ഡോ. സി.എ. രവീന്ദ്രന്‍
കേരളത്തിലെ തീരദേശ നിവാസികളില്‍ നിന്ന് ഇപ്പോഴും വിട്ടുപിരിയാന്‍ മടികാണിക്കുന്ന ഒരു രോഗമാണ് ശ്ലീപദം അഥവാ മന്തുരോഗം. കെട്ടിക്കിടക്കുന്ന അഴുക്കുചാലുകളിലും വൃത്തിഹീനമായ കുളങ്ങളിലുമൊക്കെ വളര്‍ന്നുപെരുകുന്ന ക്യൂലക്‌സ് കൊതുകുകളാണ് 'ഫൈലേറിയ നോക്റ്റുര്‍നെല്‍' എന്ന രോഗാണുവിനെ മനുഷ്യരിലെത്തിക്കുന്നത്. ബ്ലഡ് വെസ്സല്‍സ്, ആര്‍ട്ടറി, വെയിന്‍, കാപ്പിലേറിസ് തുടങ്ങി എല്ലാ ജലമയ കോശങ്ങളിലും ഈ രോഗാണു എത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇങ്ങനെ എത്തുന്ന രോഗാണുവിന്റെ അണ്ഡങ്ങള്‍ വളര്‍ന്ന് ശരീരത്തിലെ ദ്രവാംശത്തിന്റെ പ്രസരണത്തെ തടഞ്ഞുനിര്‍ത്തി, കാലിലാകാം, കൈയിലാകാം വൃഷണത്തിലാകാം ഈ ശ്ലീപദം(എലിഫന്റിയാസിസ്) ഉണ്ടാക്കുന്നത്.
പണ്ട് തിരുവനന്തപുരത്തും ചേര്‍ത്തലയിലും പൊന്നാനിയിലുമൊക്കെ ഈ രോഗം സാധാരണമായിരുന്നു. ഇപ്പോഴും എറണാകുളത്തും ആലപ്പുഴയിലുമൊക്കെ ഈ രോഗം ധാരാളമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റു തീരദേശങ്ങളില്‍ സര്‍വസാധാരണമല്ലെന്നു മാത്രം.
പരിസര ശുചീകരണത്തിലും ജീവിതരീതിയിലും ആഹാര ക്രമീകരണത്തിലും ശ്രദ്ധചെലുത്തുക എന്നതാണ് പ്രഥമവും പ്രധാനവുമായ രോഗപ്രതിരോധമാര്‍ഗം. രോഗപ്രതിരോധ ശക്തിയുള്ളവരെ(ഇമ്യൂണിറ്റി) കൊതുകു കടിച്ചാലും രോഗം വരുന്നില്ല എന്നു നാമറിയണം. അപ്പോള്‍ കൊതുകിനെ വളരാന്‍ അനുവദിക്കാതിരിക്കുകയും ഈ പ്രപഞ്ചത്തില്‍ ജീവിക്കാനുള്ള ശാരീരിക ശേഷി നാം സ്വയം നേടുകയും ചെയ്താല്‍ ഈ ദുരന്തത്തില്‍ നിന്ന് മാറിനില്‍ക്കാനാവും.
രോഗത്തിന്റെ പ്രാരംഭകാലഘട്ടത്തില്‍ ആയുര്‍വേദ ചികിത്സകൊണ്ട് രോഗത്തെ തീര്‍ത്തും ഭേദമാക്കാനാവും. കൂടെക്കൂടെ പനിയും കാലിലോ കൈയിലോ മാറാത്ത നീര്‍ക്കെട്ടും കണ്ടാല്‍ രാത്രിയില്‍ രക്തം പരിശോധിച്ച് രോഗനിര്‍ണയം നടത്തിക്കഴിഞ്ഞാല്‍ ചികിത്സ എളുപ്പമായി.
അമൃതോത്തരം കഷായത്തില്‍ വില്ല്വാദി ഗുളികയോ നിത്യാനന്ദരസഗുളികയോ ചേര്‍ത്ത് രാവിലെയും വൈകീട്ടും രണ്ടുനേരം വീതം പത്തുദിവസം കൊടുക്കുക. രോഗം മാറിക്കൊള്ളും.
ഭക്ഷണകാര്യത്തിലുള്ള നിയന്ത്രണം രോഗി കര്‍ശനമായി പാലിക്കണം. എളുപ്പം ദഹിക്കുന്നതും ലഘുവുമായ ഭക്ഷണമേ കഴിക്കാവൂ. അരച്ചുണ്ടാക്കുന്നതിന് പകരം ആവിയില്‍വെച്ചുള്ള ഭക്ഷണത്തിന് മുന്‍ഗണന നല്‍കണം. കുടിക്കാനും കുളിക്കാനും ചൂടുവെള്ളം മാത്രമേ ഉപയോഗിക്കാവൂ. ലഘുവും നിരുപദ്രവുമായ ഈ ചികിത്സകൊണ്ട് മന്തിനെ ഫലപ്രദമായി മാറ്റാനാകും.
ആദ്യാവസ്ഥ കഴിഞ്ഞതാണെങ്കില്‍ ശാസ്ത്രീയമായ ചികിത്സാക്രമങ്ങളിലൂടെയായിരിക്കണം രോഗത്തെ നേരിടേണ്ടത്. ഉപവാസം(പട്ടിണി), ലേപനം(മരുന്നരച്ചു തേയ്ക്കല്‍), സ്വേദം(വിയര്‍പ്പിക്കല്‍), വിരേചനം(വയറിളക്കല്‍), രക്തമോക്ഷം(രക്തം കൊത്തിക്കളയല്‍) എന്നിങ്ങനെ അഞ്ച് ക്രമാനുഗത രീതിയിലാണ് ആയുര്‍വേദത്തില്‍ മന്തുചികിത്സ പറഞ്ഞിരിക്കുന്നത്.
ആദ്യാവസ്ഥ കഴിഞ്ഞ രോഗികള്‍ക്കുള്ള ചികിത്സകള്‍:
1. മഞ്ഞളിന്റെ പൊടിയും ശര്‍ക്കരയും ചേര്‍ത്ത് ഗോമൂത്രത്തില്‍ കൊടുക്കാം. 2. ആവണക്കെണ്ണയില്‍ കടുക്ക വറുത്തുപൊടിച്ചു ഗോമൂത്രത്തില്‍ സേവിക്കുക. 3. ചിറ്റമൃതിന്റെ നീരില്‍ കടുകെണ്ണ ചേര്‍ത്ത് ദിവസവും കൊടുക്കാം. 4. വെപ്പ്കാടിയില്‍ കടുകെണ്ണ ചേര്‍ത്ത് കൊടുക്കാം.5. ഗോമൂത്രത്തില്‍ തിപ്പലിയും കൊടുവേലിയും തേനും ചേര്‍ത്ത് കൊടുക്കാം.
വയറിളക്കാന്‍: ഗോമൂത്രത്തില്‍ ആവണക്കെണ്ണ ചേര്‍ത്ത് വയറിളക്കണം
പുറമേ തേയ്ക്കാന്‍ തൈലം: പാണല്‍ സമൂലം ചതച്ച് പിഴിഞ്ഞരിച്ച നീരും എണ്ണയും ചേര്‍ത്ത് കാച്ചിയ തൈലം തലയിലും ദേഹമാസകലവും തേച്ചു ചൂടുവെള്ളത്തില്‍ കുളിക്കാം. ഇതല്ലെങ്കില്‍ പഞ്ചാനന തൈലമോ വിഡംഗാദി തൈലമോ ഈ ആവശ്യത്തിലേക്കായി ഉപയോഗിക്കാം.
പുറമേ പുരട്ടാനും വിയര്‍പ്പിക്കാനും
1. വെളുത്തുള്ളിഎരിക്കിന്റെ വേരിലെ തൊലി അരിക്കാടിയിലരച്ചു പുരട്ടുക.
2. ഉമ്മത്തിന്റെ കായ്, കരിനൊച്ചിയില, തഴുതാമവേര്, മുരിങ്ങത്തോല്, കടുക് ഇവ സമാസമം അരച്ചുപുരട്ടാം.
3. കൊടുവേലിക്കിഴങ്ങ്, ദേവതാരം, കടുക്, മുരിങ്ങത്തോല് ഇവയിലേതെങ്കിലും ഗോമൂത്രത്തിലരച്ചു ചൂടോടെ പുരട്ടുന്നത് നന്ന്.
4. മദനാദി ലേപവും ഉപയോഗിക്കാറുണ്ട്.
ഇത്രയൊക്കെ ചെയ്തിട്ടും രോഗശമനം കാണുന്നില്ലെങ്കില്‍ ഞെരിയാണിയുടെ മുകളിലോ താഴെയോ പെരുവിരലിന്റെ തെളിഞ്ഞുകാണുന്ന ഭാഗത്തോ കൊത്തി രക്തം വാര്‍ത്തിക്കളയണം. എവിടെ കൊത്തണമെന്ന് സ്ഥാനം നിശ്ചയിക്കുന്നതും എങ്ങനെ എപ്പോള്‍ കൊത്തി രക്തം കളയണമെന്ന് തീരുമാനിക്കേണ്ടതും പരിചയ സമ്പന്നനായ ചികിത്സകനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്
പാടില്ലാത്തവ: ഉപ്പും എരിവും പുളിയും കുറയ്ക്കണം. ഉള്‍പ്പുഴുക്കുണ്ടാക്കുന്നതും വറുത്തതും പൊരിച്ചതുമൊന്നും കഴിക്കരുത്.
തണുത്തവെള്ളം, തൈര്, മാംസം, മീന്‍, മധുരദ്രവ്യങ്ങള്‍, അരച്ചും ആട്ടിയും ഉണ്ടാക്കുന്ന പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ എന്നിവ ഒഴിവാക്കണം. ഉറക്കിളപ്പ് പാടില്ല.
പറ്റുന്നവ: ആവിയില്‍ വേവിച്ച ഭക്ഷണങ്ങള്‍, ഞവരയരി, യവം, മുതിര, വെളുത്തുള്ളി, പടവലം, വഴുതിന, മുരിങ്ങ, കയ്പ്പക്ക, തഴുതാമ, ഗോമൂത്രം, ആവണക്കെണ്ണ എന്നിവ മിതമായ രീതിയിലും കുളിക്കാനും കുടിക്കാനും ചൂടുവെള്ളവും മാത്രവുമാകണം.