രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം; എന്‍.ഡി.എ. യോഗം ഇന്ന്

Posted on: 15 Jun 2012



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലങ്ങിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയില്‍ നിര്‍ണായകമായ എന്‍.ഡി.എ. യോഗം വെള്ളിയാഴ്ച നടക്കും.

എല്‍.കെ. അദ്വാനിയുടെ വീട്ടില്‍ രാവിലെ 11-നാണ് യോഗം. ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന കാര്യത്തില്‍ എന്‍.ഡി.എ.യിലെ മുഖ്യകക്ഷിയായ ബി.ജെ.പി. ഇതുവരെ മനസ്സുതുറന്നിട്ടില്ല. സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ജനതാദള്‍ (യു) ധനമന്ത്രി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കുന്നതില്‍ വിരോധമില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. മറ്റ് കക്ഷികളായ ശിവസേന, ശിരോമണി അകാലിദള്‍, ഐ.എന്‍.എല്‍.ഡി., അസം ഗണപരിഷത്ത്, എന്‍.പി.എ. തുടങ്ങിയവയും നിലപാട് വെളിപ്പെടുത്തിയിട്ടില്ല. യോഗത്തിന്റെ മുന്നോടിയായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി എല്‍.കെ. അദ്വാനി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി.

എന്‍.ഡി.എ.യുമായി അടുപ്പം പുലര്‍ത്തുന്ന എ.ഐ.എ.ഡി.എം.കെ.യും ബിജു ജനതാദളും പി.എ. സാങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എന്‍.ഡി.എ.ക്കുള്ളില്‍ സമവായമുണ്ടാക്കല്‍ എളുപ്പമാവില്ല.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ആകെ വോട്ടുമൂല്യം 10, 98,882 ആണ്. ഇതില്‍ എന്‍.ഡി.എ. ക്ക് 3,04,785 വോട്ടുകളുണ്ട്. ബി.ജെ.പി.ക്ക് താത്പര്യമുള്ള എ.പി.ജെ. അബ്ദുല്‍ കലാമിനെ മമത ബാനര്‍ജിയും മുലായം സിങ് യാദവും പിന്തുണയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് വഴിത്തിരിവായിട്ടുണ്ട്. എന്‍.ഡി.എ.യും എസ്.പി.യും തൃണമൂല്‍ കോണ്‍ഗ്രസും ബിജു ജനതാദളും എ.ഐ.എ.ഡി.എം.കെ.യും ഇടതുപക്ഷവും ചേര്‍ന്നാല്‍ 53 ശതമാനം വോട്ട് കിട്ടും. എന്നാല്‍ കലാമിനെ ഇടതുപക്ഷം പിന്തുണയ്ക്കാത്തതിനാല്‍ യു.പി.എ.യില്‍ നിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ല.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസും ബി.ജെ.പി.യും പരസ്​പരം ധാരണയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ജസ്വന്ത് സിങ്ങിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ ബി.ജെ.പി. നീക്കം നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കട്ടെ, തങ്ങള്‍ പിന്നീട് നിലപാട് വ്യക്തമാക്കാമെന്നാണ് ബി.ജെ.പി. പറയുന്നത്. അങ്ങനെയെങ്കില്‍ വെള്ളിയാഴ്ചത്തെ എന്‍.ഡി.എ. യോഗത്തിന്റെ പ്രാധാന്യമെന്ത് എന്ന് ചോദിച്ചപ്പോള്‍, അത് സ്ഥാനാര്‍ഥിയെ തീരുമാനിക്കാനല്ലെന്നും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണെന്നും ബി.ജെ.പി. വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് യു.പി.എ.യില്‍ സംഘര്‍ഷാവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍ യു.പി.എ.യിലെ സഖ്യകക്ഷികള്‍ക്ക് പോലും വിശ്വാസമില്ല. മന്‍മോഹന്റെ പേര് മമത ബാനര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് നിര്‍ദേശിച്ചത് അതുകൊണ്ടാണെന്ന് ഷാനവാസ് ഹുസൈന്‍ ആരോപിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/