം കഴിയുമ്പോഴും ഗോമസ് മെച്ചപ്പെട്ടുവരിയാണെന്ന് ലോ പറഞ്ഞു.
പ്രതിരോധനിര കൂടുതല്‍ ധൈര്യവും ഉത്തരവാദിത്വവും പ്രകടിപ്പിക്കണമെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക് പറഞ്ഞു. പ്രതിരോധവും മധ്യനിരയും ജര്‍മന്‍കളിക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിന് കളിക്കാനുള്ള അവസരമൊരുക്കുകയായിരുന്നെന്ന് അദ്ദേഹം തുറന്നടിച്ചു.
മികച്ച ടീമിനോടാണ് തോറ്റത്. ജര്‍മനിയെ തോല്‍പ്പിക്കണമെങ്കില്‍ അതിനെക്കാള്‍ മികച്ച ടീമായി മാറണം.നിരവധി കളിക്കാര്‍ തങ്ങള്‍ക്കുണ്ടെങ്കിലും അവര്‍ ടീമായി മാറിയില്ലെന്നും മാര്‍വിക് വിലയിരുത്തി.
ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ പോരാട്ടത്തിലാണ് ഡെന്‍മാര്‍ക്കിന്റെ വെല്ലുവിളി അവസാനിപ്പിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരം പോര്‍ച്ചുഗലിന് അനുകൂലമാക്കിയത് സില്‍വസ്റ്റര്‍ വരേല നേടിയ ഗോളായിരുന്നു. പോര്‍ച്ചുഗലിനായി പെപ്പെ, ഹെല്‍ഡര്‍ പോസ്റ്റീഗ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടിയപ്പോള്‍ ഡെന്‍മാര്‍ക്കിനായി നിക്കോളസ് ബെന്‍ഡ്‌നര്‍ ഇരട്ടഗോള്‍ നേടി.
ജയത്തിലും ഗോളടിമികവ് വീണ്ടെടുക്കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനെ സങ്കടപ്പെടുത്തുന്നത്. ഗോളിമാത്രം മുന്നില്‍ നില്‍ക്കെ കിട്ടിയ സുവര്‍ണാവസരം താരം പുറത്തേക്കടിച്ച് തുലച്ചിരുന്നു.