ജില്ലാ സെക്രട്ടറി ആരായാലും ചരട് മണിയുടെ കൈയില്‍ത്തന്നെ
Posted on: 09 Jun 2012
ജി.വേണുഗോപാല്‍
തൊടുപുഴ: ഇടുക്കിയില്‍ സി.പി.എമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറി ആരായാലും ചരട് എം.എം.മണിയുടെ കൈയിലായിരിക്കുമെന്ന് വ്യക്തമായി. മണിക്ക് ഏറ്റവും വിശ്വസ്തനായ ഒരാളെ തല്‍ക്കാലം ജില്ലാ സെക്രട്ടറിയാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
ജില്ലാക്കമ്മിറ്റിക്ക് അകത്തുള്ള മണിയേക്കാള്‍ കരുത്തുള്ള മണിയാണ് പുറത്തുണ്ടാവുക. ജില്ലാ സെക്രട്ടറിക്ക് പരിമിതികളുണ്ട്. എന്നാല്‍, പുറത്തുനില്‍ക്കുമ്പോള്‍ ഈ പരിമിതികളില്ല.
തൃശ്ശൂരിലും എറണാകുളത്തും സംഭവിച്ചത് ഇടുക്കിയില്‍ വേണ്ട എന്നാണ് മണിയുടെ നിലപാട്. പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ തൃശ്ശൂരില്‍ ഇ.പി.ജയരാജനും എറണാകുളത്ത് എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിസ്ഥാനം നല്‍കിയിരുന്നു. ഇരുവരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. പിന്നീട് തൃശ്ശൂരില്‍ ഇതിന് മാറ്റമുണ്ടായെങ്കിലും എറണാകുളത്ത് നില തുടരുകയാണ്. ജില്ലയിലെ പുതിയ പാര്‍ട്ടി സെക്രട്ടറി ഇടുക്കിയില്‍ത്തന്നെയുള്ള ആളായിരിക്കും എന്ന് മണി വിശ്വാസത്തോടുകൂടി പറയുന്നു. ജില്ലാ സെക്രട്ടറി ആരായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
23 വര്‍ഷമായി ജില്ലയില്‍ പാര്‍ട്ടിയുടെ അമരത്തുള്ള മണിയുടെ വാക്കുകള്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ സംസ്ഥാനനേതൃത്വത്തിന് മുഖവിലയ്‌ക്കെടുക്കാതിരിക്കാനാവില്ല.
വിവാദ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും മണിക്കുപിന്നില്‍ ഒറ്റക്കെട്ടാണെന്നും ജില്ലാക്കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും മണിയുടെ സ്വാധീനം വ്യക്തമാക്കുന്നു.