
തിരുവനന്തപുരം: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടി.പി.വധക്കേസ് അന്വേഷണ സംഘത്തലവനും ക്രൈംബ്രാഞ്ച് മേധാവിയുമായ എ.ഡി.ജി.പി വിന്‍സണ്‍ എം.പോള്‍ 27 ദിവസത്തെ അവധിക്ക് ആഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കി. സര്‍ക്കാര്‍ അവധി പരിഗണിച്ചേക്കുമെന്നറിയുന്നു. അപേക്ഷ ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ്.
ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിന് മൂന്നു മാസം മുമ്പുതന്നെ വിന്‍സണ്‍ പോള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. കുടുംബപരമായ ആവശ്യം കാരണം അമേരിക്കയില്‍ പോകാന്‍ ജൂണ്‍ രണ്ടാംവാരം മുതല്‍ അനുമതിയും അവധിയും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിന്‍സണ്‍ പോള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. അദ്ദേഹത്തിന്റെ അപേക്ഷയിന്‍മേല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. എന്നാല്‍ അപേക്ഷ പരിഗണിക്കാനാണ് സാധ്യത.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിനെ ദോഷകരമായി ബാധിക്കുന്ന ഒന്നും സര്‍ക്കാര്‍ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ''കേസിനെ ബാധിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളില്ല. കേസ് ഉണ്ടാകുന്നതിനു മുമ്പ് വിന്‍സണ്‍ പോള്‍ അവധി അപേക്ഷ സര്‍ക്കാരിന് നല്‍കിയതാണ്. അതിന് തത്വത്തില്‍ അംഗീകാരവും നല്‍കിയിട്ടുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് നോക്കും'' - ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എ.ഡി.ജി.പിയുടെ അവധി അപേക്ഷ പരിഗണിച്ചാല്‍ അന്വേഷണ സംഘത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന്, ഈ ടീം തന്നെയാകും കേസന്വേഷിക്കുക എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിന്‍സണ്‍ പോള്‍ സമര്‍പ്പിച്ച അവധി അപേക്ഷ, ഡി.ജി.പി ജേക്കബ് പുന്നൂസ് ചീഫ് സെക്രട്ടറി കെ.ജയകുമാറിന്‌കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ സൂത്രധാരന്‍ ടി.കെ.രജീഷ് പിടിയിലായതോടെ കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘത്തലവന്‍ അവധിയില്‍ പ്രവേശിച്ചാല്‍ ആരോപണങ്ങള്‍ നേരിടേണ്ടിവരുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. എന്നാല്‍ സാങ്കേതികമായി അദ്ദേഹത്തിന് അവധി നിഷേധിക്കാനും കഴിയില്ല. ശനിയാഴ്ച ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു.