ജിസാറ്റ് -7: നാവികസേനയ്ക്ക് സ്വന്തം ഉപഗ്രഹം
Posted on: 15 Jun 2012
എന്‍.എസ്. ബിജുരാജ്
ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തമായി വാര്‍ത്താവിനിമയ ഉപഗ്രഹം വരുന്നു. ഐ.എസ്.ആര്‍.ഒ. നിര്‍മിക്കുന്ന ജിസാറ്റ്-7 എന്ന ഈ ഭൂസ്ഥിര ഉപഗ്രഹം (ജിയോ സിനങ്ക്രണസ് സാറ്റലൈറ്റ്) നിര്‍മാണം പൂര്‍ത്തിയാക്കി ബാംഗ്ലൂരിലെ സാറ്റലൈറ്റ് സെന്ററില്‍ അവസാനഘട്ട പരിശോധനയിലാണ്. ഫ്രഞ്ച് ഗയാനയിലെ കുരു ദ്വീപില്‍നിന്ന് ആരിയാന്‍-5 റോക്കറ്റുപയോഗിച്ചായിരിക്കും വിക്ഷേപണം. തീയതി തീരുമാനിച്ചിട്ടില്ല. എങ്കിലും ഒന്നരമാസത്തിനുള്ളില്‍ വിക്ഷേപണം നടക്കുമെന്ന് അറിയുന്നു. രാജ്യത്തിന്റെ ഒരു സേനാവിഭാഗത്തിന് സ്വന്തമായി വാര്‍ത്താവിനിമയ ഉപഗ്രഹം ലഭിക്കുന്നത് ആദ്യമാണ്. പൂര്‍ണമായും സൈനികാവശ്യത്തിനായി ഐ.എസ്.ആര്‍.ഒ. നിര്‍മിക്കുന്ന ആദ്യ ഉപഗ്രഹമാണ് ജിസാറ്റ് -7.
'പ്രോജക്ട് രുക്മിണി' എന്നുപേരിട്ട് ഇന്ത്യന്‍ പ്രതിരോധവകുപ്പ് നാവികസേനയ്ക്കായി നടപ്പാക്കുന്ന നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത യുദ്ധതന്ത്രത്തിന്റെ (നെറ്റ്‌വര്‍ക്ക് സെന്‍ട്രിക് വാര്‍ഫെയര്‍) തുടക്കമായാണ് ജിസാറ്റ്-7 ന്റെ വിക്ഷേപണം. ഇന്ത്യന്‍ പ്രതിരോധസേനയുടെ ചരിത്രത്തില്‍ ആധുനികീകരണത്തിന്റെ നാഴികക്കല്ലുകൂടിയാണിത്. അറബിക്കടലിലും ഇന്ത്യന്‍മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഒക്കെയായി പ്രവര്‍ത്തിക്കുന്ന നാവികസേനാ വിഭാഗങ്ങള്‍ക്ക് മേഖലയിലെ സുരക്ഷാഭീഷണി സംബന്ധിച്ച ആകെക്കൂടിയുള്ള കൃത്യമായ ചിത്രം ലഭ്യമാക്കുകയെന്നതാണ് പ്രാഥമികമായ ലക്ഷ്യം. തുടര്‍ന്ന് സൈനിക ആസ്ഥാനത്ത് ത്വരഗതിയില്‍ ശരിയായ തീരുമാനമെടുക്കാനും അതുവഴി സേനയുടെ ശക്തി കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനും ഉതകുന്നതാണ് ആധുനിക കമ്യൂണിക്കേഷന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത യുദ്ധ സംവിധാനം. അയല്‍രാജ്യമായ ചൈനയുള്‍പ്പെടെയുള്ള ലോകത്തെ പ്രമുഖ സൈനിക ശക്തികളെല്ലാംതന്നെ ഇത് വളരെ വേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നാവികസേനയ്ക്ക് പിന്നാലെ ഇന്ത്യയുടെ കര വ്യോമസേനകളും ഇതിനുള്ള തയ്യാറെടുപ്പിലാണ്. മുന്‍പും വാര്‍ത്താവിനിമയ ഉപഗ്രഹ സേവനം സൈന്യം വിനിയോഗിച്ചിരുന്നെങ്കിലും സിവിലിയന്‍ ഇന്‍സാറ്റ്, ജിസാറ്റ് ഉപഗ്രഹങ്ങളുടെ ചെറിയശേഷി അത്യാവശ്യകാര്യങ്ങള്‍ക്ക് പങ്കിടുകയായിരുന്നു.
2330 കിലോഗ്രാം ഭാരവും രണ്ടായിരം വാട്ട്‌സ് പേലോഡ് ശക്തിയുമുള്ള ജിസാറ്റ് -7 ല്‍ യു.എച്ച്.എഫ്.(അള്‍ട്രാ ഹൈ ഫ്രീക്വന്‍സി) , എസ്, സി, കെ.യു. ബാന്‍ഡുകളിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാവികസേനയുടെ വിമാനവാഹിനികള്‍, യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവയ്ക്ക് ഈ ഉപഗ്രഹസംവിധാനത്തിലൂടെ പരസ്പരം ബന്ധപ്പെടാനും വിവരങ്ങള്‍ (ഡാറ്റ, ശബ്ദം, ചിത്രം, വീഡിയോ തുടങ്ങിയവ) കൈമാറാനും സേനാതാവളങ്ങളുമായി ആശയവിനിമയം നടത്താനും കഴിയും. നിരീക്ഷണത്തിനുപയോഗിക്കുന്ന പൈലറ്റില്ലാ വിമാനങ്ങളെയും ഭാവിയില്‍ ഈ ഉപഗ്രഹപ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. അതോടെ കടല്‍ നിരീക്ഷണത്തിനുള്ള കണ്ണായും ജിസാറ്റ് -7 മാറും.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ കിഴക്കന്‍പ്രദേശം മുതല്‍ ചൈനയ്ക്ക് കിഴക്കുള്ള പസഫിക് സമുദ്രഭാഗം വരെയാണ് ജിസാറ്റ് -7 ന്റെ പ്രഖ്യാപിത വിവരകൈമാറ്റ പരിധി (ഫുട്പ്രിന്റ്). ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രമേഖലയായ പടിഞ്ഞാറ് ഗള്‍ഫിനടുത്തുള്ള ഹോര്‍മൂസ് കടലിടുക്കുമുതല്‍ കിഴക്ക് മലാക്കാ കടലിടുക്കുവരെയുള്ള ഭാഗം ഇതിനുള്ളിലാണ്. ചൈനയ്ക്കും വിയറ്റ്‌നാമിനുമിടയില്‍ പസഫിക്കിന്റെ ഭാഗമായ സൗത്ത് ചൈനാ കടലിലും ഇന്ത്യയ്ക്ക് സൈനിക സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഐ.എസ്.ആര്‍.ഒ.യുടെ ജി.എസ്.എല്‍.വി. റോക്കറ്റുപയോഗിച്ച് ജിസാറ്റ്-7 ബഹിരാകാശത്തെത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ പരീക്ഷണ വിക്ഷേപണങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യൂറോപ്യന്‍ ഏജന്‍സിയുടെ ആരിയാനെ ആശ്രയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള എല്ലാ തയ്യാറെടുപ്പുകളും നാവികസേന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സേനയുടെ എല്ലാ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും വിമാനങ്ങളിലും താവളങ്ങളിലും ഇതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ വിശാഖപട്ടണം തീരത്തു സംഘടിപ്പിച്ച പ്രത്യേക നാവികാഭ്യാസത്തില്‍ ഈ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. ഒരു വിദേശ ഉപഗ്രഹം വാടകയ്‌ക്കെടുത്ത് അതുമായി ബന്ധിപ്പിച്ചായിരുന്നു ഈ സൈനികാഭ്യാസം സംഘടിപ്പിച്ചത്. ഉപഗ്രഹാധിഷ്ഠിത നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത യുദ്ധതന്ത്രം നടപ്പാക്കുന്നതിന്റെ ചുമതലക്കാരനായി റിയര്‍ അഡ്മിറല്‍ കിഷന്‍ കെ. പാണ്ഡെയെ അസിസ്റ്റന്റ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് എന്ന തസ്തിക സൃഷ്ടിച്ച് നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 1 നായിരുന്നു നിയമനം. ഇനി ജിസാറ്റ് -7 വിക്ഷേപിക്കുന്ന ജോലി മാത്രമേ ബാക്കിയുള്ളൂ.
അതിനിടെ, നാവികസേന റഷ്യയില്‍നിന്ന് വാങ്ങിയ വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്. വിക്രമാദിത്യ പരീക്ഷണ ഓട്ടം തുടങ്ങി. റഷ്യന്‍ നാവികസേനയുടെ അഡ്മിറല്‍ ഗ്രോഷ്‌കോവ് എന്ന കപ്പല്‍ തൊണ്ണൂറുശതമാനവും പുനര്‍നിര്‍മിച്ചാണ് വിക്രമാദിത്യയായി മാറ്റിയിരിക്കുന്നത്. സ്റ്റോബാര്‍ (ഷോര്‍ട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി) ഇനത്തില്‍പ്പെട്ട ഈ കപ്പലില്‍ 30 മിഗ് 29 കെ പോര്‍വിമാനങ്ങള്‍ക്ക് താവളമടിക്കാനാവും. റഷ്യയിലെ സെവ്മാഷ് ഷിപ്പ്‌യാര്‍ഡില്‍നിന്ന് ജൂണ്‍ 6 നാണ് വിക്രമാദിത്യയെ നീറ്റിലിറക്കിയത്. 124 ദിവസം നീളുന്ന പരീക്ഷണഓട്ടം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഡിസംബറില്‍ കപ്പല്‍ ഇന്ത്യയിലെത്തുമെന്ന് നാവികസേനാവൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ഇതിനെയും ജിസാറ്റ് -7 മായി ബന്ധിപ്പിക്കും.