നിയമസഭയുടെ കെട്ടിടനികുതി 19 കോടി ആവശ്യപ്പെട്ട നഗരസഭ ഒരു കോടിക്ക് വഴങ്ങി
Posted on: 09 Jun 2012
തിരുവനന്തപുരം: കെട്ടിട നികുതി സംബന്ധിച്ച് നിയമസഭയും കോര്‍പ്പറേഷനുമായുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. 19 കോടി രൂപ ആവശ്യപ്പെട്ട കോര്‍പ്പറേഷന്‍ ഒടുവില്‍ ഒരുകോടി എഴുപത്തിരണ്ടായിരം രൂപയ്ക്ക് പ്രശ്‌നം തീര്‍ത്തു. നിയമസഭാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടിയ നിയമവശം അംഗീകരിച്ചുകൊണ്ടാണ് കോര്‍പ്പറേഷന്‍ വഴങ്ങിയത്.
നിയമസഭാ മന്ദിരത്തിന്റെ ഇതുവരെയുള്ള നികുതി കുടിശ്ശികയായി 19.88 കോടിരൂപയ്ക്കാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. മേയര്‍ കെ.ചന്ദ്രിക സ്പീക്കര്‍ ജി.കാര്‍ത്തികേയന് നേരിട്ടെത്തി നിവേദനവും നല്‍കി. രണ്ടുതവണയാണ് മേയര്‍ ഈ ആവശ്യമുന്നയിച്ച് സഭയിലെത്തിയത്. ഈ നടപടി വിവാദമായി. 50 ലക്ഷം രൂപ അടച്ച നിയമസഭാ സെക്രട്ടേറിയറ്റ് കോര്‍പ്പറേഷന്റെ നികുതി നിര്‍ണയത്തെ ചോദ്യംചെയ്തു. ഇതിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ആദ്യം ഇത് 13.85 കോടിയായും പിന്നീട് നാലുകോടിയായും കുറച്ചു.
എന്നാല്‍ നാലുവര്‍ഷത്തിനുമുമ്പുള്ള നികുതി കുടിശ്ശിക ഈടാക്കാന്‍ മുനിസിപ്പാലിറ്റി നിയമം അനുവദിക്കുന്നില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വാദിച്ചു. കോര്‍പ്പറേഷന്‍ കണക്കാക്കിയ പ്രതിവര്‍ഷ നികുതി അനുസരിച്ച് നാലുവര്‍ഷത്തേക്ക് ഒരുകോടി എഴുപത്തിരണ്ടായിരം രൂപയേ നല്‍കാനുള്ളൂവെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
നിയമസഭയുടെ വാദം കോര്‍പ്പറേഷന്‍ അംഗീകരിച്ചു. നേരത്തേ നല്‍കിയ 50 ലക്ഷത്തിനുപുറമെ 50.72 ലക്ഷം കൂടി അടുത്തിടെ നിയമസഭ അടച്ചു. ഇതോടെ കുടിശ്ശിക തീര്‍ന്നതായി കോര്‍പ്പറേഷന്‍ അറിയിച്ചു.
കോര്‍പ്പറേഷന്‍ സ്വന്തം കെട്ടിടത്തിന് നികുതി നിര്‍ണയിച്ചിട്ടുണ്ടോയെന്ന് നിയമസഭ സെക്രട്ടേറിയറ്റ് ഇതിനിടെ ആരാഞ്ഞിരുന്നു. ഇതുവരെ നികുതി നിര്‍ണയിച്ചിട്ടില്ലെന്നാണ് കിട്ടിയ മറുപടി. സെക്രട്ടേറിയറ്റിനും വികാസ്ഭവനുമൊക്കെ കോര്‍പ്പറേഷന്‍ നികുതി നിര്‍ണയിച്ചിട്ടുണ്ട്. എന്നാല്‍ കോര്‍പ്പറേഷന്‍ ഓഫീസിനുമാത്രം നികുതി നിര്‍ണയിച്ചിട്ടില്ലെന്നാണ് കോര്‍പ്പറേഷന്‍ നിയമസഭയ്ക്ക് നല്‍കിയ മറുപടി.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam