പണപ്പെരുപ്പം വീണ്ടും കൂടി - 7.55 ശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യത മങ്ങി
Posted on: 15 Jun 2012
ന്യൂഡല്‍ഹി: മെയിലെ പണപ്പെരുപ്പ നിരക്ക് 7.55 ശതമാനമായി ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ഏപ്രിലില്‍ 7.23 ശതമാനമായിരുന്ന പണപ്പെരുപ്പം കുറഞ്ഞിരുന്നെങ്കില്‍ ജൂണ്‍ 18 ന്റെ പണ-വായ്പാ നയഅവലോകനത്തില്‍ ആര്‍.ബി.ഐ. പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 7.55 ശതമാനമായി പണപ്പെരുപ്പം ഉയര്‍ന്നതോടെ ആര്‍.ബി.ഐ. ഉദാരനടപടിക്ക് നിന്നേക്കില്ലെന്ന ആശങ്ക ശക്തമായി. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പം കൂടാന്‍ കാരണം.
ഇതിനിടെ മാര്‍ച്ചിലെ പണപ്പെരുപ്പ നിരക്ക് 7.69 ശതമാനമായി ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്തെ വ്യവസായ വളര്‍ച്ച ഒരു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്ന് എല്ലാ കോണില്‍ നിന്നും മുറവിളി ഉയര്‍ന്നിരുന്നു. ഉയര്‍ന്ന പലിശനിരക്കും പണപ്പെരുപ്പവുമാണ് വ്യാവസായിക മേഖലയെ തകര്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത തിങ്കളാഴ്ചത്തെ മധ്യപാദ ധന-വായ്പാ നയ അവലോകനത്തില്‍ കരുതല്‍ ധനാനുപാതവും നിരക്കുകളും റിസര്‍വ് ബാങ്ക് കുറച്ചേക്കുമെന്നായിരുന്നു പരക്കെ കരുതിയിരുന്നത്. അതിന്റെ പിന്‍ബലത്തില്‍ ഏതാനും ദിവസങ്ങളായി ഓഹരി വിപണിയും മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. എന്നാല്‍ പണപ്പെരുപ്പം കൂടിയതും പലിശ കുറയ്ക്കാനുള്ള സാധ്യത മങ്ങിയതും വ്യാഴാഴ്ച വിപണിക്ക് കനത്ത തിരിച്ചടിയായി. ബുധനാഴ്ചത്തേക്കാള്‍ 30 പോയിന്‍േറാളം സെന്‍സെക്‌സ് ഉയര്‍ന്നുനിന്നിടത്തുനിന്നും ഈ വാര്‍ത്ത വന്നതോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ വിപണി 200 പോയിന്‍േറാളം താഴെയാണ് അവസാനിച്ചത്.
നല്ല മണ്‍സൂണ്‍ ലഭിക്കുകയാണെങ്കില്‍ പണപ്പെരുപ്പ സമ്മര്‍ദം കുറയുമെന്നും ഈ സാമ്പത്തിക വര്‍ഷം പണപ്പെരുപ്പം 6.5 നും 7.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇതിനിടെ ഇന്ത്യന്‍ സാമ്പത്തിക മേഖല സ്റ്റാഗ്‌ഫേ്‌ളഷന്‍ എന്ന പ്രതിഭാസത്തെ നേരിടുകയാണെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ് അഭിപ്രായപ്പെട്ടു. കുറഞ്ഞ വളര്‍ച്ചാനിരക്കും കൂടിയ പണപ്പെരുപ്പവും ഉണ്ടാകുന്ന അവസ്ഥയാണ് സ്റ്റാഗ്‌ഫേ്‌ളഷന്‍. വളര്‍ച്ച വളരെ കുറഞ്ഞുനില്‍ക്കുമ്പോഴും പണപ്പെരുപ്പം ഏഴു ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്കിന് പലിശനിരക്കുകളില്‍ കാര്യമായ കുറവുവരുത്താന്‍ കഴിഞ്ഞേക്കില്ലെന്ന് മൂഡീസ് സീനിയര്‍ ഇക്കണോമിസ്റ്റ് ഗ്ലെന്‍ ലെവിന്‍ അഭിപ്രായപ്പെട്ടു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam