പോലീസില്‍നിന്ന് വിവരം ചോര്‍ന്നു; കുഞ്ഞനന്തന്‍ രക്ഷപ്പെട്ടു
Posted on: 09 Jun 2012
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് തിരയുന്ന പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍ പയ്യന്നൂരില്‍ പോലീസ്പിടിയിലാകാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുഞ്ഞനന്തനുള്ള സ്ഥലം കണ്ടെത്തി പോലീസ് പിടികൂടാനൊരുങ്ങുമ്പോഴേക്ക് ഇയാള്‍ താവളം മാറ്റി. പോലീസില്‍നിന്ന് വിവരം ചോര്‍ന്നതിനെത്തുടര്‍ന്നാണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. വിവരം ചോര്‍ത്തുന്നതായി സംശയമുള്ള രണ്ട് പോലീസുകാര്‍ ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്.
ടി.പി.വധക്കേസിലെ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ചെന്ന് കരുതുന്നയാളാണ് കുഞ്ഞനന്തന്‍. സി.പി.എമ്മിലെ പല പ്രമുഖരുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണ് കുഞ്ഞനന്തനും ടി.കെ.രജീഷും. ഇതില്‍ രജീഷിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായി.
ബാംഗ്ലൂരിലും ബല്‍ഗാമിലും പുണെയിലുമായി കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച പാനൂരിലെ കണ്ണമ്പള്ളി പാത്തിയില്‍ താഴേക്കുനി പി.കെ.കുമാരനെ അന്വേഷണസംഘം അറസ്റ്റ്‌ചെയ്തിരുന്നു. ബാംഗ്ലൂരില്‍ നിരവധി ബേക്കറികളുടെ ഉടമയാണ് കുമാരന്‍. ബാംഗ്ലൂരില്‍നിന്ന് ടാക്‌സിയില്‍ കൂട്ടുപുഴയെത്തിയശേഷം ഇരുവരും ബസ്സില്‍ പയ്യന്നൂരിലെത്തി. പിന്നീട് കുഞ്ഞനന്തന്‍ എവിടേക്ക് പോയെന്ന് അറിയില്ലെന്നാണ് കുമാരന്‍ നല്‍കിയ മൊഴി. ഇവരുടെ നീക്കം മണത്തറിഞ്ഞ് പോലീസ്‌സംഘം പിന്നാലെയെത്തിയെങ്കിലും കുമാരനെ മാത്രമേ പിടിക്കാനായുള്ളു. പോലീസിന്റെ നീക്കം അറിയാതിരുന്നതിനാല്‍ കുമാരന്‍ പിടിയിലായി. കുഞ്ഞനന്തന്‍ കണ്ണൂര്‍ ജില്ലയില്‍ത്തന്നെയുള്ള ഒളിസങ്കേതത്തിലുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.