ന്യൂഡല്‍ഹി: രണ്ടുമാസത്തിനകം പണപ്പെരുപ്പം നിയന്ത്രിക്കാനാവുമെന്ന് പ്രണബ് മുഖര്‍ജി ബുധനാഴ്ച വ്യക്തമാക്കി. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പവും ഭക്ഷ്യ പണപ്പെരുപ്പവും തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ഈ പ്രസ്താവം.
''പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കു വൈകാതെ ഫലമുണ്ടാകും. റാബി വിളകള്‍ ഏപ്രിലില്‍ വിപണിയിലെത്തുന്നതോടെ ഭക്ഷ്യോത്പന്നങ്ങള്‍ക്കു വില കുറയും''- ഡല്‍ഹിയില്‍ കൈമാറ്റച്ചെലവ് സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറില്‍ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രണബ് സര്‍ക്കാറിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കി. ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഗൗരവമേറിയ പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു.
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനവരിയില്‍ 8.56 ശതമാനമായി വര്‍ധിച്ചിരുന്നു. ഡിസംബറില്‍ ഇത് 7.31 ശതമാനവും ഒരു വര്‍ഷം മുമ്പ് 4.95 ശതമാനവുമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഇത്രയും കൂടാന്‍ കാരണം. വ്യവസായ ഉത്പന്നങ്ങള്‍ക്ക് 6.6 ശതമാനമാണ് വിലകൂടിയത്. രാസവസ്തുക്കള്‍ക്ക് എട്ടു ശതമാനവും കോട്ടന്‍ വസ്ത്രങ്ങള്‍ക്ക് 11 ശതമാനവും വില കൂടി. ജനവരി 30ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യ പണപ്പെരുപ്പം 17.96 ശതമാനമെന്ന ആശങ്കപ്പെടുത്തുന്ന നിരക്കിലാണ്. പഞ്ചസാരയുടെ വിലയില്‍ 59 ശതമാനമാണ് വര്‍ധന. സംസ്‌കരിച്ചഭക്ഷ്യവസ്തുക്കള്‍ക്ക് 25 ശതമാനത്തോളം വില കൂടിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നതാണ് കാഴ്ച. നല്ല റാബി വിളവെടുപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് പണപ്പെരുപ്പം കുറയുമെന്ന പ്രവചനത്തിന് ആധാരം. വിപണിയിലേക്കുള്ള പണമൊഴുക്ക് തടഞ്ഞ്പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ഈയിടെ കരുതല്‍ ധനശേഖരം അഞ്ചുശതമാനത്തില്‍നിന്ന് 5.75 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. 36,000 കോടി രൂപ ഇതുവഴി പിടിച്ചുനിര്‍ത്താനാകും. സാമ്പത്തിക ഉത്തേജന പാക്കേജിലെ ചില ആനുകൂല്യങ്ങള്‍ ബജറ്റില്‍ പിന്‍വലിക്കാനും നീക്കമുണ്ട്. ഇവയെല്ലാം ചേരുംപടി ചേരുമ്പോള്‍ പണപ്പെരുപ്പം കുറയുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്.
നടപ്പുവര്‍ഷം സമ്പദ്‌വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രണബ് പറഞ്ഞു. വ്യവസായ ഉത്പാദനത്തിന്റെ ചുവടുപിടിച്ച് 2010-11ല്‍ വളര്‍ച്ച എട്ടര ശതമാനമായി വര്‍ധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.