അന്യരുടെ തെറ്റ് ക്ഷമിക്കുക

Posted on: 11 Jun 2012



അമൃതവചനം





മക്കളേ,

ജീവിതത്തില്‍ തെറ്റു പറ്റാത്തവരും തെറ്റു ചെയ്യാത്തവരുമായി ആരും തന്നെയുണ്ടാവുകയില്ല. തെറ്റില്‍നിന്നു ശരിയിലേക്കുള്ള ഒരു പ്രയാണമാണു ജീവിതമെന്നു പറയാം. സ്വന്തം തെറ്റുകള്‍ എല്ലാവരും ക്ഷമിക്കും. സ്വന്തം മക്കള്‍ തെറ്റു ചെയ്താലും നമ്മള്‍ ഒരു പക്ഷേ, അതു ക്ഷമിച്ചെന്നു വരാം. എന്നാല്‍ അന്യര്‍ നമ്മളോടു തെറ്റു ചെയ്താല്‍ അതു ക്ഷമിക്കാന്‍ നമുക്കു പ്രയാസമാണ്. ആ നിമിഷം തന്നെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് നമ്മള്‍ അവരുടെ നേരെ പൊട്ടിത്തെറിച്ചെന്നിരിക്കും. അതുമല്ലെങ്കില്‍ ഉള്ളില്‍ പകയും വിദ്വേഷവും സൂക്ഷിക്കുകയായി. നിസ്സാരകാര്യത്തിന് അയല്‍ക്കാരുമായും സഹപ്രവര്‍ത്തകരുമായും എന്തിന് സ്വന്തം സഹോദരങ്ങളുമായിപ്പോലും വിരോധവും നീരസവും മനസ്സില്‍ സൂക്ഷിക്കുന്ന എത്രയോപേരെ നമുക്കു ചുറ്റും കാണാം.
ഇത്തരം വികാരങ്ങള്‍ മറ്റാരെക്കാളും കൂടുതല്‍ നമുക്കുതന്നെയാണ് ഹാനികരമെന്നത് നമ്മള്‍ തിരിച്ചറിയാറില്ല. ആരെങ്കിലും അറിഞ്ഞുകൊണ്ടു നമ്മളെ വെറുക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്നുവെങ്കില്‍ അത് അവരുടെ ദൗര്‍ബല്യമാണു കാണിക്കുന്നത്. അവര്‍ രോഗികളെപ്പോലെയാണ്. രോഗികളെ നമ്മള്‍ വെറുക്കാറില്ലല്ലോ. ഒരു ഭ്രാന്തന്‍ നമ്മളെ ചീത്തവിളിച്ചാല്‍ അയാള്‍ ഭ്രാന്തനല്ലേ എന്നു കരുതി അതു ക്ഷമിക്കും. ഒരു കാക്ക നമ്മുടെ മേല്‍ കാഷ്ഠിച്ചാല്‍ നമ്മള്‍ അതു കഴുകി വൃത്തിയാക്കുമെന്നല്ലാതെ കാക്കയോടു ദ്വേഷിക്കുമോ?
വാസ്തവത്തില്‍ നമ്മുടെ ദുഃഖങ്ങളൊന്നും മറ്റുള്ളവരുടെ സൃഷ്ടികളല്ല. അവ ഒന്നുകില്‍ നമ്മുടെ പൂര്‍വകര്‍മഫലമായി ഉണ്ടാകുന്നു. അല്ലെങ്കില്‍ നമ്മുടെ ഇപ്പോഴത്തെ തെറ്റായ മനോഭാവം മൂലം നമ്മള്‍ സ്വയം സൃഷ്ടിക്കുന്നവയാണ്. മറ്റുള്ളവര്‍ നമ്മളോടു പ്രതികൂലമായി പെരുമാറുമ്പോള്‍ മനഃസംയമനവും മനോബലവും ആര്‍ജിക്കാനുള്ള ഒരവസരമായി നമ്മള്‍ അവയെ സസന്തോഷം സ്വീകരിക്കുകയാണു വേണ്ടത്. എന്നാല്‍ നമ്മളില്‍ പലരുടെയും സ്ഥിതി ഏറെ പരിതാപകരമാണ്. നിസ്സാരകാര്യത്തിനുവേണ്ടി ഇരുപതും മുപ്പതും വര്‍ഷം മറ്റുള്ളവരോടു പിണങ്ങിയും പരിഭവിച്ചും വെറുത്തും ശപിച്ചു കഴിയുന്നവരുണ്ട്.
ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ വൈകുന്നേരം ജോലികഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിക്ക് അയാളെ ഒരു പട്ടി കടിച്ചു. അയാള്‍ ആദ്യം അതത്ര കാര്യമായെടുത്തില്ല. ഡോക്ടറെ കാണാന്‍ പോയതുമില്ല. ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഒടുവില്‍ തീരെ അവശനായപ്പോള്‍ ആസ്​പത്രിയില്‍ ചെന്നു. ഡോക്ടര്‍ പറഞ്ഞു, ''നിങ്ങളെ കടിച്ചത് പേപ്പട്ടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞതുകൊണ്ട് സ്ഥിതി വളരെ ഗുരുതരമാണ്. ഇനിയും ചികിത്സിച്ച് ഇതു ഭേദമാക്കുക അസാധ്യമാണ്.'' ഇതുകേട്ട മാത്രയില്‍ അയാള്‍ ഒരു കടലാസ് എടുത്തു കാര്യമായി എന്തോ കുത്തിക്കുറിക്കുവാനാരംഭിച്ചു. ഇതു കണ്ടു ഡോക്ടര്‍ക്കു വല്ലാത്ത വിഷമവും കാരുണ്യവും തോന്നി. ''നിങ്ങള്‍ ഇപ്പോഴേ വില്‍പ്പത്രം എഴുതുകയാണോ? ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. പുതിയതായി ചില മരുന്നുകള്‍ ഇറങ്ങിയിട്ടുണ്ട്. അവ കഴിച്ചാല്‍ കുറച്ചു നാള്‍കൂടി ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ട്'', ഡോക്ടര്‍ വളരെ സ്‌നേഹത്തോടെയും കാരുണ്യത്തോടെയും അയാളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. അപ്പോള്‍ രോഗി പറഞ്ഞു, ''ഞാന്‍ വില്‍പ്പത്രം എഴുതുകയാണെന്ന് ആരാണു പറഞ്ഞത്? ഇനി കുറച്ചു ദിവസം മാത്രമേ ഞാന്‍ ജീവിച്ചിരിക്കുകയുള്ളൂ. എന്റെ ജീവിതത്തില്‍ ഇനിയുള്ള ഒരോ നിമിഷവും അങ്ങേയറ്റം വിലപ്പെട്ടതാണ്. അതുകൊണ്ട് ഞാന്‍ എന്റെ ശത്രുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. മരിക്കുന്നതിനുമുമ്പ് എനിക്കു കഴിയുന്നത്ര പേരെ കടിച്ചു പ്രതികാരം ചെയ്യണം.''
മക്കളേ, നമ്മള്‍ ഇതുപോലെയാകരുത്. ഈ ഭൂമിയില്‍ നമുക്ക് അല്പസമയമേ ഈശ്വരന്‍ തന്നിട്ടുള്ളൂ. അതു നമ്മള്‍ പരസ്​പരം സ്‌നേഹിച്ചും സഹായിച്ചും ആശ്വസിപ്പിച്ചും സന്തോഷപൂര്‍വം പങ്കുവെക്കണം. മറ്റുള്ളവരുടെ തെറ്റുകള്‍ നമ്മള്‍ ക്ഷമിക്കാന്‍ തയ്യാറായാല്‍ മാത്രമേ നമ്മുടെ തെറ്റുകള്‍ ഈശ്വരന്‍ ക്ഷമിക്കുകയുള്ളൂ എന്നു മനസ്സിലാക്കണം.
സമൂഹമധ്യത്തില്‍ കഴിയുമ്പോള്‍ത്തന്നെ ശാന്തിയും സമാധാനവും അനുഭവിക്കുവാന്‍ നമുക്കു കഴിയണം. അല്ലാതെ വനത്തിനകത്ത് ഏകാന്തത്തിലിരിക്കുമ്പോള്‍ മാത്രം ശാന്തിയുണ്ടായതുകൊണ്ടു കാര്യമില്ല. അതിനു ക്ഷമയും സഹനവും കൂടിയേ തീരൂ. ആഹാരം കഴിക്കുന്നതിനിടയില്‍ അറിയാതെ നാവു കടിച്ചുപോയാല്‍ പല്ലിനോടു നമുക്കു ദേഷ്യം വരുമോ? ഇല്ല. പല്ലും നാക്കുമെല്ലാം ഒരേ ശരീരത്തിന്റെ ഭാഗമാണ്. അതുപോലെ, നമുക്കു ജീവന്‍ പകരുന്ന അതേ ഈശ്വരചൈതന്യം തന്നെയാണ് മറ്റുള്ളവരിലും കുടികൊള്ളുന്നതെന്നറിഞ്ഞ് അവരുടെ തെറ്റുകളും കുറവുകളും ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുന്ന ഒരു ഭാവത്തിലേക്കു നമ്മള്‍ ഉയരേണ്ടതുണ്ട്. മനുഷ്യജീവിതം തന്നെ അതിനുവേണ്ടിയുള്ളതാണ്.
ജീവിതം ഒരു പൂന്തോപ്പുപോലെയാണ്. ഇലകള്‍ കരിയുന്നതും പൂക്കള്‍ വാടിക്കൊഴിയുന്നതും അവിടെ സ്വാഭാവികമാണ്. പഴമയുടെ ആ ജീര്‍ണതകളെ അപ്പോഴപ്പോള്‍ മാറ്റിയാല്‍ മാത്രമേ പുതിയ പൂക്കളും തളിരുകളും കൊണ്ടു കമനീയമായ ആ പൂന്തോപ്പിന്റെ സൗന്ദര്യം പൂര്‍ണമായി ആസ്വദിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. അതിനാല്‍ കഴിഞ്ഞകാലം മനസ്സിലുണ്ടാക്കിയ കാലുഷ്യങ്ങളെ നമുക്ക് അടര്‍ത്തിക്കളയാം. ക്ഷമിക്കേണ്ടതു നമുക്കു ക്ഷമിക്കാം. മറക്കേണ്ടതു മറക്കാം. പുതിയൊരു ഉണര്‍വോടെ ജീവിതത്തെ പുല്‍കാം.
അമ്മ
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/