മുഖംമൂടി അണിയിച്ചത് തിരിച്ചറിയല്‍ പരേഡിനുവേണ്ടി

Posted on: 09 Jun 2012



വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ. രജീഷിനെ കോടതിയില്‍ ഹാജരാക്കിയത് മുഖംമൂടി അണിയിച്ചശേഷം.

തിരിച്ചറിയല്‍ പരേഡ് ആവശ്യമായതുകൊണ്ടാണ് മുഖംമറച്ചത്. വടകര ഗവ. ജില്ലാ ആസ്​പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴും കറുത്ത മുഖംമൂടി ഉണ്ടായിരുന്നു.

ചന്ദ്രശേഖരനെ വെട്ടുമ്പോള്‍ ടി.കെ. രജീഷ് ഇന്നോവാ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അക്രമികളെ വള്ളിക്കോട് ടൗണിലുണ്ടായിരുന്ന ചിലര്‍ കാണുകയുംചെയ്തു. ഇവര്‍ കണ്ടത് രജീഷിനെയാണോ എന്നത് തിരിച്ചറിയല്‍ പരേഡിലൂടെയേ സ്ഥിരീകരിക്കാനാകൂ.

കൃത്യത്തിനുശേഷം സംഘം മടങ്ങവേ അഴിയൂര്‍ സ്വദേശി ദിപിന്‍ ഓര്‍ക്കാട്ടേരിയില്‍ നിന്ന് കാറില്‍ കയറിയിരുന്നു. ദിപിനായിരുന്നു ടി.പി. ചന്ദ്രശേഖരന്റെ നീക്കങ്ങള്‍ കൊലയാളിസംഘത്തെ അറിയിച്ചത്. കാറില്‍ ടി.കെ. എന്നൊരാള്‍ ഉണ്ടായിരുന്നതായി ദിപിന്‍ ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്കിയിട്ടുണ്ട്. ഇത് ടി.കെ. രജീഷ് തന്നെയാണോ എന്ന് വ്യക്തമാകാന്‍ തിരിച്ചറിയല്‍ പരേഡ് വേണം.

കോടതിമുറിയല്‍ പോലീസുകാര്‍ രജീഷിന്റെ മുഖംമൂടി അഴിക്കുന്നത് ആകാംക്ഷയോടെ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും നോക്കി നിന്നു. മുഖംമൂടിയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച രജീഷ് ഏറെക്കുറെ നിസ്സംഗനായിരുന്നു. നേരിയ പതര്‍ച്ച മുഖത്ത് ദൃശ്യമായിരുന്നു. കൂട്ടില്‍ കയറി നിന്ന ശേഷം പരാതി എന്തെങ്കിലുമുണ്ടോ എന്ന് മജിസ്‌ട്രേട്ട് ചോദിച്ചു. 'ഇല്ല' എന്ന് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞ് തലയിളക്കി. മിനുറ്റുകള്‍ക്കകം റിമാന്‍ഡ് ചെയ്യുന്നതായി കോടതി അറിയിച്ചു. ഉടന്‍തന്നെ രജീഷിനെ പുറത്തിറക്കി മുഖംമൂടി അണിയിച്ചു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/