'ഒഞ്ചിയം: ജയരാജന്റെ പരാമര്‍ശം അടിസ്ഥാനരഹിതം'
Posted on: 09 Jun 2012
കൊച്ചി: ഒഞ്ചിയത്തെ ആര്‍.എം.പി. യുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നടത്തിയ ചര്‍ച്ചകളില്‍ മധ്യസ്ഥന്‍ എന്ന നിലയില്‍ താന്‍ ഇടപെട്ടുവെന്ന പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് പത്രപ്രവര്‍ത്തകനായ ഐ.വി. ബാബു അറിയിച്ചു.
തന്റെ അച്ഛന്‍ ഐ.വി. ദാസിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തെക്കുറിച്ച് സംസാരിക്കാന്‍ നേരില്‍ കാണണമെന്ന് പറഞ്ഞതനുസരിച്ചാണ് കഴിഞ്ഞവര്‍ഷം സപ്തംബര്‍ 11ന് കണ്ടിരുന്നതെന്ന് ബാബു അറിയിച്ചു.
വ്യക്തിപരവും കുടുംബപരവുമായ ഒരു സ്വകാര്യ സംഭാഷണം മാത്രമാണ് അന്ന് നടന്നത്. ഒഞ്ചിയത്തെക്കുറിച്ച് യാതൊരു പരാമര്‍ശനവും ഉണ്ടായിരുന്നില്ല. യാത്രപറഞ്ഞിറങ്ങിയപ്പോഴാണ് ഒഞ്ചിയത്തെക്കുറിച്ച് അദ്ദേഹം സ്വയം പരാമര്‍ശിച്ചത്.
ചന്ദ്രശേഖരന്റെയും ഒഞ്ചിയത്തെയും അവസ്ഥ എന്താണെന്ന് അദ്ദേഹം അന്വേഷിച്ചപ്പോള്‍ താന്‍ ആര്‍.എം.പി. യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇത്രമാത്രമാണ് ഉണ്ടായത്. ഇതാണ് വസ്തുതയും സത്യവുമെന്ന് ബാബു വിശദീകരിച്ചു.