കൊച്ചി: വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'തട്ടത്തിന്‍ മറയത്ത്' സിനിമയുടെ ഓഡിയോ സി. ഡി. പ്രകാശനം ചെയ്തു. മമ്മൂട്ടി, മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം. വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ.യ്ക്ക് നല്‍കിയാണ് സി.ഡി പ്രകാശനം ചെയ്തത്. മാതൃഭൂമി മ്യൂസിക്‌സും സത്യം ഓഡിയോസും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്നത്.
മലയാളസിനിമയുടെ തട്ടത്തിന്‍ മറയത്ത് മറഞ്ഞിരിക്കുന്ന സൗന്ദര്യങ്ങളെല്ലാം ഈ സിനിമയിലൂടെ പുറത്തുവരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു. 'സിനിമ നല്ലതുനോക്കി പുറത്തുനിന്ന് വാങ്ങാവുന്ന ഒന്നല്ല. നല്ല സിനിമകള്‍ സംഭവിക്കുകയാണ്. ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഒരു സിനിമയ്ക്ക് പിന്നിലുണ്ടെങ്കില്‍ അത് വിജയം കാണും എന്നതുറപ്പാണ്. ഈ സിനിമയ്ക്ക് പിന്നിലും അത്തരമൊരു ശ്രമമുണ്ടെന്നാണ് മനസ്സിലാകുന്നത്' -മമ്മൂട്ടി പറഞ്ഞു. ബി. ഉണ്ണികൃഷ്ണന്‍, മുകേഷ്, ശ്രീനിവാസന്‍, ലാല്‍ ജോസ് തുടങ്ങിയവരും പ്രസംഗിച്ചു.
ഇന്ദ്രജിത്, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, വിജയ്ബാബു, സിയാദ് കോക്കര്‍, രമ്യ നമ്പീശന്‍, ഗൗതമി നായര്‍, സാമിര്‍ താഹിര്‍, ആഷിക് അബു തുടങ്ങി ഒട്ടേറെ പ്രമുഖരും ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചടങ്ങിനെത്തി. ലൂമിയര്‍ ഫിലിംസിനു വേണ്ടി ശ്രീനിവാസനും മുകേഷും ചേര്‍ന്ന് നിര്‍മിക്കുന്ന 'തട്ടത്തിന്‍ മറയത്തി'ന്റെ വിതരണം എല്‍.ജെ. ഫിലിംസാണ്.