കോടതിവളപ്പില്‍ കഞ്ചാവ് പിടികൂടി; റിമാന്‍ഡ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Posted on: 09 Jun 2012
തിരുവനന്തപുരം: കോടതി വളപ്പില്‍ റിമാന്‍ഡ് പ്രതിക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ച സുഹൃത്തിനെ പോലീസ് കൈയോടെ പിടികൂടിയതില്‍ പ്രതിഷേധിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ പതിനൊന്നരയോടെയാണ് കോടതിവളപ്പില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത ആക്രമണ കേസില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാരിയെന്ന റിമാന്‍ഡ് പ്രതിയെ കോടതിയില്‍ നിന്ന് പുറത്ത്‌കൊണ്ടുവരവെയാണ് നാടകീയരംഗങ്ങളുണ്ടായത്. സുഹൃത്തായ മണക്കാട് പുത്തന്‍കോട്ട സ്വദേശി സുനാമി സതി എന്ന സതീഷ്‌കുമാറാണ് ഇയാള്‍ക്ക് കഞ്ചാവുപൊതി കൈമാറാന്‍ ശ്രമിച്ചത്. സുഹൃത്തിനെ പോലീസ് കൈയോടെ പിടികൂടിയതില്‍ പ്രതിഷേധിച്ച ഇയാള്‍ കോടതി സമുച്ചയത്തിന് പുറത്ത് എത്തിയതോടെ കൈയില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച് ഇടത് കൈത്തണ്ടില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് രക്തം വാര്‍ന്ന് ഒഴുകുന്ന കൈയുമായി പ്രതി തറയില്‍ കിടന്നു. അരമണിക്കുറോളം തറയില്‍ കിടന്ന ഇയാളെ ആസ്പത്രിയില്‍ കൊണ്ടുപോകാത്തത് അഭിഭാഷകര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് എസ്‌കോര്‍ട്ട് പോലീസ് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.വിവരമറിഞ്ഞ് എത്തിയ വഞ്ചിയൂര്‍ പോലീസ് ഇയാളെ ജനറല്‍ ആസ്പത്രിയില്എത്തിച്ചു. അതേസമയം കഞ്ചാവുപൊതിയുമായി കൈയോടെ പിടിക്കപ്പെട്ട സുനാമി സതിക്കെതിരെ മയക്കുമരുന്ന് നിയമപ്രകാരം കേസെടുത്തു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam