സി.പി.എം. കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന്

Posted on: 09 Jun 2012



വി.എസ്സും പിണറായിയും വെവ്വേറെ കാരാട്ടിനെ കണ്ടു
നടപടി ഉണ്ടായാല്‍ അപ്പോള്‍ കാണാമെന്ന് വി.എസ്.


ന്യൂഡല്‍ഹി: നിര്‍ണായകമായ കേന്ദ്രക്കമ്മിറ്റിയോഗം ശനിയാഴ്ച നടക്കാനിരിക്കേ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വെവ്വേറെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ടു.

രാവിലെ പത്തരയോടെ ഡല്‍ഹിയിലെത്തിയ വി.എസ്. ഉച്ചയോടെയാണ് എ.കെ.ജി. ഭവനിലെത്തിയത്. കാരാട്ടുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

കൊലപാതകരാഷ്ട്രീയത്തിനെതിരായി താനെടുത്ത നിലപാട് കണിശമായും തുടരുമെന്നാണ് മാധ്യമപ്രവര്‍ത്തകരുന്നയിച്ച ചോദ്യത്തിനു മറുപടിയായി വി.എസ്. പ്രതികരിച്ചത്. വി.എസ്സിനൊപ്പമുള്ളവര്‍ക്കെതിരെ നടപടിയുണ്ടായാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് 'നടപടിയുണ്ടാകട്ടെ, അപ്പോള്‍ കാണാം ' എന്നായിരുന്നു പ്രതികരണം.

വൈകിട്ട് നാലരയോടെയാണ് പിണറായി വിജയന്‍ കാരാട്ടിനെ കണ്ടത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

സംസ്ഥാനരാഷ്ട്രീയത്തില്‍ വീണ്ടും തലപൊക്കിയ വി.എസ്.-പിണറായി പോര് കേന്ദ്രക്കമ്മിറ്റിയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നത് ഉറപ്പായി. രണ്ടുനേതാക്കളെയും മുഖാമുഖം കണ്ട് കേന്ദ്രനേതൃത്വം ഇത് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടതായാണ് സൂചന. ഏതായാലും വി.എസ്സിനെതിരെ കടുത്ത നടപടിക്ക് കേന്ദ്രനേതൃത്വം തയ്യാറാവുകയില്ല എന്നാണ് സൂചന. വി.എസ്സിനെ കൂടുതല്‍ വീരപുരുഷനായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതിനോട് കേന്ദ്രനേതൃത്വത്തിന് യോജിപ്പില്ല. പാര്‍ട്ടി സംസ്ഥാനഘടകത്തെ വി.എസ്. വിഷമവൃത്തത്തിലാക്കിയതും നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ദിവസംടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്തതുമൊക്കെ നടപടി അനിവാര്യമാക്കുന്നതാണ്. വി.എസ്സിന് ശാസന ലഭിക്കാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വി.എസ്സാകട്ടെ പാര്‍ട്ടിയുടെ ഒട്ടേറെ ശാസനകള്‍ ഇതിനകം ഏറ്റുവാങ്ങിയിട്ടുണ്ട്.

പാര്‍ട്ടി കേന്ദ്രനേതൃത്വം എടുക്കുന്ന തീരുമാനം ഏതായാലും അത് കേന്ദ്രക്കമ്മിറ്റി ശരിവെക്കാനാണ് സാധ്യത. ബംഗാള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് വി.എസ്.-പിണറായി പോരില്‍ വലിയ താത്പര്യമൊന്നുമില്ല. അവര്‍ക്ക് പ്രശ്‌നങ്ങള്‍ വേറെയുണ്ട്. മുന്‍ എം.പി. അനില്‍ ബസുവിനെ സംസ്ഥാനക്കമ്മിറ്റിയംഗത്വത്തില്‍ നിന്ന് അഴിമതിയുടെ പേരില്‍ പുറത്താക്കിയ നടപടി കേന്ദ്രക്കമ്മിറ്റി അംഗീകരിക്കേണ്ടതുണ്ട്.

എന്നാല്‍ കൊലപാതകരാഷ്ട്രീയത്തെ പാര്‍ട്ടി അനുകൂലിക്കുന്നു എന്ന മട്ടില്‍ വരുന്ന വിമര്‍ശനങ്ങള്‍ ബംഗാള്‍ നേതാക്കളിലും അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്.

പാര്‍ട്ടികോണ്‍ഗ്രസിനുശേഷം നടക്കുന്ന ആദ്യത്തെ കേന്ദ്രക്കമ്മിറ്റി ആയതിനാല്‍ കേന്ദ്രസെക്രട്ടേറിയറ്റിന്റെ രൂപവത്കരണം, സംസ്ഥാനങ്ങളുടെ ചുമതലകള്‍ ഏല്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. നിലവിലുള്ള കേന്ദ്രസെക്രട്ടേറിയറ്റില്‍ നിന്ന് പിന്മാറാന്‍ എ. വിജയരാഘവന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നീലോത്പല്‍ ബസു, ഹനന്‍ മൊള്ള, ശ്രീനിവാസ് റാവു ജ്യോതിന്ദ്ര ശര്‍മ , ഹരിസിങ് കാങ് തുടങ്ങിയവരാണ് ഇപ്പോള്‍ കേന്ദ്ര സെക്രട്ടേറിയറ്റിലുള്ളത്.

പതിനഞ്ചംഗ പി.ബിയില്‍ കേരളത്തില്‍ നിന്ന് എം.എ. ബേബിയും ബംഗാളില്‍ നിന്ന് സൂര്യകാന്തമിശ്രയും ആണ് പുതുതായുള്ളത്. കേന്ദ്രക്കമ്മിറ്റിയില്‍ 13 പുതിയ അംഗങ്ങളുണ്ട്.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/