അബുദാബിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതിക്ക് ശിക്ഷയിളവിനുള്ള റിപ്പോര്‍ട്ട് നോര്‍ക്കയ്ക്ക് സമര്‍പ്പിച്ചു

Posted on: 09 Jun 2012



കാക്കനാട്: അബുദാബിയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിക്ക് ശിക്ഷയിളവ് നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം നോര്‍ക്ക സെല്ലിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു.

അവിടെ നിന്ന് ആഭ്യന്തരവകുപ്പ് വഴി ബന്ധപ്പെട്ട എംബസിക്ക് റിപ്പോര്‍ട്ട് കൈമാറും. ഇതിന് മറുപടി ലഭിച്ചശേഷം മാത്രമേ മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നും കളക്ടര്‍ വ്യക്തമാക്കി. വൈപ്പിന്‍ നായരമ്പലം കാണിയാടി വീട്ടില്‍ ചന്ദ്രനാണ് അബുദാബിയില്‍ കുത്തേറ്റ് മരിച്ചത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്ന പ്രതി മാള പുത്തന്‍ചിറ സ്വദേശി ഗോപാലകൃഷ്ണന്റെ ശിക്ഷയിളവ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടം നോര്‍ക്കയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക നല്‍കുന്ന കാര്യത്തിലും ശിക്ഷയിളവിലും കളക്ടര്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. നോര്‍ക്കയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവിഭാഗക്കാരുമായി ചര്‍ച്ച നടത്തിയത്.

കൊല്ലപ്പെട്ട ചന്ദ്രന്റെ കുടുംബവും അബുദാബിയിലെ ജയിലില്‍ കഴിയുന്ന ഗോപാലകൃഷ്ണന്റെ കുടുംബവും തമ്മിലാണ് ചര്‍ച്ച നടന്നത്. ചന്ദ്രന്റെ ബന്ധുക്കള്‍ മാപ്പു നല്‍കാന്‍ തയ്യാറായെങ്കില്‍ മാത്രമെ ഗോപാലകൃഷ്ണന് ശിക്ഷയിളവ് ലഭിക്കൂ. ഇതിന് 60 ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാനും അന്നത്തെ ചര്‍ച്ചയില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഈ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് ജില്ലാ ഭരണകൂടം നോര്‍ക്കയ്ക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ നഷ്ടപരിഹാരത്തുക പ്രതിയുടെ കുടുംബത്തിന് നല്‍കാനുള്ള സാമ്പത്തികം ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതുകൊണ്ട് പ്രവാസികളുടെ സംഘടനകള്‍ വഴി ഫണ്ട് കണ്ടെത്താനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. കളക്ടര്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പുവഴി അവിടത്തെ എംബസിയെയും ബന്ധപ്പെട്ട കോടതിയെയും അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ മറുപടിയും ലഭിക്കേണ്ടതുണ്ട്. അഞ്ചുവര്‍ഷമായി അബുദാബിയിലെ ജയിലില്‍ കഴിയുകയാണ് കേസിലെ പ്രതിയായ ഗോപാലകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട വിധി അടുത്തുതന്നെയുണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്താണ് ശിക്ഷയിളവിനുള്ള നടപടികള്‍ ആരംഭിച്ചത്. 2007 ജൂണില്‍ അബുദാബിയിലെ മുസഫയിലാണ് ചന്ദ്രന്‍ കുത്തേറ്റു മരിച്ചത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/